ഉറങ്ങാതെ കിടക്കുകയായിരുന്നു വിജയ. ഇരുട്ടിലേക്ക് തുറിച്ചുനോക്കിക്കൊണ്ട്...
തൊട്ടടുത്ത കിടക്കയിൽ അമ്മയുടെ ഇടവിട്ടുള്ള ദീർഘനിശ്വാസം കേട്ടു.
എത്ര സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു തന്റേത് എന്ന് വിജയ ഓർത്തു.
ആ സമയത്താണ് മുറ്റത്ത് ബൈക്കിന്റെ ഒച്ച കേട്ടത്.
അവൾ സംശയത്തോടെ എഴുന്നേറ്റു.
''ആരാ മോളേ?" മാലിനി തിരക്കി.
''അറിയില്ല." അവൾ ശബ്ദം താഴ്ത്തി, ''ഞാൻ നോക്കാം."
''സൂക്ഷിക്കണേ.." അങ്ങനെ പറഞ്ഞെങ്കിലും മാലിനിയും അവൾക്കൊപ്പം എഴുന്നേറ്റു.
ലൈറ്റിടാതെ ഇരുവരും ഹാളിൽ എത്തി. ശബ്ദമുണ്ടാക്കാതെ വിജയ സിറ്റൗട്ടിലേക്കുള്ള ജനാല തുറന്നു.
അടുത്ത നിമിഷം ആറ്റുചരലുകളെ പിൻ ചക്രത്തിനടിയിൽ പിന്നോട്ടു തെറുപ്പിച്ചുകൊണ്ട് ബൈക്ക് പാഞ്ഞുപോയി.
അതിന്റെ പിന്നിലെ ചുവന്ന വെളിച്ചം മാത്രമേ വിജയയ്ക്കു കാണാൻ കഴിഞ്ഞുള്ളു.
ഹാളിലെ ലൈറ്റു തെളിച്ചുകൊണ്ട് അവൾ വാതിൽ തുറക്കാൻ ഭാവിച്ചു.
''വേണ്ട മോളേ..." മാലിനിക്കു ഭീതിയായി.
പെട്ടെന്നു വിജയ പിന്നിൽ മറച്ചുപിടിച്ചിരുന്ന പിസ്റ്റൾ മുന്നോട്ടു നീട്ടി. ശേഷം വാതിൽ തുറന്നു.
അവിടെ സിറ്റൗട്ടിലെ ടീപ്പോയിൽ ഒരു കവർ കിടന്നിരുന്നു.
വിജയ സംശയത്തോടെ അതെടുത്തു. പിന്നെ അകത്തുകയറി വാതിൽ അടച്ചിട്ട് കവർ തുറന്നു.
അതിൽ ഏതാനും വരികളിൽ എഴുതിയ കത്ത്...
''ആം സോറി വിജയ. ഒരുപക്ഷേ ഈ ദുരന്തത്തിന് ഞാൻ കൂടി ഉത്തരവാദിയാണെന്നു സംശയിക്കുന്നു. നോബിൾ തോമസിനെ രക്ഷപ്പെടുത്തിയതാവാം ശത്രുക്കളുടെ പ്രതികാര നടപടിക്കു കാരണമെന്നു കരുതുന്നു. ഇനി വിജയയെ ആരും ഉപദ്രവിക്കില്ല. കൽക്കി."
കത്തിലേക്കു തന്നെ തുറിച്ചുനോക്കിക്കൊണ്ട് ഒരു നിമിഷം നിന്നു വിജയ....
''ആരുടെ കത്താ മോളേ?" മാലിനിക്ക് ആകാംക്ഷ.
ഉത്തരം പറഞ്ഞില്ല വിജയ. ആ കടലാസ് ഭദ്രമായി മടക്കി കവറിനുള്ളിൽത്തന്നെ നിക്ഷേപിച്ചു.
ആ സമയം തിരുവനന്തപുരത്ത്...
തന്റെ ഓഫീസിലേക്ക് കോവളം സി.ഐ അരവിന്ദാക്ഷനെ വിളിച്ചു വരുത്തി ഡി.ജി.പി ഇർഫാൻ മുഹമ്മദ്.
''സർ.."
തന്റെ സുപ്പീരിയറിനു മുന്നിൽ അരവിന്ദാക്ഷൻ അറ്റൻഷനായി.
ഡി.ജി.പി അയാളെ അടിമുടി നോക്കി.
''കഴിഞ്ഞ പകൽ മുഴുവൻ ഞാൻ തന്നെ തിരഞ്ഞു. കണ്ടില്ല. സെൽഫോൺ പോലും സ്വിച്ചോഫ് ചെയ്തിട്ട് കസ്റ്റഡിയിൽ എടുത്ത പ്രതിയുമായി താൻ എവിടെയായിരുന്നു?"
''സാർ..." അരവിന്ദാക്ഷൻ ഒരടികൂടി മുന്നിലേക്കു നീങ്ങിനിന്നു.
''കസ്റ്റഡിയിൽ എടുത്ത പ്രതിയെ വധിക്കുമെന്ന് എനിക്ക് ഒരനോണിമസ് കാൾ കിട്ടി. അങ്ങനെ വല്ലതും സംഭവിച്ചുപോയാൽ തെറിക്കുന്നത് എന്റെ തൊപ്പിയാണല്ലോ?"
ഇർഫാൻ മുഹമ്മദിന്റെ പുരികം ചുളിഞ്ഞു.
''അല്ലെങ്കിലും തന്റെ തൊപ്പി തെറിച്ചേക്കും. എടോ... തന്നോട് എനിക്ക് ഒരു പ്രത്യേക താൽപ്പര്യം ഉള്ളതുകൊണ്ട് ചോദിക്കുകയാ. അറസ്റ്റു ചെയ്യുന്നത് ചീഫ് മിനിസ്റ്ററുടെ പി.എ ആണെന്ന് അറിഞ്ഞപ്പോഴെങ്കിലും തനിക്ക് എന്നെയൊന്ന് വിളിച്ചുകൂടായിരുന്നോ?"
അരവിന്ദാക്ഷൻ തലയാട്ടി.
''അങ്ങനെ വിളിക്കാതിരുന്നതു കൊണ്ട് സാറിന്റെ മാനം രക്ഷപ്പെട്ടു."
''ങ്ഹേ?"
ഡി.ജി.പിയുടെ കണ്ണുകൾ ചുരുങ്ങി.
അരവിന്ദാക്ഷൻ വിശദീകരിച്ചു:
''ഞാൻ ചോദിച്ചിരുന്നെങ്കിൽ അയാളെ കസ്റ്റഡിയിലെടുക്കാൻ സാറ് സമ്മതിക്കത്തില്ലായിരുന്നു. ഉറപ്പ്. ചുറ്റും കൂടി നിൽക്കുന്ന മീഡിയക്കാരോട് എനിക്ക് സത്യം പറയാതിരിക്കാൻ പറ്റുമോ? അതുമില്ല. അപ്പോൾ ഇന്നത്തെ പത്രങ്ങളിലും ടിവി ചാനലുകളിലും പിന്നെ അന്തിചർച്ചയിലും സാറ് നിറഞ്ഞുനിന്നേനെ. അങ്ങനെയൊരു നാണക്കേടിൽനിന്ന് ഞാൻ സാറിനെ രക്ഷിച്ചില്ലേ?"
ഇർഫാൻ മുഹമ്മദ് തലയാട്ടി സമ്മതിച്ചു.
''ബൈ ദി ബൈ.. ശിവദാസൻ എവിടെയാ? അയാൾക്ക് സി.എമ്മിനെക്കാൾ അഹങ്കാരമായിരുന്നു. ഒരർത്ഥത്തിൽ താൻ ചെയ്തതു തന്നെയാ ശരി. പക്ഷേ സി.എം ഒറ്റ കാര്യത്തിൽ ഉറച്ചുനിൽക്കുകയാ. അയാളെ രക്ഷിക്കണമെന്ന്."
അരവിന്ദാക്ഷൻ ഒരു നിമിഷം മൗനം. പിന്നെ അറിയിച്ചു.
''സാറ് എന്നെ ഇപ്പോഴും കണ്ടിട്ടില്ല. എന്റെ അണ്ടറിൽത്തന്നെയുണ്ട് ശിവദാസൻ. അയാളെ നാളെ കോടതിയിൽ ഹാജരാക്കുമ്പോൾ മാത്രമേ മറ്റുള്ളവർ കാണൂ..."
ഡി.ജി.പി ഒന്നു പകച്ചു.
(തുടരും)