ന്യൂഡൽഹി: 2017-18 കാലഘട്ടത്തിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിലയിലെത്തിയതായി നാഷണൽ സാമ്പിൾ സർവേ ഓഫീസ് റിപ്പോർട്ട് പുറത്തുവിട്ടു. തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനത്തിലെത്തിയതായും ഇത് 1972–73 കാലഘട്ടത്തിനു ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ടെന്ന് ഒരു ദേശീയ മാദ്ധ്യമം വ്യക്തമാക്കി. എന്നാൽ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ അംഗീകരിച്ച റിപ്പോർട്ട് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കേന്ദ്ര നയങ്ങളിൽ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ ആക്ടിംഗ് ചെയർമാനും മലയാളിയുമായ പി.സി. മോഹനൻ, കമ്മിഷൻ അംഗം ജെ.വി. മീനാക്ഷി എന്നിവർ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിവാദ റിപ്പോർട്ടിലെ ഉള്ളടക്കം പുറത്തായത്. തൊഴിലില്ലായ്മ സംബന്ധിച്ച് ദേശീയ മാദ്ധ്യമം പുറത്തുവിട്ട റിപ്പോർട്ട് കരടിന്റെ ഭാഗം മാത്രമാണ്. ഇതിൽ ചൂണ്ടിക്കാട്ടിയ വിവരങ്ങൾ അന്തിമമല്ല -നിതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ റിപ്പോർട്ടിൽ തമ്മിലടിച്ച് രാഹുലും മോദിയും ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ എത്തുന്നതിന് മുമ്പ് വാഗ്ദാനം ചെയ്ത രണ്ട് കോടി ജോലി ദേശീയ ദുരന്തമാണെന്ന് തെളിഞ്ഞെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി പറഞ്ഞു. റിപ്പോർട്ടിനെ തുടർന്ന് ട്വിറ്ററിലായിരുന്നു രാഹുലിന്റെ പ്രതികരണം. 'നോമോ ജോബ്സ്" എന്ന് പരിഹസിച്ചായിരുന്നു രാഹുലിന്റെ കുറിപ്പ്. രാജ്യം ഏറ്റവും വലിയ തൊഴിലില്ലായ്മയിലൂടെയാണ് കടന്ന് പോവുകയാണ്. ആറര കോടി യുവാക്കൾ 2017-18 ൽ മാത്രം തൊഴിൽ രഹിതരായി. മോദിയെ പോകാൻ അനുവദിക്കാൻ സമയമായി. നരേന്ദ്ര മോദിയെന്ന ഫഹ്‌റർ ( ഹിറ്റ്‌ലറെ വിശേഷിപ്പിക്കുന്ന വാക്ക്) കഴിഞ്ഞ അഞ്ച് വർഷവും നമ്മളെ പറ്റിച്ചെന്നും രാഹുൽഗാന്ധി പറഞ്ഞു. ഇതിന് മറുപടിയായി രാഹുൽ ഗാന്ധിക്ക് മുസോളിനിയുടെ ഹ്രസ്വ വീക്ഷണം മാത്രമാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. കാര്യങ്ങളെ പറ്റി രാഹുലിന് കാര്യവിവരമില്ലെന്നും മോദി കളിയാക്കി. രാഹുലിനെ പോലെ ഒരു തൊഴിലും ചെയ്യാത്തവർക്ക് മാത്രമേ ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കാൻ സാധിക്കൂ എന്നും രാഹുൽ പറഞ്ഞു.