തെന്നിന്ത്യൻ സിനിമാ ലോകത്തെ മീ ടൂ വെളിപ്പെടുത്തലിലൂടെ പിടിച്ചുകുലുക്കിയ താരമാണ് ചിന്മയി. കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെയും സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റു ഒരുപാട് പ്രമുഖർക്കെതിരെയും ചിന്മയി രംഗത്ത് വന്നിരുന്നു. മീ ടൂ വെളിപ്പെടുത്തലിനു ശേഷം തനിക്കെതിരേയുള്ള സൈബർ ആക്രമണങ്ങൾ രൂക്ഷമാണെന്ന് താരം മുൻപേ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ച് പുതിയ തലമുറയ്ക്ക് മാതൃകയാകണമെന്ന ഉപദേശത്തിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
''ഞാൻ സാരി ധരിക്കുകയാണെങ്കിൽ ഒരു കൂട്ടം ഫോട്ടോഗ്രാഫർമാർ എന്റെ അരക്കെട്ടിന്റെയും മാറിടത്തിന്റെയും ചിത്രം പകർത്തി വൃത്തമിട്ട് അശ്ലീല സൈറ്റുകളിൽ അപ്ലോഡ് ചെയ്യും. സാരിയുടുത്താലും ജീൻസിട്ടാലും എനിക്ക് ഇന്ത്യക്കാരിയായി ജീവിക്കാൻ കഴിയും സാർ..' എന്നാണ് ചിന്മയി ട്വിറ്ററിലൂടെ മറുപടി നൽകിയത്. ഗായികയായും ഡബിംഗ് ആർട്ടിസ്റ്റായും തിളങ്ങിയ ചിന്മയി മീ ടൂ വിവാദത്തിനു ശേഷം അവസരങ്ങൾ നഷ്ടപ്പെടുന്നുവെന്നും പരാതിപ്പെട്ടിരുന്നു.