കല്യാണ സദ്യകഴിച്ചിറങ്ങി ഉപ്പില്ല,എരിവില്ല എന്നൊക്കെ കുറ്റം പറയുന്ന പ്രകാശൻമാരായി ചിലപ്പോഴെങ്കിലും നാമൊക്കെ മാറിയിട്ടുണ്ടാവാം, എന്നാൽ അഡാറ് സദ്യ കഴിച്ചിട്ട് നല്ല വാക്ക് പറയാൻ കാറ്ററിംഗ് സർവ്വീസിന്റെ ഉടമയെ നേരിട്ട് കണ്ട പെൺകുട്ടിയുടെ കഥയാണ് ഇവിടെ പറയുന്നത്. ഹിമ മണികണ്ഠനാണ് സുഹൃത്തിന്റെ കല്യാണ സദ്യ കഴിച്ച് അതിന്റെ പിന്നിലെ കരങ്ങളെ തേടി ഇറങ്ങിയത്. വയറും മനസും നിറയ്ക്കുന്ന ആ യാത്രയിലെ വിശേഷങ്ങൾ ഹിമ ഫേസ്ബുക്കിൽ പങ്ക് വയ്ക്കുകയായിരുന്നു. നമുക്ക് വായിക്കാം...
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നമ്മൾ ജീവിതത്തിൽ ചില ആളുകളെ കണ്ടുമുട്ടാറുണ്ട് ,അവരുടെ വ്യക്തിത്വമോ ഇച്ഛാശക്തിയോ നിലപാടുകളോ ഒക്കെ നമ്മളെ സ്വാധീനിക്കും .അതിൽ നിന്നും നമുക്ക് മുന്നോട്ടു പോകാനുള്ള ഊർജവും കിട്ടും .അങ്ങനെ എന്നെ സ്വാധീനിച്ച ഒരു വ്യക്തിയാണ് ഇദ്ദേഹം .അദ്ദേഹത്തെ പരിചയപ്പെട്ട് ആ ജീവിതത്തിനെ കുറിച്ച് അറിഞ്ഞപ്പോ അവിടെത്തെ കിണറ്റിലെങ്ങാനും ചാടി അങ്ങ് ചാത്താലോ എന്ന് തോന്നിപ്പോയി. കാരണം പുള്ളിടെ നിശ്ചയധാർട്യത്തിനു മുന്നിൽ നമ്മളൊന്നും ഒന്നും അല്ലെന്നു മനസിലായി .എന്തിനും ഏതിനും പരാതി പറയുന്ന നമുക്ക് ചുറ്റുമുള്ള കുറെ എണ്ണത്തിനെ പൊക്കി എടുത്തു കിണറ്റിൽ എറിയാനും തോന്നി .
കുറച്ചു ദിവസം മുൻപ് ഒരു സുഹൃത്തിന്റെ കല്യാണത്തിന് പോയപ്പോ ,കഴിച്ച സദ്യ നന്നേ ബോധിച്ചു .പായസത്തിനൊക്കെ വ്യത്യസ്തമായ ടേസ്റ്റ് .നല്ലതു കണ്ടാൽ കൊള്ളാമെന്ന് ആളിനെ നേരിട്ട് കണ്ട് പറയും അങ്ങനെയൊരു വൃത്തികെട്ട ശീലമുള്ളോണ്ട് ,അതിന്റെ പിന്നിലെ ആളെ പരിചയപ്പെടാൻ നോക്കി അന്ന് നടന്നില്ല .പിന്നീടാണ് അദ്ദേഹത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയുന്നതും ഉറപ്പായും കാണേണ്ട ആളാണെന്നു തോന്നിയതും .ഇലയിൽ നിന്ന് കിട്ടിയ വിസിറ്റിംഗ് കാർഡിൽ നിന്ന് നമ്പർ എടുത്തു വിളിച്ചു കാണാൻ അനുവാദം ചോദിച്ചു .അദ്ദേഹം വീൽചെയറിൽ ആയതു കൊണ്ട് ,മുരുക്കുംപുഴയിലുള്ള വീട്ടിൽ ഭർത്താവിനെയും കൂട്ടി ഒരു ദിവസം പോയി .
താരം നമ്മുടെ പ്രശാന്തേട്ടനാണ് ,ഒരു അഡാറ് കക്ഷി .പന്ത്രണ്ടു വർഷം മുൻപുണ്ടായ ഒരു ആക്സിഡന്റ് ,സ്‌പൈനൽ കോഡ് ഇഞ്ചുറിയിൽ വീൽ ചെയറിൽ ആണ് ,നെഞ്ചും വിരിച്ചു പുഞ്ചിരിച്ച് കൊണ്ടിരിപ്പുണ്ട് കൂടെ അദ്ദേഹത്തിന്റെ പ്രിയതമ ,ദീപ്തി ചേച്ചി ,ഈ കഴിഞ്ഞ ആറുവർഷമായി അദ്ദേഹത്തിന് താങ്ങും തണലുമായി നിൽപ്പുണ്ട് .അവരുടേത് ഒരു ലവ് മാര്യേജ് ആണെന്നറിഞ്ഞപ്പോ ,കൂടുതൽ ബഹുമാനം തോന്നി . കല്യാണങ്ങൾക്കു തേപ്പുപെട്ടി സമ്മാനമായി കൊടുക്കുന്ന കാലത്താണല്ലോ നമ്മുടെ ഒക്കെ ഒരു ജീവിതം. അത് പോട്ടെ ഒൻപതു വർഷമായി കാറ്ററിങ് ചെയ്യാൻ തുടങ്ങീട്ടു ,ബ്രാഹ്മിൻസ് സദ്യ ,നോൺവെജ് ,ചൈനീസ് ,കോണ്ടിനെന്റൽ എല്ലാം ചെയ്യും.
പായസത്തിന്റെ കാര്യം ഞാൻ പ്രത്യേകം ചോദിച്ചു. കണ്ടൻസ്ഡ് മിൽക്ക് ഒഴിവാക്കിയാണ് പാൽപായസം ഉണ്ടാക്കുന്നത് ,അടപ്പായസത്തിനു തേങ്ങാപാൽ തന്നെയാണ് ഉപയോഗിക്കുന്നത് .അതാണ് കാര്യം !!!
അതായത് രമണ ,ഈ ലോകം അത്ര നന്നല്ല എന്നൊക്കെ തോന്നുമ്പോൾ ,ഇവരെപ്പോലെ ഉള്ളവരെ പോയ് കാണണം .ഞാൻ ഒരു ഫോട്ടോ ചോദിച്ചിട്ടുണ്ട്(ചില്ലിട്ടു വയ്ക്കാൻ ) ,ആത്മാർത്ഥത ,ഇച്ഛാശക്തി ,കഠിനാദ്വാനം എന്നീ പറയുന്ന സാധനങ്ങൾ ഇപ്പൊ ഈ ലോകത്തു ഇല്ലാന്ന് പറയുന്നവർക്ക് കാണിച്ചു കൊടുക്കാൻ .
സഹതാപ ലൈനിൽ അങ്ങോട്ട് ചെന്ന് പെട്ടേക്കല്ലേ ,എങ്കിൽ നിങ്ങൾക്ക് നിങ്ങളോടു തന്നെ സഹതാപം തോന്നും .അവിടെന്നു ഇറങ്ങിയപ്പോ ഞാൻ എന്നോട് തന്നെ ചോദിച്ചു 'നന്നായി കൂടെ ??'എന്ന് .
അപ്പൊ എങ്ങനെ ??പ്രശാന്തേട്ടനെയും 'അമ്മ കാറ്ററിംഗ് നെയും നമ്മളങ്ങു എടുക്കെല്ലേ ????