ന്യൂഡൽഹി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യൻ സന്ദർശനത്തിന് ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചർച്ചകൾക്കായാണ് നെതന്യാഹു ഇന്ത്യയിലെത്തുന്നത്. വരുന്നത്. ഫെബ്രുവരിയിരിക്കും സന്ദർശനം.
ഇസ്രയേൽ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും സന്ദർശന തീയതി പിന്നീടേ പുറത്തുവിടുകയുളളൂവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാൽ ഇസ്രയേൽ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ തയ്യാറാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്. അന്ന് സൈബർ സെക്യുരിറ്റി, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങി ഒൻപത് കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നു.
ഇസ്രയേൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബെൻ ഷബത്ത് ഈയിടെ ഇന്ത്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബെൻ ഷബത്തിന്റെ കൂടിക്കാഴ്ചയ്ക്കിടെ നെതന്യാഹു ഫോൺ വഴി നരേന്ദ്രമോദിയുമായി സംസാരിച്ചിരുന്നു. ഈ ഘട്ടത്തിലാണ് നെതന്യാഹുവിന്റെ രണ്ടാം സന്ദർശനത്തിനുളള തീരുമാനം ഉണ്ടായത്.