കോഴിക്കോട്: ബഡ്‌ജറ്ര് പൊതുവേ മികച്ചതാണെങ്കിലും നികുതി വർദ്ധിപ്പിച്ച നടപടി നികുതി വെട്ടിപ്പിന് ഇടയാക്കുമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. നികുതി വെട്ടിപ്പ് തടയാൻ കർശന നടപടി സ്വീകരിച്ചാലേ റെവന്യൂ വരുമാനം കൂട്ടാൻ സർക്കാരിന് കഴിയൂ.
നികുതിയിനത്തിൽ ഖജനാവിലേക്ക് വരുമാനം വൻതോതിൽ എത്തിയാലേ ഉദ്ദേശിക്കുന്ന രീതിയിൽ ക്ഷേമ, വികസന പ്രവർത്തനങ്ങൾ നടപ്പാക്കാനാകൂ. അതിനാൽ, നികുതി വെട്ടിപ്പ് തടയാൻ സർക്കാർ പ്രഥമ പരിഗണന നൽകണം. വെട്ടിപ്പ് തടയാൻ പൊതുജനങ്ങൾക്കിടയിൽ സർക്കാർ വ്യാപകമായ പ്രചാരണം നടത്തണം. ഏത് ഉത്‌പന്നം വാങ്ങുമ്പോഴും നിർബന്ധമായും ബില്ല് ചോദിച്ചുവാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കണം.
സ്വർണത്തിന്റെ നികുതിവെട്ടിപ്പ് തടയാൻ നിർമ്മാണഘട്ടം മുതൽ ഉപഭോക്താവിന്റെ കൈയിൽ എത്തുന്നവരെയുള്ള കൃത്യമായ ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്തണം. ബി.ഐ.എസ് ഹാൾമാർക്കിംഗും നിർബന്ധമാക്കണം. പഴയ സ്വർണം വില്‌ക്കുമ്പോൾ ഇതു വാങ്ങിയതിന്റെ രേഖകൾ ഹാജരാക്കമെന്ന നിബന്ധന വച്ചാൽ നികുതിവെട്ടിപ്പ് ഒരു പരിധിവരെ തടയാം. ഇറക്കുമതി സ്വർണം എവിടേക്കു പോകുന്നു എന്നതുസംബന്ധിച്ചും കർശന പരിശോധന വേണമെന്നും അദ്ദേഹം പറഞ്ഞു.
സെസ് തിരിച്ചടിയാകും: ഫിക്കി
കേരളത്തിന്റെ പുനർനിർമ്മാണം ലക്ഷ്യമിടുന്ന വികസനോന്മുഖ ബഡ്‌ജറ്റാണിതെന്ന് ഫിക്കി അഭിപ്രായപ്പെട്ടു. എന്നാൽ, ഒരു ശതമാനം സെസ് വലിയ പ്രത്യാഘാതം സൃഷ്‌ടിക്കുമെന്ന് ഫിക്കി കേരള സ്‌റ്രേറ്ര് കൗൺസിൽ കോ-ചെയർമാൻ ദീപക് എൽ. അസ്വനി പറഞ്ഞു. സെസ് കേരളീയർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും. വ്യാപാരികളുടെയും റീട്ടെയിൽമാരുടെയും നിലവിൽപ്പിന് തന്നെ ഇതു തിരിച്ചടിയാകും.
അതേസമയം, കൃഷി, സ്‌റ്റാർട്ടപ്പ്, ഇന്നൊവേഷൻ, ഐടി ഹബ്ബ്, വിദ്യാഭ്യാസം, ടൂറിസം വികസനം തുടങ്ങിയ മേഖലകളുടെ വികകസനത്തിന് ഫണ്ട് വകയിരുത്തിയത് സ്വാഗതാർഹമാണ്. വ്യവസായ പാർക്കുകളുടെ വികസനത്തിന് കൂടുതൽ ഫണ്ട് അനുവദിക്കുന്നത് കേരളത്തിലെ ഇലക്ട്രോണിക്‌സ്, ഭക്ഷ്യസംസ്‌കരണം, പെട്രോകെമിക്കൽസ്, പ്രതിരോധ മേഖല തുടങ്ങിയ മേഖലകളിൽ കൂടുതൽ നിക്ഷേപമെത്താൻ വഴിയൊരുക്കും. കൊച്ചി-കോയമ്പത്തൂർ വ്യവസായ ഇടനാഴി, പുതിയ റെയിൽപ്പാത, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഇൻഡസ്ട്രിയൽ പാർക്ക് എന്നിവയും സ്വാഗതാർഹമാണ്.