ഒട്ടാവ: സൗന്ദര്യത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ പല സ്ത്രീകൾക്കും സഹിക്കില്ല. പ്രസവശേഷം അവർക്കുണ്ടാകുന്ന ഏറ്റവും വലിയ ആശങ്കയാണ് സ്ട്രെച്ച് മാർക്കും കൂടിയ ശരീരഭാരവും. ഇൗ പ്രശ്നങ്ങൾ കാരണം പലർക്കും ആത്മവിശ്വാസം തന്നെ ഇല്ലാതാകും.
എന്നാൽ കാനഡക്കാരി സാറ നിക്കോളെ ലാൻട്രിക്ക് ഇതൊന്നും പ്രശ്നമേ അല്ല. മൂന്നുപെറ്റ ഇൗ നാൽപ്പത്തിമൂന്നുകാരി വയറിലെ സ്ട്രെച്ച്മാർക്കുകൾ ആഘോഷമാക്കിയിരിക്കുകയാണ്.
സ്ട്രെച്ച്മാർക്കോടു കൂടിയ തന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്താണ് ഇതിന് തുടക്കംകുറിച്ചത്. പ്രസവത്തിനുമുമ്പ് സൂപ്പർ സുന്ദരിയായിരുന്നു താനെന്നാണ് സാറയുടെ അവകാശവാദം. പക്ഷേ, മൂന്നു പ്രസവം കഴിഞ്ഞതോടെ കാര്യങ്ങളെല്ലാം കീഴ്മേൽ മറിഞ്ഞു.
വയർ അയഞ്ഞു തൂങ്ങി. നിറയെ സ്ട്രെച്ച്മാർക്കും. ആകെ നിരാശയായി. ഇൻസ്റ്റാഗ്രാമിൽ സജീവമായിരുന്ന സാറ ചിത്രങ്ങൾ പോസ്റ്റുചെയ്യാതെയായി. ഫോളവേഴ്സ് കളിയാക്കുമോ എന്നതായിരുന്നു പേടി.പക്ഷേ, വർഷം ഒന്നുകഴിഞ്ഞതോടെ പേടിക്കുന്നതിൽ കാര്യമില്ലെന്ന് സാറ തിരിച്ചറിഞ്ഞു.
ആശങ്കകളെക്കുറിച്ച് ചിന്തിച്ച് ടെൻഷനടിക്കാതെ ആ സമയം മക്കളോടൊപ്പം ചെലവിട്ട് ജീവിതം കൂടുതൽ സുന്ദരമാക്കാനും ശരീരത്തിന്റെ ചിത്രങ്ങൾ മേക്കപ്പൊന്നും കൂടാതെ പോസ്റ്റുചെയ്യാനും തീരുമാനിച്ചു. പ്രതീക്ഷിച്ചതുപോലെ വിമർശനവുമായി നിരവധിപേർ എത്തി. അതൊന്നും ഗൗനിച്ചതേയില്ല. അല്പം കഴിഞ്ഞതോടെ വിമർശനങ്ങൾ അഭിനന്ദനത്തിന് വഴിമാറി. അതോടെ ശരീരത്തെക്കുറിച്ച് കൂടുതൽ ആത്മവിശ്വാസമായി. നേരത്തേയുള്ളതിന്റെ അഞ്ചിരട്ടിയാണ് ഇപ്പോഴത്തെ ഫോളവേഴ്സ്. സാറയുടെ ഉപദേശത്തിൽനിന്ന് ഉൗർജം ഉൾക്കൊണ്ട് സ്ട്രെച്ച്മാർക്കോടെയുള്ള ചിത്രം പോസ്റ്റുചെയ്യാൻ തയ്യാറായി നിരവധിസ്ത്രീകൾ രംഗത്തെത്തിയിട്ടുണ്ട്.