rahul-gandhi-attacks-pm-n

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹിറ്റ്‌ലറോട് ഉപമിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ശക്തമായ മറുപടിയുമായി ബി.ജെ.പി രംഗത്തെത്തി. 2017- 18 വർഷത്തിൽ രാജ്യത്തെ തൊഴിലില്ലായ്‌മ 45 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തിയെന്ന റിപ്പോർട്ടിനോട് പ്രതികരിക്കുമ്പോഴാണ് രാഹുൽ മോദിയെ ഹിറ്റ്‌ലറോട് ഉപമിച്ചത്. ഹിറ്റ്‌ലറെ വിളിച്ചിരുന്ന ഫ്യൂറർ എന്ന പേര് ഉപയോഗിച്ചായിരുന്നു രാഹുലിന്റെ ആക്രമണം.

രാജ്യത്ത് ഇപ്പോൾ ജോലികളൊന്നുമില്ല. ഓരോ വർഷവും രണ്ട് കോടി തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കുമെന്നാണ് ഫ്യൂറർ വാഗ്‌ദ്ധാനം ചെയ്‌തത്. അഞ്ച് വർഷത്തിന് ശേഷം അദ്ദേഹത്തിന്റെ പ്രോഗ്രസ് റിപ്പോർട്ട് ദേശീയ ദുരന്തം ആയിരിക്കുകയാണ്. 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോഴത്തെ തൊഴിലില്ലായ്‌മ. 2017-18 വർഷത്തിൽ മാത്രം 6.5 കോടി യുവാക്കളാണ് തൊഴിലില്ലാതെ രാജ്യത്ത് ജീവിക്കുന്നതെന്നും രാഹുൽ ട്വിറ്ററിലൂടെ കൂട്ടിച്ചേർത്തു. അടുത്തിടെ പുറത്തിറങ്ങി ഹിറ്റായ ഉറി: ദ സർജിക്കൽ സ്ട്രൈക്കിലെ ഹൗസ് ദ ജോഷ് എന്ന ഡയലോഗിനെ കടമെടുത്ത് ഹൗസ് ദ ജോബ്സ് എന്ന ഹാഷ്ടാഗ് കുറിക്കാനും രാഹുൽ മറന്നില്ല.

അതേസമയം, സംഭവത്തിൽ രൂക്ഷപ്രതികരണവുമായി രംഗത്തെത്തിയ ബി.ജെ.പി രാഹുലിന് മുസോളിനിയുടെ അന്ധത ബാധിച്ചുവെന്ന് തിരിച്ചടിച്ചു. കാര്യങ്ങളെ മനസിലാക്കുന്ന കാര്യത്തിൽ രാഹുൽ പിറകോട്ടാണ്. കഴിഞ്ഞ 15 മാസത്തിനിടെ രാജ്യത്തെ തൊഴിലുകൾ വർദ്ധിച്ചുവെന്ന കണക്ക് ഇ.പി.എഫ്.ഒ പുറത്തുവിട്ടിട്ടുണ്ട്. ഇതുവരെ ശരിയായ ജോലി പോലും ഇല്ലാത്ത ഒരാളാണ് ഇതേക്കുറിച്ച് സംസാരിക്കുന്നതെന്നും ബി.ജെ.പി തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പ്രതികരിച്ചു.

രാജ്യത്തെ തൊഴിലില്ലായ്‌മ നിരക്ക് 45 വർഷത്തെ ഏറ്റവും കൂടിയ നിരക്കിലാണെന്ന എൻ.എസ്.എസ്.ഒ (നാഷണൽ സാമ്പിൾ സർവെ ഓ‌ർഗനെെസേഷൻ)യുടെ റിപ്പോർട്ട് ഒരു ദേശീയ മാദ്ധ്യമമാണ് ഇന്ന് പുറത്ത് വിട്ടത്. പഠനം പൂർത്തിയാക്കി സർക്കാരിന് സമർപ്പിച്ചിരുന്നെങ്കിലും റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്തതിൽ പ്രതിഷേധിച്ച് സമിതിയിൽ നിന്നും രണ്ട് മുതിർന്ന അംഗങ്ങൾ രാജിവച്ചതിന് പിന്നാലെയാണ് സംഭവം. നോട്ടുനിരോധനവും ചരക്ക് സേവന നികുതിയും രാജ്യത്തെ തകർത്തതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഇതെന്നാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിന്റെ ആരോപണം.