hindu-mahasabha-

തിരുവനന്തപുരം: രക്തസാക്ഷി ദിനത്തിൽ ഗാന്ധിജിയുടെ കോലത്തിന് നേരെ പ്രതീകാത്മകമായി വെടിയുതിർത്ത സംഭവത്തെ അപലപിച്ച് ബി.ജെ.പി കേരള ഘടകം. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ അതിഹീനമായ രീതിയിൽ ഗാന്ധിവധം പുനരാവിഷ്കരിച്ച് ആഘോഷമാക്കിയ നടപടിയെ ശക്തമായി അപലപിക്കുന്നതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി. എസ്. ശ്രീധരൻപിള്ള വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

ഇന്നും എന്നും രാഷ്ട്രം കണ്ണീരോടെ ഓർക്കുന്ന ഗാന്ധിവധം ഒരുവിഭാഗം സാമൂഹ്യവിരുദ്ധർ അലിഗഡില്‍ ആഘോഷമാക്കിയത് ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ഭാരതത്തിൻറെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ ഗാന്ധിജിയുടെ സംഭാവനകളെ രാജ്യം മുഴുവൻ എക്കാലവും പ്രകീർത്തിക്കും.

ഗാന്ധിജിയുടെ ദർശനങ്ങളും ചിന്തകളും എക്കാലവും ഭാരതീയർക്ക് മാർഗ നിർദ്ദേശകവും ആയിരിക്കും. ഗാന്ധിവധം പുനരാവിഷ്കരിച്ച് ആഘോഷമാക്കി മാറ്റാനുള്ള കപടഹിന്ദുത്വവാദികളുടെ പ്രവർത്തനങ്ങൾ ദേശീയ ശക്തികളെ ദുർബലപ്പെടുത്താനും കരി തേച്ച് കാണിക്കാനും മാത്രമേ സഹായിക്കുകയുള്ളുവെന്നും ശ്രീധരൻപിള്ള പറഞ്ഞു.

ഒരിക്കലും മാപ്പർഹിക്കാത്ത മഹാപാതകം ആയിരുന്നു മഹാത്മജിയുടെ വധം. ഗാന്ധിവധം ആഘോഷിക്കുന്നവർ ആരായാലും വികലമായ മനസിന്റെയും മസ്തിഷ്കത്തിന്റെയും ഉടമകളാണെന്നും ശ്രീധരൻപിള്ള അഭിപ്രായപ്പെട്ടു. ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തിൽ പ്രതീകാത്മകമായി വെടിയുതിർക്കുകയും കോലത്തിൽ നിന്ന് ചോര ഒഴുകുന്നതായി പ്രദർശിപ്പിക്കുകയും ചെയ്തത്.

അലിഗഡിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പ്രകോപനപരമായി പെരുമാറിയത്. ഇതിന് പുറകേ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയുടെ പ്രതിമയിൽ ഹാരാർപ്പണവും നടത്തി. ഹിന്ദു മഹാസഭ പ്രവർത്തകർ ഗോഡ്സെക്ക് മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. സംഭവത്തിൽ 13 പേർക്കെതിരെ കേസെടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി നേരത്തെ പൊലീസ് അറിയിച്ചിരുന്നു.