തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2019ലെ ബഡ്ജറ്റിനെ രൂക്ഷമായി വിമർശിച്ച് തൃത്താല എം.എൽ.എ വി.ടി ബൽറാം രംഗത്ത്. പതിവുപോലെ പ്രഖ്യാപനങ്ങളുടെ പെരുമഴയാണ് ഇത്തവണത്തേയും ബജറ്റിലുള്ളതെന്ന് ബൽറാം പറഞ്ഞു. ഇവയിൽ എത്ര ശതമാനം നടപ്പിലാവുന്നുണ്ടെന്നതാണ് പരിശോധിക്കപ്പെടേണ്ടത്. 2016ലെ ആദ്യ ബഡ്‌ജറ്റിലെ വാഗ്ദാനങ്ങളിൽ മഹാഭൂരിപക്ഷവും പ്രഖ്യാപന രൂപത്തിൽത്തന്നെ ഇപ്പോഴും നിൽക്കുകയാണെന്നും ബൽറാം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാമിന്റെ പ്രതികരണം.
ഓഖി ദുരിതബാധിതർക്കായി കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 2000 കോടിയുടെ പദ്ധതികൾ ഒന്നും തന്നെ നടപ്പായിട്ടില്ല. ഈ വർഷം 1000 കോടി രൂപയായി അത് 'വിപുലീകരിച്ചു'' എന്നാണ് ധനമന്ത്രിയുടെ അവകാശവാദം. എ.കെ.ജി സ്മാരക നിർമ്മാണത്തിന്റെ കാര്യത്തിൽ കാണിക്കുന്ന താത്പര്യത്തിന്റെ നൂറിലൊന്നെങ്കിലും മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ കാണിച്ചിരുന്നെങ്കിൽ എത്ര ഭേദമായേനെയെന്ന് ബൽറാം ചോദിച്ചു.
ഈ ബഡ്ജറ്റിന്റെ അടിത്തറ തന്നെ ജി.എസ്.ടിയിൽ നിന്നുള്ള വരുമാനം 30 ശതമാനമായി വർദ്ധിക്കുമെന്ന പ്രതീക്ഷയാണ്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 12 ശതമാനത്തിലേറെ നികുതി വരുമാനം വർദ്ധിച്ചിരുന്നത് 25 ശതമാനമാക്കി വർദ്ധിപ്പിക്കുമെന്നായിരുന്നു ധവളപത്രത്തിലെ അവകാശവാദം. എന്നാൽ ഇക്കഴിഞ്ഞ മൂന്ന് വർഷത്തെ അനുഭവത്തിൽ അത് 10 ശതമാനമായി കുറയുകയാണെന്നാണ് ധനമന്ത്രിക്ക് തന്നെ സമ്മതിക്കേണ്ടി വരുന്നത്. ഇവിടെ നിന്നാണ് 30 ശതമാനത്തിലേക്കുള്ള കുതിച്ചു ചാട്ടം ധനമന്ത്രി സ്വപ്നം കാണുന്നത്. ഇത് എത്രത്തോളം പ്രായോഗികമാവുമെന്ന് കണ്ട് തന്നെ അറിയണം.
ചുരുക്കത്തിൽ റവന്യൂ കമ്മി 2.21 ൽ നിന്ന് 1 ശതമാനമാക്കി കുറക്കുക, ധനകമ്മി 3.61 ൽ നിന്ന് 3 ശതമാനമാക്കി കുറക്കുക എന്നതൊക്കെ കയ്യെത്തിപ്പിടിക്കാൻ കഴിയാത്ത വിദൂര ലക്ഷ്യങ്ങളായി അവശേഷിക്കും- ബൽറാം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം