മൊബൈൽ ഫോണിൽ ഗെയിമുകൾ കളിച്ച് നടക്കുന്ന കുട്ടികളെ നമുക്കെവിടെ നോക്കിയാലും കാണാം. എന്നാൽ അതിന്റെ സാദ്ധ്യതകൾ പരീക്ഷിച്ച് നോക്കുന്ന എത്ര പേരുണ്ട്? എന്നാൽ അങ്ങനെയും ചിലരുണ്ടെന്ന് കാണിച്ച് തരികയാണ് തിരുവനന്തപുരത്തെ അലൻ ഫെൽഡ്മെൻ പബ്ലിക്ക് സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി തമന്ന സോൾ.
തന്റെ ക്ലാസ്സിലെ അദ്ധ്യാപകരെയും കുട്ടുകാരെയും അഭിനേതാക്കളായി സമന്വയിപ്പിച്ച് ഒരു ഹ്രസ്വ ചിത്രം എടുത്തിരിക്കുകയാണ് ഈ കുട്ടി സംവിധായിക. തമന്നയുടെ തൂലികയിൽ പിറന്ന "ലഞ്ച് ബ്രേക്ക് " എന്ന ഷോർട്ട് ഫിലിം ജനശ്രദ്ധയാകർഷിച്ച് മുന്നേറുകയാണ്. തിരുവനന്തപുരത്തെ അലൻ ഫെൽഡ്മെൻ പബ്ലിക്ക് സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് തമന്ന സോൾ. തിരുവനന്തപുരത്തെ പ്രശസ്ത വെഡിംഗ് ഫോട്ടോഗ്രാഫർ അരുൺ സോളിന്റെ മകളാണ് തമന്ന. ചിത്രത്തിന്റെ എഡിറ്രിംഗും സംവിധാനവും ഈ കൊച്ചു മിടുക്കി തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. അച്ഛന്റെ മൊബൈൽ ഫോണിലൂടെയാണ് തമന്ന ചിത്രം ഷൂട്ട് ചെയ്തത്.
വിശപ്പിന്റെയും ആഹാരത്തിന്റെയും വില മനസ്സിലാക്കി തരുന്ന ഈ കൊച്ചു ചിത്രത്തിന് നിരവധി സാമൂഹിക ചലച്ചിത്ര പ്രവർത്തകരുടെ പ്രശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൂർണമായും മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്ത ഈ കൊച്ചു സിനിമയുടെ അരങ്ങിലും അണിയറയിലും തമന്നയുടെ കൂട്ടുകാരും ടീച്ചർമാരുമൊക്കെയാണുള്ളത്. കൊച്ചു മനസ്സിലെ വലിയ ആശയത്തെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. സമൂഹ നന്മയിലേക്ക് വെളിച്ചം വീശുന്ന ഈ കുരുന്നുകൾ നാളെയുടെ മിന്നും താരങ്ങളാകുമെന്നതിൽ സംശയമില്ല.