sabarimala-women-entry-

ന്യൂഡൽഹി: ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ച വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികൾ ഫെബ്രുവരി ആറിനു സുപ്രീം കോടതി പരിഗണിക്കും. സുപ്രിംകോടതി വിധി നടപ്പാക്കുന്നതിനു തടസം നിന്നുവെന്ന് ആരോപിച്ച് നൽകിയിട്ടുള്ള കോടതിയലക്ഷ്യ ഹർജികളും അന്നേ ദിവസം പരിഗണിക്കും. കേസ് വാദം കേൾക്കുന്നതിനായി ബെഞ്ച് രൂപീകരിച്ചു കൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും.

ശബരിമല വിധിക്കെതിരെ അമ്പതോളം പുനഃപരിശോധനാ ഹർജികളാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. ഇതിന് പുറമെ റിട്ട് ഹർജികളും ദേവസ്വം ബോർഡിന്റെ സാവകാശ ഹർജികളും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ശബരിമല റിട്ട് ഹർജികൾ ഫെബ്രുവരി എട്ടിനാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.


ഫെബ്രുവരി മാസം സുപ്രീം കോടതി പരിഗണിക്കുന്ന കേസുകളുടെ സാദ്ധ്യതാ പട്ടികയിലാണ് ശബരിമല ഹർജികളും ഉൾപ്പെട്ടിട്ടുള്ളത്. കേസ് ജനുവരി 22ന് പരിഗണിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഭരണഘടനാ ബെഞ്ചിലെ ഏക വനിത അംഗമായ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ മെഡിക്കൽ അവധി കണക്കിലെടുത്ത് തീയതി മാറ്റുകയായിരുന്നു.