babaramdev

പ്രയാഗ്‌രാജ്: കുംഭമേള നടക്കുന്നതിനിടയിൽ പുകവലി ഉപേക്ഷിക്കാനുള്ള ആഹ്വാനവുമായി ബാബ രാംദേവ്. കുംഭമേളയിൽ പങ്കെടുക്കാനെത്തിയ സന്യാസിമാരോടാണ് പുകവലി നിർത്തണമെന്ന ആവശ്യവുമായി അദ്ദേഹം സമീപിച്ചത്. തുടർന്ന് സന്യാസിമാരെകൊണ്ട് പുകവലിക്കില്ലെന്ന പ്രതിജ്ഞയും ചെയ്യിപ്പിച്ചു അദ്ദേഹം.

'നമ്മൾ ആരാധിക്കുന്ന രാമനോ കൃഷ്ണനോ പുകവലിക്കാറില്ല പിന്നെന്തിന് നാം അത് ചെയ്യണം?​ സന്യാസത്തിനായി നാടും വീടും ബന്ധങ്ങളും എല്ലാം ഉപേക്ഷിച്ചവരാണ് നമ്മൾ,​ അതുകൊണ്ട് പുകവലി കൂടി ഉപേക്ഷിക്കാൻ നമ്മൾ തയ്യാറാവണം എന്നാണ് രാംദേവ് പറയുന്നത്.

മേളയ്ക്കെത്തിയ നിരവധി ഋഷിമാരുടെ കൈയ്യിൽ നിന്ന് പുകവലിക്കാനുപയോഗിക്കുന്ന ചിലം പിടിച്ച് വാങ്ങുകയും ഇനി മേലിൽ പുകവലിക്കില്ലെന്ന് അവരെ കൊണ്ട് പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തു. സന്യാസിമാരുടെ കൈയ്യിൽ നിന്ന് ശേഖരിച്ച പുകവലി ഉപകരണങ്ങൾ താൻ നിർമ്മിക്കുന്ന മ്യൂസിയത്തിൽ സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുകവലിയും പുകയില ഉല്പന്നങ്ങളും ഉപേക്ഷിക്കാൻ താൻ യുവാക്കളെ നിരന്തരം പ്രേരിപ്പിക്കാറുണ്ട്. എന്ത് കൊണ്ട് മഹാത്മാക്കളായ സന്യാസിമാർക്ക് അതിന് സാദ്ധ്യമാകുന്നില്ലെന്നും രാംദേവ് ചോദിച്ചു. എല്ലാ സന്യാസിമാരും പുകവലി ഉപേക്ഷിക്കണമെന്നാണ് രാംദേവിന്റെ ആവശ്യം.