edappal-clash

മലപ്പുറം: ശബരിമലയിലെ യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താലിനിടെ എടപ്പാൾ ടൗണിൽ നടന്ന സംഘർഷത്തിൽ ഉപേക്ഷിച്ച ബൈക്കുകൾ എടപ്പാൾ പൊലീസ് സ്‌റ്റേഷനിൽ തുരുമ്പെടുത്ത് നശിക്കുന്നു. ഏറ്റെടുക്കാൻ ആരും എത്താത്തതിനെ തുടർന്നാണ് ഇവിടെ 35 ബൈക്കുകൾ തുരുമ്പെടുത്ത് നശിക്കുന്നത്. ബൈക്കുകൾ സ്‌റ്റേഷൻ പരിസരത്ത് കിടന്ന് നശിക്കുന്നത് പൊലീസിനും തലവേദനയാണ്.

കേസിൽ പ്രതിയാകുമെന്ന് പേടിച്ചാണ് ആരും ബൈക്കുകൾ എടുക്കാൻ സ്‌റ്റേഷനിലേക്ക് എത്താത്തതെന്ന് പൊലീസ് പറയുന്നു. എടപ്പാളിലെ സംഭവവുമായി ബന്ധപ്പെട്ട് ഇതിനോടകം മുപ്പതോളം പേരെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റുള്ളവരെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടുമില്ല. ഒളിവിൽ കഴിയുന്നവരെ കണ്ടെത്താൻ ബൈക്കുകളുടെ ആർ.സി ഉടമകളെ കണ്ടെത്തി കേസെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. അതേസമയം,​ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വാഹനവുമായി എത്തിയ ആൾക്കാരും സമരത്തിൽ പങ്കെടുത്തിരുന്നു. ഇതോടെ യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നത് പൊലീസിന് വെല്ലുവിളിയുമാകും.

എടപ്പാളിലെ സംഘർഷം കണ്ടുനിന്നവരുടെ വാഹനങ്ങളും പൊലീസ് കസ്‌റ്റഡ‌ിയിലെടുത്തതായി ആരോപണമുണ്ട്. ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി വാഹനങ്ങൾ തകരുകയും ചെയ്‌തു. ഇതിനോടൊപ്പം പൊലീസ് തന്നെ ചില വാഹനങ്ങൾ തകർത്തതായും ആരോപണമുണ്ട്. ഇതിനിടയിൽ വാഹനം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ചില രാഷ്ട്രീയ നേതാക്കൾ സ്‌റ്റേഷനുമായി ബന്ധപ്പെട്ടെങ്കിലും കേസിലെ മുഴുവൻ പ്രതികളെയും പിടികൂടാതെ വാഹനങ്ങൾ വിട്ടുനൽകില്ലെന്നാണ് പൊലീസ് നിലപാട്.