സംസ്ഥാന ബഡ്‌ജറ്റിൽ പട്ടികജാതി ഉപപദ്ധതിയുടെ മൊത്തം അടങ്കൽ തുക 1977 കോടി രൂപയാണ്. ഇതിൽ 153 കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിക്കും. പദ്ധതിയുടെ സംസ്ഥാനതല അടങ്കൽ 1649 കോടി.ഇതിനുപുറമെ 260 കോടി കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ നിന്ന് ലഭ്യമാകും.

സംസ്ഥാന പദ്ധതിയിൽ 785 കോടി പാർപ്പിടത്തിനും 350 കോടി വിദ്യാഭ്യാസത്തിന് 350 കോടിയും നീക്കിവയ്ക്കും. കോളനികളുടെ നവീകരണത്തിനും കോർപ്പസ് ഫണ്ടിലേക്കും 100 കോടി വീതം നീക്കിവയ്ക്കും. ക്ഷേമ പദ്ധതികളിൽ പെൺകുട്ടികളുടെ വിവാഹത്തിന് 70 കോടിയും വാത്സല്യനിധിക്ക് 10 കോടിയുമാണ് വിഹിതം.

പട്ടികവർഗ ഉപപദ്ധതിക്ക് അടങ്കൽ 663 കോടിയാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ നിന്ന് 50 കോടിയും ലഭിക്കും. പാർപ്പിടത്തിന് 226 കോടിയും വിദ്യാഭ്യാസത്തിന് 128 കോടിയും വകയിരുത്തിയിട്ടുണ്ട്. റസിഡൻഷ്യൽ സ്‌കൂളുകൾക്ക് 60 കോടിയും ട്രൈബൽ സെറ്റിൽമെന്റ് വികസനത്തിന് 100 കോടിയുമാണ് വിഹിതം.

114 കോടി രൂപയാണ് പിന്നാക്ക സമുദായങ്ങൾക്കായി ബഡ്‌ജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ഇതിൽ 53 കോടി ഒ.ഇ.സി വിഭാഗങ്ങൾക്കുള്ള സ്‌കോളർഷിപ്പാണ്. കേന്ദ്രവിഹിതം അടക്കം 50 കോടി രൂപ ഒ.ബി.സിയുടെ സ്‌കോളർഷിപ്പിനുണ്ട്. പിന്നാക്ക സമുദായ വികസന കോർപ്പറേഷന് 14 കോടി, പരിവർത്തിത ക്രൈസ്തവ കോർപ്പറേഷന് 10 കോടി, പരമ്പരാഗത തൊഴിലുകൾക്ക് 10 കോടി എന്നിവയാണ് മറ്റു വകയിരുത്തലുകൾ.

ന്യൂനപക്ഷ ക്ഷേമത്തിനായി ബഡ്‌ജറ്റിൽ 49 കോടി രൂപ വകയിരുത്തി. കേന്ദ്ര സ്‌കീമുകളിൽനിന്നുള്ള 11 കോടി കൂടി ലഭ്യമാകും. ന്യൂനപക്ഷ ക്ഷേമ വികസന കോർപ്പറേഷന് 15 കോടിയാണ് വിഹിതം. അതേസമയം, മുന്നാക്ക ക്ഷേമ വെൽഫെയർ കോർപ്പറേഷന് 42 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിൽ 17 കോടി രൂപ സ്‌കോളർഷിപ്പുകൾക്കാണ്.