റിയോഡിജനീറോ: കാമുകനെ കൊന്നകേസിൽ ജയിലിലായ യുവതിക്ക് സൗന്ദര്യമത്സരത്തിൽ ഒന്നാംസ്ഥാനം. ബ്രസീലിലെ റിയോഡിജനീറോയിലെ വനിതാ ജയിലിലെ അന്തേവാസി വെറോണിക്ക വെറോണാണ് ഇൗ സുന്ദരി. സംശയമേ വേണ്ട; ജയിലിനുള്ളിലായിരുന്നു മത്സരം. പലപ്രായത്തിലുള്ള നിരവധി സുന്ദരിമാരെ നിലംപരിശാക്കിയാണ് വെറോണിക്ക കിരീടം ചൂടിയത്. കാമുകനെ ക്രൂരമായി കൊലപ്പെടുത്തിയതിന് പതിമൂന്നുവർഷം മുമ്പാണ് വെറോണിക്ക ജയിലിലായത്. പതിനഞ്ചുവർഷത്തെ തടവുലഭിച്ച ഇവർ രണ്ടുവർഷംകൂടികഴിയുമ്പോൾ ജയിൽ മോചിതയാകും. പുറത്തിറങ്ങിയശേഷം മോഡലിംഗ് രംഗത്ത് നിൽക്കാനാണ് താത്പര്യം. പക്ഷേ, അവസരങ്ങൾ വേണ്ടത്ര ലഭിക്കുമോ എന്ന് സംശയമുണ്ട്.
കടുത്ത സുരക്ഷാസന്നാഹങ്ങളുള്ളതാണ് റിയോഡിജനീറോയിലെ വനിതാജയിൽ. കുറ്റവാളികൾക്ക് മാനസാന്തരം ഉണ്ടാക്കാനായി ഇവിടെ വർഷാവർഷം സൗന്ദര്യമത്സരം നടത്തുന്നുണ്ട്. കിരീടം ചൂടിയവർക്കും രണ്ടുംമൂന്നും സമ്മാനങ്ങൾ നേടിയവർക്കും സമ്മാനങ്ങൾ ലഭിക്കും. എന്നാൽ സമ്മാനം പ്രതീക്ഷിച്ചല്ല കൂടുതൽപേരും മത്സരിക്കുന്നതെന്നതാണ് യാഥാർത്ഥ്യം. മത്സരം നടക്കുന്ന ദിവസം മത്സരാർത്ഥികൾക്ക് അടുത്തബന്ധുക്കളുമായി കൂടുതൽ ഇടപഴകാനാവും . ഇതാണ് കൂടുതൽപേരെ ആകർഷിക്കുന്നത്. മത്സരത്തിനുവേണ്ട പരിശീലനവും മേക്കപ്പുമെല്ലാം ജയിൽ അധികൃതർ തന്നെ ഏർപ്പെടുത്തും. പുറമേനിന്നുള്ള പ്രമുഖവ്യക്തികളാണ് വിജയികളെ നിശ്ചയിക്കുന്നത്. ഇൗ മത്സരത്തിന് മാദ്ധ്യമങ്ങൾ വൻ പ്രാധാന്യമാണ് നൽകുന്നത്.