news

1. ഉയര്‍ന്ന ജി.എസ്.ടി സ്ലാബിലുള്ള ഉത്പന്നങ്ങള്‍ക്ക് എല്ലാം ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തി പിണറായി സര്‍ക്കാരിന്റെ നാലാം ബഡ്ജറ്റ്. 12,18,28 ശതമാനം ജി.എസ്.ടിയുള്ള ഉത്പന്നങ്ങള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് ആണ് സെസ് ഈടാക്കാന്‍ തീരുമാനിച്ചത്. മദ്യത്തിന് രണ്ട് ശതമാനവും സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ക്ക് കാല്‍ ശതമാനവും നികുതി വര്‍ധിപ്പിച്ചു. സിനിമാ ടിക്കറ്റുകള്‍ക്ക് 10 ശതമാനം വിനോദ നികുതി പിരിക്കാനും 3000 ചതുരശ്ര അടിയില്‍ കൂടുതലുള്ള വീടുകള്‍ക്ക് ആഡംബര നികുതി ഈടാക്കാനും ബഡ്ജറ്റില്‍ തീരുമാനം

2. നിര്‍മ്മാണ മേഖലയിലെ ഭൂരിഭാഗം സാധനങ്ങള്‍ക്കും വില കൂടി. സിമ്മന്റ്, പെയിന്റ്, ഗ്രാനൈറ്റ്, സെറാമിക് ടെയ്ല്‍സ്, മുള ഉത്പന്നങ്ങള്‍, ടൂത്ത് പേസ്റ്റ് എന്നിവയുടെ എല്ലാം വില ഉയരും. സ്വര്‍ണ്ണം, കാര്‍, എ.സി, സോപ്പ്, കംപ്യൂട്ടര്‍, നോട്ടുബുക്ക്, കണ്ണട, ടെലിവിഷന്‍, സ്‌കൂള്‍ ബാഗ് എന്നിവയ്ക്കും വില വര്‍ധിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ശബരിമല വികസനത്തിന് മാത്രമായി സര്‍ക്കാര്‍ അനുവദിച്ചത് 739 കോടി രൂപയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടിയും ബഡ്ജറ്റില്‍ വകയിരുത്തി

3. നവകേരളത്തിനായി 25 പദ്ധതികള്‍ പ്രഖ്യാപിച്ച ബഡ്ജറ്റില്‍ ക്ഷേമ പെന്‍ഷന്‍ 100 രൂപ വര്‍ധിപ്പിച്ച് 1200 രൂപ ആക്കി. രണ്ടാം കുട്ടനാട് പാക്കേജിനും കുടുംബശ്രീയ്ക്കും 1000 കോടി വീതം അനുവദിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ പുനരുദ്ധാരണത്തിനും 1000 കോടി ബഡ്ജറ്റ് വകയിരുത്തി. ശമ്പള പരിഷ്‌കരണ കുടിശിക പണമായി നല്‍കും. ഏപ്രിലില്‍ രണ്ട് ഗഡു നല്‍കും. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 20 കോടി. സൗരോര്‍ജ്ജ പാനലുകള്‍ക്ക് കിഫ്ബിയില്‍ നിന്ന് പണം അനുവദിക്കും.

4. ലൈഫ് മിഷന് 1,290 കോടി. സ്‌കൂളുകള്‍ നവീകരിക്കാന്‍ പ്രത്യേക പദ്ധതികള്‍. വയനാട്ടിലെ കാപ്പി കര്‍ഷകരുടെ വരുമാനം ഇരട്ടി ആക്കും. കണ്ണൂര്‍ വിമാനത്താവളത്തോട് അനുബന്ധിച്ച് വ്യവസായ മേഖല സ്ഥാപിക്കും.

5. രാഷ്ട്രപതിയുടെ അഭിസംബോധനയോടെ പാലര്‍മെന്റിന്റെ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കം. റഫാല്‍ ഇടപാടിലൂടെ കേന്ദ്രം വ്യോമസേനയുടെ കരുത്ത് കാട്ടി എന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കൊല്ലം ബൈപ്പാസ് യഥാര്‍ത്ഥ്യമാകുന്നതിലെ കാലതാമസം സര്‍ക്കാര്‍ നീക്കി. പ്രതികരണം പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ.

6. 2014 വരെ രാജ്യം കടന്നു പോയത് അനിശ്ചിതാവസ്ഥകളിലൂടെ എന്ന് രാഷ്ട്രപതി. കര്‍ഷകര്‍ക്ക് മികച്ച കാര്‍ഷിക ഉപകരണങ്ങളും, ഉയര്‍ന്ന വിളവ് നല്‍കുന്ന വിത്തുകളും, ഗുണമേന്മയുള്ള വളവും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ഭരണ നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് പുതിയ ഭാരതത്തിനായാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും കൂട്ടിച്ചേര്‍ക്കല്‍. നാളെ കേന്ദ്രസര്‍ക്കാര്‍ ഇടക്കാല ബഡ്ജറ്റ് അവതരിപ്പിക്കും

7. ശ്രീനാരായണ ഗുരുവിന്റെ ജനനം മുതല്‍ മഹാസമാധി വരെയുള്ള മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി കൗമുദി ടിവി ഒരുക്കുന്ന മഹാഗുരു മെഗാ പരമ്പരയുടെ പ്രചരണം പത്താം ദിവസത്തില്‍. എസ്.എന്‍.ഡി.പി തലശേരി, കണ്ണൂര്‍ യൂണിയനുകള്‍ പ്രചരണ യാത്രയ്ക്ക് സ്വീകരണം നല്‍കി. തലശേരി ജംഗ്ഷനില്‍ നല്‍കിയ സ്വീകരണം എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു

8. പ്രിവ്യു ഷോയില്‍ തലശേരി ജഗനാഥക്ഷേത്രം സെക്രട്ടറി അഡ്വ.സത്യന്‍, പി.സി രഘുറാം, കെ.ശശിധരന്‍, ടി.വി വസുമിത്രന്‍ തുടങ്ങിയവര്‍ സന്നിഹിതരായി. കണ്ണൂര്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ പഴയ ബസ് സ്റ്റാന്‍ഡിന് പരിസരത്ത് പ്രചരണ യാത്രയുടെ സ്വീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി പി.പി ജയകുമാര്‍, പ്രസിഡന്റ് എം. സദാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

9. സി.ബി.ഐ കേസിലെ അനിശ്ചിതത്വം തുടരുന്നു. നഗേശ്വര റാവുവിനെ ഇടക്കാല ഡയറക്ടറായി നിയമിച്ചതിന് എതിരായ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് എന്‍.വി രമണയും പിന്മാറി. തുടര്‍ച്ചയായി കേസില്‍ ജഡ്ജിമാര്‍ പിന്മാറുന്നത് ഇത് മൂന്നാം തവണ. നേരത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയും ജസ്റ്റിസ് എ.കെ സിക്രിയും കേസില്‍ നിന്ന് പിന്മാറിയിരുന്നു. മൂന്നാമത്തെ ജഡ്ജിയും പിന്മാറിയതോടെ ഇനി കേസ് പരിഗണിക്കുന്നത് ആരെന്നും ചീഫ് ജസ്റ്റിസ് തന്നെ തീരുമാനിക്കണം

10. പുതിയ സി.ബി.ഐ ഡയറക്ടറെ തിഞ്ഞെടുക്കാനുള്ള യോഗത്തില്‍ പങ്കെടുക്കണമെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ചീഫ് ജസ്റ്റിസ് കേസില്‍ നിന്ന് പിന്മാറിയത്. ഇതിന് ശേഷം ആണ് രണ്ടാം നമ്പര്‍ കോടതിയില്‍ ജസ്റ്റിസ് സിക്രിയുടെ മുന്നിലേക്ക് ഈ കേസ് എത്തിയത്. കേസില്‍ നിന്ന് നിരന്തരം ജഡ്ജിമാര്‍ പിന്മാറുന്നത് ജനങ്ങളുടെ ഇടയില്‍ തെറ്റിദ്ധാരണയുണ്ടാക്കും എന്ന് ഹര്‍ജി നല്‍കിയ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വാദിച്ചെങ്കിലും ജസ്റ്റിസ് സിക്രി അംഗീകരിച്ചിരുന്നില്ല

11. ശബരിമല കേസ് സുപ്രീംകോടതി ഫെബ്രുവരി 6ന് പരിഗണിക്കും. കോടതി പരിഗണിക്കുന്നത് പുനപരിശോധന ഹര്‍ജികളും കോടതിയലക്ഷ്യ ഹര്‍ജികളും. ശബരിമല കേസ് ഉള്‍പ്പെട്ടിട്ടുള്ളത് ഫെബ്രുവരി മാസം സുപ്രീംകോടതി പരിഗണിക്കുന്ന കേസുകളുടെ സാധ്യത പട്ടികയില്‍. നരത്തെ കേസ് ജനുവരി 22ന് പരിഗണിക്കാനാണ് തീരുമാനിച്ചിരുന്നത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ അവധി കണക്കിലെടുത്ത് തീയതി മാറ്റിയിരുന്നു.

12. കോടതിയുടെ പരിഗണനയില്‍ ഉള്ളത് ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സെപ്തംബര്‍ 28ലെ വിധിക്ക് എതിരായ 50ലേറെ പുന പരിശോധന ഹര്‍ജികള്‍. ഇതിനു പുറമെ റിട്ട് ഹര്‍ജികളും ദേവസ്വം ബോര്‍ഡിന്റെ സാവകാശ ഹര്‍ജികളും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്‌