ന്യൂഡൽഹി : അഴിമതി രഹിത, പട്ടിണിക്കാരില്ലാത്ത ഇന്ത്യ സൃഷ്ടിക്കുകയാണ് നരേന്ദ്ര മോദി സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് പാർലമെന്റിൽ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു രാഷ്ട്രപതി. ഈ മന്ത്രിസഭയുടെ അവസാനത്തെ പാർലമെന്റ് സമ്മേളനമാണിത്. നാളെയാണ് കേന്ദ്രബഡ്ജറ്റ്.
എൻ.ഡി.എ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. നോട്ട് നിരോധനത്തെയും രാഷ്ട്രപതി പ്രസംഗത്തിൽ ന്യായീകരിച്ചു. രാജ്യത്ത് കള്ളപ്പണമില്ലാതാക്കിയത് നോട്ട് നിരോധനം വഴിയാണെന്ന് രാഷ്ട്രപതി പറഞ്ഞു. കണക്കിൽപെടാത്ത പണം തിരിച്ചുപിടിക്കാൻ ഇതുവഴി കഴിഞ്ഞു. കള്ളപ്പണത്തിനെതിരെ ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുകയാണ്. കള്ളപ്പണവും അഴിമതിയും വലിയൊരളവോളം തടയാൻ സർക്കാരിനു സാധിച്ചിട്ടുണ്ട്
ഭാവിയെ ലക്ഷ്യം വച്ചുള്ള നയമാണ് ചരക്കു സേവന നികുതി (ജി.എസ്.ടി)യെന്നും വ്യാവസായിക മേഖലയെ സംബന്ധിച്ചിടത്തോളം ഇതൊരു അനുഗ്രഹമാണെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
മുടങ്ങിക്കിടന്ന പദ്ധതികൾ പൂർത്തിയാക്കി ജനവിശ്വാസം ആർജ്ജിച്ചു. കൊല്ലം ബൈപ്പാസ് നടപ്പാക്കിയത് വികസനനേട്ടമായെന്നും രാഷ്ട്രപതി വ്യക്തമാക്കി.
ഉജ്ജ്വല പദ്ധതി പ്രകാരം ആറു ലക്ഷം കുടുംബങ്ങൾക്ക് പാചകവാതക കണക്‌ഷൻ നൽകാൻ കഴിഞ്ഞു. 12 ദശലക്ഷം പാചകവാതക കണക്‌ഷനുകളാണ് 2014 വരെ രാജ്യത്തുണ്ടായിരുന്നത്. നാലര വർഷം കൊണ്ടു 13 കോടി വീടുകളിൽ കൂടി പാചകവാതകം എത്തിക്കാൻ സർക്കാരിനു സാധിച്ചു. സ്വച്ഛഭാരത് പദ്ധതി പ്രകാരം രാജ്യത്ത് 9 കോടി ശുചിമുറികൾ നിർമിക്കാനായി. സ്ത്രീകളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനും അവർക്ക് അഭിമാനത്തോടെ ജീവിക്കാനും ഇത് അവസരമൊരുക്കിയെന്ന് രാഷ്ട്രപതി അവകാശപ്പെട്ടു.
പൗരത്വ ബില്ലുമായി മുന്നോട്ടു പോകും. മുത്തലാഖ് ബിൽ നിയമമാക്കാനുള്ള ശ്രമം തുടരുമെന്ന് രാഷ്ട്രപതി പ്രഖ്യാപിച്ചു. ആറു കോടി ഗ്യാസ് കണക്ഷൻ നല്കി. രണ്ടു കോടി 37 ലക്ഷം വീടുകളിൽ വൈദ്യുതി എത്തിച്ചെന്നും രാഷ്ട്രപതി അവകാശപ്പെട്ടു. പോളിംഗ് ബൂത്തിലേക്ക് പോകുന്ന പുതിയ വോട്ടർമാർക്ക് രാഷ്ട്രപതി ആശംസ നേർന്നു. പുതിയ ഇന്ത്യയ്ക്കായുള്ള പ്രയാണം തുടങ്ങിയെന്ന പ്രഖ്യാപനത്തോടെയാണ് തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പുള്ള പ്രസംഗം രാഷ്ട്രപതി അവസാനിപ്പിച്ചത്.
ഇത്തവണ മുൻസീറ്റിൽത്തന്നെയായിരുന്നു രാഹുൽ ഗാന്ധിയും മറ്റ് കോൺഗ്രസ് പ്രതിനിധികളും ഇരുന്നത്. മിന്നലാക്രമണത്തെക്കുറിച്ചും സർജിക്കൽ സ്ട്രൈക്കിനെക്കുറിച്ച് രാഷ്ട്രപതി സംസാരിച്ചപ്പോൾ രാഹുലും മറ്റ് പ്രതിനിധികളും മൗനം പാലിച്ചതും ശ്രദ്ധേയമായി.