kaumudy-news-headlines

1. ഉയര്‍ന്ന ജി.എസ്.ടി സ്ലാബിലുള്ള ഉത്പന്നങ്ങള്‍ക്ക് എല്ലാം ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തി പിണറായി സര്‍ക്കാരിന്റെ നാലാം ബഡ്ജറ്റ്. 12,18,28 ശതമാനം ജി.എസ്.ടിയുള്ള ഉത്പന്നങ്ങള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് ആണ് സെസ് ഈടാക്കാന്‍ തീരുമാനിച്ചത്. മദ്യത്തിന് രണ്ട് ശതമാനവും സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ക്ക് കാല്‍ ശതമാനവും നികുതി വര്‍ധിപ്പിച്ചു. സിനിമാ ടിക്കറ്റുകള്‍ക്ക് 10 ശതമാനം വിനോദ നികുതി പിരിക്കാനും 3000 ചതുരശ്ര അടിയില്‍ കൂടുതലുള്ള വീടുകള്‍ക്ക് ആഡംബര നികുതി ഈടാക്കാനും ബഡ്ജറ്റില്‍ തീരുമാനം

2. നിര്‍മ്മാണ മേഖലയിലെ ഭൂരിഭാഗം സാധനങ്ങള്‍ക്കും വില കൂടി. സിമ്മന്റ്, പെയിന്റ്, ഗ്രാനൈറ്റ്, സെറാമിക് ടെയ്ല്‍സ്, മുള ഉത്പന്നങ്ങള്‍, ടൂത്ത് പേസ്റ്റ് എന്നിവയുടെ എല്ലാം വില ഉയരും. സ്വര്‍ണ്ണം, കാര്‍, എ.സി, സോപ്പ്, കംപ്യൂട്ടര്‍, നോട്ടുബുക്ക്, കണ്ണട, ടെലിവിഷന്‍, സ്‌കൂള്‍ ബാഗ് എന്നിവയ്ക്കും വില വര്‍ധിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ശബരിമല വികസനത്തിന് മാത്രമായി സര്‍ക്കാര്‍ അനുവദിച്ചത് 739 കോടി രൂപയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടിയും ബഡ്ജറ്റില്‍ വകയിരുത്തി

3. നവകേരളത്തിനായി 25 പദ്ധതികള്‍ പ്രഖ്യാപിച്ച ബഡ്ജറ്റില്‍ ക്ഷേമ പെന്‍ഷന്‍ 100 രൂപ വര്‍ധിപ്പിച്ച് 1200 രൂപ ആക്കി. രണ്ടാം കുട്ടനാട് പാക്കേജിനും കുടുംബശ്രീയ്ക്കും 1000 കോടി വീതം അനുവദിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ പുനരുദ്ധാരണത്തിനും 1000 കോടി ബഡ്ജറ്റ് വകയിരുത്തി. ശമ്പള പരിഷ്‌കരണ കുടിശിക പണമായി നല്‍കും. ഏപ്രിലില്‍ രണ്ട് ഗഡു നല്‍കും. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 20 കോടി. സൗരോര്‍ജ്ജ പാനലുകള്‍ക്ക് കിഫ്ബിയില്‍ നിന്ന് പണം അനുവദിക്കും.

4. ലൈഫ് മിഷന് 1,290 കോടി. സ്‌കൂളുകള്‍ നവീകരിക്കാന്‍ പ്രത്യേക പദ്ധതികള്‍. വയനാട്ടിലെ കാപ്പി കര്‍ഷകരുടെ വരുമാനം ഇരട്ടി ആക്കും. കണ്ണൂര്‍ വിമാനത്താവളത്തോട് അനുബന്ധിച്ച് വ്യവസായ മേഖല സ്ഥാപിക്കും.

5. നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ആവശ്യത്തില്‍ തീരുമാനം നീളുന്നു. വനിതാ ജഡ്ജിയെ കണ്ടെത്താന്‍ ആയില്ലെന്ന് റജിസട്രാര്‍ ഹൈക്കോടതി അറിയിച്ചു. തൃശൂരിലെ രണ്ട് വനിതാ ജഡ്ജിമാര്‍ അസൗകര്യം അറിയിച്ചു. എറണാകുളത്തെ വനിതാ ജഡ്ജിയെ കേസ് പരിഗണിക്കാമോ എന്ന് ഹൈക്കോടതിയോട് ആരാഞ്ഞ് റജിസ്ട്രാര്‍

6. പാലക്കാട് ജില്ലയില്‍ നിന്നുള്ള വനിതാ ജഡ്ജിമാരുടെ ഒഴിവുകള്‍ പരിശോധിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അടുത്ത വ്യാഴാഴ്ച പുതിയ പട്ടിക നല്‍കണമെന്നും കോടതി. കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നും വിചാരണ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്ത്രീകളും കുട്ടികളും ഇരകളാകുന്ന കേസുകള്‍ പരിഗണിക്കേണ്ട കോടതികളുടെ അപര്യാപ്തതയും സൗകര്യക്കുറവും സംസ്ഥാനത്ത് അതീവ ഗൗരവരതരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു

7. എന്‍ഡോസല്‍ഫാന്‍ ദുരിത ബാധിതരുടെ സമരത്തിനോട് നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍. നാളെ എന്‍ഡോസല്‍ഫാന്‍ സമരസമിതിയുമായി റവന്യൂ മന്ത്രി ചര്‍ച്ച നടത്തും. രാവിലെ 11.30ന് നിയമസഭയില്‍ ചര്‍ച്ച നടക്കും. തീരുമാനം, സെക്രട്ടേറിയേറ്റിന് മുന്നില്‍ എന്‍ഡോസല്‍ഫാന്‍ സമര സമിതി നിരാഹാര സമരം തുടരുന്ന പശ്ചാത്തലത്തില്‍. തലസ്ഥാനത്ത് സമരം നടത്തുന്നത് എന്‍ഡോസല്‍ഫാന്‍ ബാധിതരായ എട്ട് കുട്ടികളും രക്ഷിതാക്കളും

8. മുഴുവന്‍ ദുരിത ബാധിതരെയും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, സുപ്രീംകോടതി വിധി പ്രകാരമുള്ള ധനസഹായം നല്‍കുക, കടങ്ങള്‍ എഴുതി തള്ളുക, പുനരധിവാസ ഗ്രാമം പദ്ധതി യാഥാര്‍ത്ഥ്യമാകുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സര്‍ക്കാര്‍ കണക്കിലുള്ള 6212 ദുരിത ബാധിതകര്‍ക്കും ധനസഹായമായി ഇതുവരെ 184 കോടി രൂപ ചിലവഴിച്ചെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് വാര്‍ത്താക്കുറിപ്പ് പുറത്ത് ഇറക്കിയിരുന്നു. കോടതി വിധി പ്രകാരം ധനസഹായത്തന്റെ മൂന്ന് ഗഡുക്കളും നല്‍കി. ഈ സാഹചര്യത്തില്‍ സമരത്തില്‍ നിന്ന് പിന്മാറണം എന്ന് സര്‍ക്കാര്‍

9. തിരുവനന്തപുരത്തെ സി.പി.എം പാര്‍ട്ടി ഓഫീസ് റെയ്ഡ് ചെയ്ത സംഭവത്തില്‍ എസ്.പി ചൈത്ര തെരേസ ജോണിന് എതിരെ നടപടിക്ക് സാധ്യത. വുമണ്‍ സെല്ലിന്റെ എസ്.പി സ്ഥാനത്ത് നിന്ന് മാറ്റാന്‍ നീക്കം. കുറച്ച് കാലത്തേക്ക് പകരം ചുമതല നല്‍കാതിരിക്കാനും തീരുമാനം. സക്കാര്‍ ഇത് സംബന്ധിച്ച നിയമവശം പരിശോധിച്ചതായി സൂചന. സ്ഥലം മാറ്റംം അടക്കമുള്ള നടപടി ഉണ്ടായേക്കും

10. അതേസമയം, ചൈത്രയ്ക്ക് എതിരെ നടപടി വേണമെന്ന നിലാടില്‍ ഉറച്ച് സി.പി.എം ജില്ലാ നേതൃത്വം. പുതിയ നീക്കം, എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൈത്രയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ. അന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പി മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. റിപ്പോര്‍ട്ടില്‍ ക്ലീന്‍ ചിറ്റ് ആയതിനാല്‍ ചൈത്രയ്ക്ക് എതിരെ നടപടി എടുക്കാന്‍ ആകില്ലെന്നും വിവരം ഉണ്ട്

11. ശബരിമല കേസ് സുപ്രീംകോടതി ഫെബ്രുവരി 6ന് പരിഗണിക്കും. കോടതി പരിഗണിക്കുന്നത് പുനപരിശോധന ഹര്‍ജികളും കോടതിയലക്ഷ്യ ഹര്‍ജികളും. ശബരിമല കേസ് ഉള്‍പ്പെട്ടിട്ടുള്ളത് ഫെബ്രുവരി മാസം സുപ്രീംകോടതി പരിഗണിക്കുന്ന കേസുകളുടെ സാധ്യത പട്ടികയില്‍. നരത്തെ കേസ് ജനുവരി 22ന് പരിഗണിക്കാനാണ് തീരുമാനിച്ചിരുന്നത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ അവധി കണക്കിലെടുത്ത് തീയതി മാറ്റിയിരുന്നു.

12. കോടതിയുടെ പരിഗണനയില്‍ ഉള്ളത് ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സെപ്തംബര്‍ 28ലെ വിധിക്ക് എതിരായ 50ലേറെ പുന പരിശോധന ഹര്‍ജികള്‍. ഇതിനു പുറമെ റിട്ട് ഹര്‍ജികളും ദേവസ്വം ബോര്‍ഡിന്റെ സാവകാശ ഹര്‍ജികളും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്