ഹൈദരാബാദ്: സാനിയാ മിർസയുടെ കുഞ്ഞിന്റെ ചിത്രമെടുക്കാൻ ഫോട്ടോഗ്രാഫർമാർ എന്തൊക്കെ കഷ്ടപ്പാടാ സഹിച്ചത്?കാമറയിൽ മകന്റെ മുഖം പതിയാതിരിക്കാൻ സാനിയ പരമാവധി ശ്രമിക്കുകയും ചെയ്തു. പക്ഷേ, ഇപ്പോൾ മകന്റെ ചിത്രങ്ങൾ പുറത്തുവിടാൻ സാനിയയ്ക്ക് ഒരുമടിയുമില്ല. ഒരുമാസത്തിനിടെ മൂന്നിലധികം ചിത്രങ്ങളാണ് പുറത്തുവിട്ടത്. എല്ലാം മുഖം വ്യക്തമായി കാണുന്നതും. മകൻ തന്റെ കൈയിലിരിക്കുന്ന ചിത്രമാണ് സാനിയ ഏറ്റവുമൊടുവിൽ പോസ്റ്റുചെയ്തത്. കുഞ്ഞിന്റെ മുഖം ഏറ്റവും നന്നായി വ്യക്തമാകുന്നതും ഇൗ ചിത്രത്തിലാണ്. കാമറയും ടെലിവിഷനും ഇഷ്ടപ്പെടുന്ന 'എന്റെ മകൻ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റുചെയ്തത്.
അടിക്കുറിപ്പിനെതിരെ വിമർശനവുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്. വെറും തള്ളലാണിതെന്നാണ് അവർ പറയുന്നത്. സാനിയയുടെ കടുത്ത ആരാധകർ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പ്രസവത്തിനുമുമ്പ് ഇൻസ്റ്റാഗ്രാമിൽ അത്ര സജീവമല്ലാതിരുന്ന സാനിയയ്ക്ക് ഇപ്പോൾ ഇൻസ്റ്റാഗ്രാമില്ലാതെ ജീവിക്കാനാവാത്ത അവസ്ഥയാണ്. കഴിഞ്ഞദിവസം ക്രിക്കറ്റ് താരങ്ങളായ സഖീർ ഖാൻ, യുവരാജ് സിംഗ്, ബോളിവുഡ് താരം പരിണീതി ചോപ്ര എന്നിവരോടൊപ്പമുള്ള ചിത്രം സാനിയ പങ്കുവച്ചിരുന്നു. ഇത് വൈറലാവുകയും ചെയ്തിരുന്നു. സോഷ്യൽമീഡിയയുടെ പുറകേ നടക്കാതെ തിരിച്ചുവരവിൽ പൂർണമായി ശ്രദ്ധിക്കാനാണ് ആരാധകരുടെ ഉപദേശം.