crime

കോട്ടയം: ഫേസ്ബുക്ക് മെസഞ്ചർ വഴി ലിങ്ക് അയച്ചുകൊടുത്ത് സമാന്തര അക്കൗണ്ടുണ്ടാക്കുന്ന പുതിയ തട്ടിപ്പുമായി ഹാക്കർമാർ. ജില്ലയിൽ നൂറുകണക്കിന് പെൺകുട്ടികളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളാണ് ഇത്തരത്തിൽ ക്ലോൺ ചെയ്യപ്പെട്ടിരിക്കുന്നത്. നഗരത്തിലെ കോളേജ് വിദ്യാ‌ർത്ഥിനി പരാതിയുമായി സൈബർ സെല്ലിനെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.

സുഹൃത്തിന്റെ ക്ളോൺ ചെയ്യപ്പെട്ട അക്കൗണ്ടിൽ നിന്ന് മെസഞ്ചറിലാണ് ലിങ്ക് ലഭിക്കുക. ലൈക്ക് ചെയ്യണമെന്ന അഭ്യർത്ഥനയും ഒപ്പമുണ്ടാകും. സുഹൃത്തല്ലേ എന്നു കരുതി ക്ലിക്ക് ചെയ്‌താൽ ഉടൻ അക്കൗണ്ടിന്റെ വിശദാംശങ്ങൾ മുഴുവൻ ഹാക്കർക്ക് ലഭിക്കും. അക്കൗണ്ട് ഉടമ ചെയ്യുന്ന എല്ലാ കാര്യങ്ങളും നിരീക്ഷിക്കാനും ഇവരുടെ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനുമാണ് ഈ ക്ലോൺ അക്കൗണ്ട് ഉപയോഗിക്കുന്നത്. ബ്ലാക്ക് മെയിൽ ചെയ്യാനും കഴിയും. പരാതി ശ്രദ്ധയിൽപ്പെട്ടതോടെ സൈബർ സെൽ ക്ലോൺ ചെയ്യപ്പെട്ടു എന്ന സംശയിക്കുന്ന അക്കൗണ്ടുകളിൽ പരിശോധന നടത്തുന്നുണ്ട്.

പിന്നിൽ മലയാളികൾ

ഫേസ്ബുക്ക് അക്കൗണ്ട് ക്ലോണിംഗിനും സ്‌പൂഫിംഗിനും പിന്നിൽ മലയാളികൾ തന്നെയാണെന്നാണ് സൂചന. ക്ലോണിംഗിനു വിധേയമായ അക്കൗണ്ടുകളിൽ ഭൂരിപക്ഷവും മലയാളി പെൺകുട്ടികളുടേതാണ്. ഇവർക്ക് ലഭിക്കുന്ന സന്ദേശങ്ങൾ മലയാളികൾ അയയ്ക്കുന്നതിനു സമാനമായി മംഗ്ലീഷിൽ എഴുതിയതാണ്. ഇതു കൂടാതെ തട്ടിപ്പിനായി ഉപയോഗിച്ചിരിക്കുന്ന ഐപി വിലാസങ്ങൾ പലതും കേരളത്തിനു സമാനമാണെന്ന സൂചനയാണ് ലഭിക്കുന്നത്.

രക്ഷപ്പെടാൻ

ക്ലോൺ തട്ടിപ്പിൽ നിന്ന് രക്ഷപെടാൻ ഉടൻ തന്നെ പാസ്‌വേ‌ർഡ് മാറ്റുക. മറ്റ് ഏതെങ്കിലും സിസ്റ്റത്തിൽ ഫെയ്‌സ് ബുക്ക് ആക്‌ടീവ് ആണെങ്കിൽ ലോഗ് ഔട്ട് ചെയ്യുക.