തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തിൽ ഹിന്ദുമഹാസഭ ഗാന്ധിവധം പുനരാവിഷ്‌കരിക്കുകയും ഗോഡ്സെയെ മാലയിട്ട് വന്ദിക്കുകയും ചെയ്ത സംഭവം ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡേയാണ് ഗാന്ധിവധം പുനരാവിഷ്‌കരിച്ചത്. ഗാന്ധിയുടെ പ്രതിരൂപത്തിലേക്ക് കളിത്തോക്കുപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു അവർ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. സംഭവത്തെ തുടർന്ന് സമൂഹത്തിന്റെ വിവിധ കോണുകളിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി എഴുത്തുകാരിയായ കെ.ആർ. മീര രംഗത്തെത്തിയിരിക്കുന്നു.
ദൈവമേ, എനിക്കു പേടിയാകുന്നു. രാഷ്ട്രപിതാവിന്റെ എഴുപത്തിയൊന്നാം ചരമദിനത്തിൽ അദ്ദേഹത്തിന്റെ പ്രതിരൂപത്തിലേക്ക് ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി നിറയൊഴിക്കുന്നു. നിലത്തേക്ക് ചോരച്ചാൽ ഒഴുകിപ്പരക്കുന്നു. എന്റെ രാഷ്ട്രത്തിന്റെ പിതാവ്, ലോകത്തിന്റെ മുഴുവൻ മഹാത്മാവ്, ഇത് ഉത്തർപ്രദേശിൽ പുതിയ ആചാരമാണത്രേ. എനിക്കു പേടിയാകുന്നു- കെ.ആർ. മീര കുറിച്ചു.
മഹാത്മാവിനെ വെടിവച്ച് ആനന്ദിച്ച പൂജാ ശകുൻ പാണ്ഡെയെപ്പോലെ, കെ. പി. ശശികലയുടെയും ശോഭാ സരേന്ദ്രന്റെയും നേതൃത്വത്തിൽ നമ്മുടെ കുലസ്ത്രീകളും നാമജപവുമായി നിരത്തിലിറങ്ങി ഈ ആചാരം സംരക്ഷിക്കുമായിരിക്കും.
ടി. പി. സെൻകുമാർ സ്വാഗതപ്രസംഗം നടത്തുമായിരിക്കും. മാതാ അമൃതാനന്ദമയിയും ചിദാനന്ദപുരിയും പ്രഭാഷണങ്ങളാൽ അനുഗ്രഹം ചൊരിയുമായിരിക്കുമെന്നും കെ.ആർ. മീര ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം