congress-wins-in-rajastha

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലാകുമെന്ന് കരുതുന്ന ഹരിയാനയിലെ ജിന്ദ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ബി.ജെ.പി സ്ഥാനാർത്ഥി വിജയിച്ചു. 49229 വോട്ടുകൾ നേടി ബി.ജെ.പി സ്ഥാനാർത്ഥി കൃഷ്‌ണൻ മിധ തിരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ സുർജേവാല മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് കോൺഗ്രസിന് വൻ തിരിച്ചടിയാണ്. ശക്തമായ ത്രികോണ മത്സരം നടന്ന ഇവിടെ ജെ.ജെ.പി സ്ഥാനാർത്ഥി 37681 വോട്ടുകൾ നേടി. എന്നാൽ സുർജേവാലയ്‌ക്ക് വോട്ടുകൾ 19611 നേടാനേ കഴിഞ്ഞുള്ളൂ.

അതേസമയം, രാജസ്ഥാനിലെ രാംഘട്ടിൽ കോൺഗ്രസിനെതിരെ ബി.ജെ.പി സ്ഥാനാർത്ഥിക്ക് ദയനീയ തോൽവി. ഏതാണ്ട് 12,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി ഷാഫിയ സുബൈർ വിജയിച്ചത്. ഇവർക്ക് 83311 വോട്ടുകൾ ലഭിച്ചപ്പോൾ ബി.ജെ.പി സ്ഥാനാർത്ഥി സുഷ്‌വാന്ത് സിംഗിന് 71,083 വോട്ടുകളാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്ത് ബി.ജെ.പിയുടെ കക്ഷിനിലയിലും കുറവുണ്ടായി. മാത്രവുമല്ല കേവല ഭൂരിപക്ഷം ലഭിച്ച കോൺഗ്രസിന് ഇനി മറ്റ് ഘടകക്ഷികളുടെ സഹായമില്ലാതെ ഭരണം തുടരാനും കഴിയും.