mohanlal-

തിരുവനന്തപുരം: നടൻ മോഹൻലാൽ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകവെ സ്ഥാനാർത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് മോഹൻലാലിനെ സമീപിച്ചിട്ടുണ്ടെന്ന് മുതിർന്ന ബി.ജെ.പി നേതാവും എം.എൽ.എയുമായ ഒ.രാജഗോപാൽ. ഒരു ദേശീയമാദ്ധ്യമത്തോടാണ് രാജഗോപാൽ മോഹൻലാലിന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകാൻ ഞങ്ങൾ മോഹൻലാലിനെ നിർബന്ധിക്കുന്നുണ്ടെന്ന് രാജഗോപാൽ പറഞ്ഞു. എന്നാൽ അദ്ദേഹം അത് സ്വീകരിക്കുമോ എന്ന് പറഞ്ഞിട്ടില്ല. പൊതുകാര്യങ്ങളിൽ മോഹൻലാൽ തത്പരനാണ്. കൂടാതെ തിരുവനന്തപുരത്തുകാരനും. ബി.ജെ.പിയോട് അദ്ദേഹം അനുഭാവം കാണിക്കുന്നുമുണ്ടെന്നും രാജഗോപാൽ വ്യക്തമാക്കി.

മോഹൻലാലിനെ സ്ഥാനാർഥിയാക്കണമെന്ന് പാർട്ടിയിലെ ഒരു വിഭാഗത്തിന് താത്പര്യം അറിയിച്ചെങ്കിലും സന്നദ്ധനല്ലെന്ന മറുപടിയാണ് ലാൽ നൽകിയതെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഇതിനിടെയാണ് ബി.ജെ.പിയിലെ മുതിർന്ന നേതാവും സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് വ്യക്തമാക്കിയത്.

നിലവിൽ എം.പി.യായ നടൻ സുരേഷ്‌ഗോപി, മുൻ ഡി.ജി.പി. ടി.പി. സെൻകുമാർ തുടങ്ങിയവർ മത്സരിക്കാനിടയുള്ളവരുടെ പട്ടികയിലുണ്ട്. തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, സുരേഷ്‌ഗോപി, സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ തുടങ്ങിയവരുടെ പേരുകളാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്നത്. മിസോറാം ഗവർണർ കുമ്മനം രാജശേഖരനു വേണ്ടിയുള്ള വാദവും ശക്തമാണ്.