തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി എന്ന സ്ഥാപനത്തെ കൂടുതൽ സ്നേഹിച്ചതുകാണ്ടാണ് ആ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതെന്ന് ടോമിൻ തച്ചങ്കരി. തന്റെ സ്ഥാപനത്തെ കാമിനെയെപ്പോലെ സ്നേഹിച്ചു. ഒരു ഉദ്യോഗസ്ഥനും തന്റെ സ്ഥാപനത്തെ സ്വന്തമെന്ന് കരുതി ഇങ്ങനെ സ്നേഹിക്കാൻ പാടില്ലെന്നും ടോമിൻ തച്ചങ്കരി പറഞ്ഞു. കോർപറേഷൻ ആസ്ഥാനത്തൊരുക്കിയ യാത്രയയപ്പ് സമ്മേളനത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
'യൂണിനുമായി യാതൊരു പ്രശ്നവുമില്ല, കെ.എസ്.ആർ.ടി.സിയിലേക്ക് ഭിക്ഷക്കാരനായല്ല വന്നത്. സർക്കാർ ആവശ്യപ്പെട്ടതെല്ലാം ചെയ്ത ശേഷമാണു മടക്കം. ആരോടും പരിഭവമോ പിണക്കമോ ഇല്ല. പലരെയും വേദനിപ്പിച്ചെങ്കിലും കർമ്മനിരതനായി കൂടെ നിൽക്കുകയാണ് ചെയ്തതെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരുപത്തിയഞ്ച് വർഷത്തിനിടെ ആദ്യമായി ശമ്പളവും ആനുകൂല്യങ്ങളും സർക്കാരിന്റെ സാമ്പത്തിക പിന്തുണയില്ലാതെ ജീവനക്കാർക്ക് നൽകാൻ കഴിഞ്ഞ കാര്യവും അദ്ദേഹം വിശദീകരിച്ചു. ഇതിന് മുന്നെ സർക്കാരിൽ നിന്ന് 20 മുതൽ 50 കോടി വരെ സഹായം വാങ്ങിയാണ് എല്ലാ മാസവും ശമ്പളം നൽകിയിരുന്നത്. മാത്രമല്ല ഭരണപരിഷ്കാരങ്ങളിലൂടെ ചെലവ് കുറയ്ക്കുകയും വരുമാനം വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു.