budget

കൊച്ചി: സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി തിരിച്ചറിഞ്ഞ്,​ സർവ മേഖലകളുടെയും ക്ഷേമത്തിന് ഊന്നൽ നൽകിയ ബഡ്‌ജറ്റ്. ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് ഇന്നലെ അവതരിപ്പിച്ച ബഡ്‌ജറ്രിനെ ഇങ്ങനെ വിശേഷിപ്പിക്കാം. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിന് ഊന്നൽ നൽകുന്ന പ്രഖ്യാപനങ്ങൾ ബഡ്‌ജറ്രിലുണ്ട്. പ്രായ,​ ലിംഗഭേദമന്യേ സമൂഹത്തിലെ എല്ലാവിഭാuങ്ങളുടെയും ക്ഷേമം ബഡ്‌ജറ്റ് ഉറപ്പാക്കുന്നു. ക്ഷേമപെൻഷൻ 100 രൂപ കൂട്ടിയതും ശ്രദ്ധേയം. പക്ഷേ,​ പ്രളയസെസ് സാധരണക്കാരൻ കൂടുതലായി ഉപയോഗിക്കുന്ന വസ്‌തുക്കൾക്കും ഏർപ്പെടുത്തിയത് ബഡ്‌ജറ്രിന്റെ ശോഭ കെടുത്തുന്നതായി.

നവകേരളത്തിനായി 25 പദ്ധതികളാണ് ഡോ.ഐസക് ബഡ്‌ജറ്രിൽ വിഭാവനം ചെയ്‌തിരിക്കുന്നത്. വ്യവസായ പാർക്കുകളിൽ കോർപ്പറേറ്റ് നിക്ഷേപം,​ സ്‌റ്റാർട്ടപ്പുകൾ,​ മലബാർ കാപ്പിയും വയനാടും,​ കേരകൃഷി,​ രണ്ടാം കുട്ടനാട് പാക്കേജ്,​ തീരസംരക്ഷണം,​ പൊതുമേഖലയുടെ ഉന്നമനം,​ ഊർജ മിഷൻ,​ ഇലക്‌ട്രിക് വാഹനങ്ങൾ,​ തെക്ക്-വടക്ക് സമാന്തര റെയിൽപ്പാത,​ സ്‌പൈസസ് റൂട്ട്,​ പ്രവാസിക്ഷേമം,​ കേരളബാങ്ക് രൂപീകരണം,​ സ്‌ത്രീശാക്‌തീകരണവും കുടുംബശ്രീ ബ്രാൻഡിംഗും,​ സമ്പൂർണ പാർപ്പിടം,​ വിദ്യാഭ്യാസം,​ സാർവത്രിക ആരോഗ്യ ഇൻഷ്വറൻസ് എന്നിവയാണ് അവയിൽ പ്രധാനം.

ജീവനോപാധി വികസനത്തിന് 4,​700 കോടി രൂപ വകയിരുത്തി. വ്യയവസായ പാർക്കുകൾക്കായി മൊത്തം 15,​600 കോടി രൂപ ബഡ്‌ജറ്രിലുണ്ട്. പാർക്കുകളിലേക്ക് കോർപ്പറേറ്ര് നിക്ഷേപം ആകർഷിക്കുകയാണ് പ്രധാനലക്ഷ്യം. കൊച്ചി-കോയമ്പത്തൂർ വ്യവസായ ഇടനാഴി ഈ ബഡ്‌റ്രിലും ഇടംനേടി. ഐ.ടി പാർക്കുകളിൽ അധികമായി ഒരുലക്ഷം പേർക്ക് കൂടി തൊഴിൽ ലഭ്യമാക്കുമെന്നും പ്രഖ്യാപനമുണ്ട്. സ്‌റ്രാർട്ടപ്പുകൾക്ക് 700 കോടി രൂപ മാറ്രിവച്ചിട്ടുണ്ട്.

വയനാടൻ കാപ്പിയെ 'മലബാർ" എന്ന പേരിൽ ബ്രാൻഡ് ചെയ്യും. നാളികേര കൃഷിക്കും ബഡ്‌ജറ്രിൽ പണമുണ്ട്. പാലക്കാട്,​ ആലപ്പുഴ,​ തൃശൂരിൽ റൈസ് പാർക്കുകൾ സ്ഥാപിക്കും. റബർ താങ്ങുവിലയ്ക്ക് 500 കോടി രൂപ വകയിരുത്തിയതും റബറിന്റെ മൂല്യവർദ്ധിത ഉത്‌പന്ന നിർമ്മാണത്തിലേക്ക് കടക്കാൻ 'സിയാൽ" മോഡലിൽ കോട്ടയത്ത് കമ്പനി രൂപീകരിക്കാൻ തീരുമാനിച്ചതും കർഷകരുടെ കൈയടി നേടും.

വൻകിട ഇടത്തരം വ്യവസായങ്ങൾക്ക് 527 കോടി രൂപ അനുവദിച്ചു. ഇലക്‌ട്രിക് വാഹനങ്ങളെ പ്രോത്‌സാഹിപ്പിക്കാനുള്ള നടപടികളും കൈയടി അർഹിക്കുന്നു. തെക്ക്-വടക്ക് സമാന്തര റെയിൽപ്പാതയ്ക്ക് 55,​000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര-സംസ്ഥാന സംയുക്തസംരംഭമാണിത്. നിർമ്മാണം 2020ൽ തുടങ്ങും. പ്രവാസികൾക്കായി പ്രത്യേക നിക്ഷേപ ഡിവിഡന്റ് പദ്ധതി ഉൾപ്പെടെ ഒട്ടേറെ പ്രഖ്യാപനങ്ങൾ കാണാം.

കേരള ബാങ്ക് വരും

ഇന്ത്യയിലെ സഹകരണ മേഖലയിലെ ആദ്യ ഷെഡ്യൂൾഡ് ബാങ്കായി 'കേരളബാങ്ക്" നടപ്പുവർഷം തന്നെ വരും. പ്രവാസി നിക്ഷേപം സ്വീകരിക്കാൻ ബാങ്കിന് കഴിയും. ഇതുവഴി മൊത്തം നിക്ഷേപം 57,​761 കോടി രൂപയിൽ നിന്ന് 64,​741 കോടി രൂപയായി ഉയരും.

ആരോഗ്യത്തിന് ശ്രദ്ധ

ആർ.എസ്.ബി.വൈ-കാരുണ്യ പദ്ധതികൾ സംയോജിപ്പിച്ചുള്ള സാർവത്രിക ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയാണ് ബഡ്‌ജറ്രിലെ ഏറ്രവും ശ്രദ്ധേയ പ്രഖ്യാപനങ്ങളിലൊന്ന്. കേരളത്തിലെ എല്ലാ കുടുംബങ്ങൾക്കും ആരോഗ്യസുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. 42 ലക്ഷം കുടുംബങ്ങളുടെ ഇൻഷ്വറൻസ് പ്രീമിയം സർക്കാർ തന്നെ അടയ്ക്കും.

 കൃഷിക്ക് പുത്തനുണർവേകാൻ ₹2,​500 കോടി

 കയർ വ്യവസായത്തിന് ₹142 കോടി

ടൂറിസത്തിന് നേട്ടം

ടൂറിസം വികസനത്തിന് ബഡ്‌ജറ്രിൽ 372 കോടി രൂപയുണ്ട്. ഇതിൽ 82 കോടി രൂപ മാർക്കറ്രിംഗിനാണ്. ഇതിനുപുറമേ നടപ്പാക്കുന്ന സ്‌പൈസസ് റൂട്ട് പദ്ധതിയും ടൂറിസത്തിന് നേട്ടമാകും.

തിരിച്ചടിയായി നികുതി വർദ്ധന

നിത്യോപയോഗ സാധനങ്ങൾക്ക് പുറമേ സാധാരണക്കാരൻ കൂടുതലായി ഉപയോഗിക്കുന്ന വസ്‌തുക്കളെയും പ്രളയസെസിൽ നിന്നൊഴിവാക്കും എന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ,​ ജി.എസ്.ടിയിലെ 18-28 ശതമാനം സ്ളാബിനു പുറമേ 12 ശതമാനം സ്ലാബിലുള്ളവയ്‌ക്കും ഒരു ശതമാനം സെസ് ബാധകമാക്കിയിട്ടുണ്ട്. സ്വർണം,​ വെള്ളി എന്നിവയ്ക്ക് 0.25 ശതമാനം സെസുണ്ട്. സിമന്റ്,​ പെയിന്റ്,​ മാർബിൾ തുടങ്ങിയവയ്ക്കും വില കൂടുമെന്നത് നിർമ്മാണ മേഖലയ്ക്ക് കനത്ത ആഘാതമാകും. പുതിയ വാഹന രജിസ്‌ട്രേഷൻ നികുതിയിലും വർദ്ധനയുണ്ട്.