തിരുവനന്തപുരം: പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ പ്രതിക്കായി സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ എസ്.പി ചൈത്ര തേരേസ ജോണിനെതിരെ നടപടി സ്വീകരിക്കും. നിലവിലെ വുമൺ എസ്.പി സ്ഥാനത്ത് നിന്ന് സ്ഥലം മാറ്റാനും പകരം നിയമനം നൽകാതിരിക്കാനുമാണ് നീക്കം. ഇതിനായി സി.പി.എം സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് സൂചന. എന്നാൽ നടപടി താക്കീതിൽ ഒതുക്കിത്തീർക്കാൻ പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ശ്രമം തുടരുന്നുണ്ട്. അതേസമയം, ചൈത്രയുടെ നടപടിയിൽ തെറ്റില്ലെന്നാണ് പൊലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ ചൈത്ര കോടതിയിൽ സമർപ്പിച്ച സെർച്ച് ലിസ്റ്റിലും മെമ്മോയിലും പിഴവുണ്ടെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തൽ. യഥാർത്ഥ സാക്ഷികളെ ഉൾപ്പെടുത്തുന്നതിന് പകരം പൊലീസുകാരെ സാക്ഷികളാക്കി റിപ്പോർട്ട് സമർപ്പിച്ചതാണ് സി.പി.എമ്മിന്റെ ഭാഗത്ത് നിന്ന് ഉന്നയിക്കുന്ന ആക്ഷേപം. ഇതുമായി കോടതിയെ സമീപിക്കാനാണ് സി.പി.എമ്മിന്റെ നീക്കം.