-crime

മുംബയ്: ഇരുപതുകാരനായ മകൻ മാതാപിതാക്കളെ ചുറ്റ‌ികയ്ക്ക് അടിക്കുകയും കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ പൽഗഹാർ ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. മകന്റെ ആക്രമണത്തിൽ പരിക്കേറ്റ മാതാപിതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇരുപതുകാരനായ ജംനേഷ് ഒരു ചെറുകിട വ്യാപാരിയാണ്. കഴിഞ്ഞ ദിവസം രാത്രി പണത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് ജംനേഷ് പവാർ മാതാപിതാക്കളെ ആക്രമിച്ചത്. രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന മാതാപിതാക്കളുടെ മുറിയിലേക്ക് എത്തിയ ഇയാൾ ചുറ്റ‌ിക കൊണ്ട് ആദ്യം പിതാവിനെ അടിക്കുകയായിരുന്നു. ശബ്ദം കേട്ട് ഉണർന്ന അമ്മ ജംനേഷിനെ തടയാൻ ശ്രമിച്ചങ്കിലും ഇയാൾ അമ്മയേയും ചുറ്റ‌ിക കൊണ്ട് ആക്രമിക്കുകയായിരുന്നു. എന്നിട്ടും മതിയാകാതെ ഇയാൾ രണ്ടുപേരെയും കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തെന്ന് പൊലീസ് വ്യക്തമാക്കി.

കെട്ടിടത്തിലെ സിസിടിവിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളിൽ നിന്നാണ് ഇയാൾ സ്ഥലം വിട്ടുപോയെന്ന വിവരം പൊലീസിന് ലഭിച്ചത്. വധശ്രമത്തിന്റെ പേരിൽ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. നിലവിൽ ഒളിവിലായ ജംനേഷിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.