ഒരു മാസത്തിനിടെ മൂന്നാമത്തെ മരണം
പുൽപള്ളി: വയനാട് കേരള- കർണാടക അതിർത്തിയിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. കർണാടക അതിർത്തി പ്രദേശമായ മച്ചൂരിനടുത്ത ചെമ്പുംകൊല്ലിയിലാണ് ഹൊസള്ളി കോളനിയിലെ കെഞ്ചനെ (58) കടുവ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച വൈകിട്ടോടെ വനത്തിൽ കാട്ടുകിഴങ്ങുകൾ ശേഖരിക്കാനായി കോളനിക്കടുത്തെ വനത്തിൽ പോയതായിരുന്നു കെഞ്ചനും അയൽവാസിയായ സുഹൃത്തും. വീട്ടിൽ നിന്നും അര കിലോമീറ്റർ ദൂരെയുള്ള വനത്തിലെ അരുവിയിൽ നിന്ന് വെള്ളം കുടിക്കുമ്പോഴാണ് കടുവ ആക്രമിച്ചത്. ഇതോടെ ഒരു മാസത്തിനിടെ കടുവയുടെ ആക്രമണത്തിൽ മേഖലയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി.
കെഞ്ചനെയാണ് ആദ്യം ആക്രമിച്ചത്. ബഹളമുണ്ടാക്കിയപ്പോൾ ഒപ്പമുണ്ടായിരുന്ന ആൾക്കുനേരെ കടുവ തിരിഞ്ഞു. ഇയാൾ മരത്തിൽഓടിക്കയറി. കടുവയും പിന്നാലെ കയറി. കൈയിലിരുന്ന കമ്പികൊണ്ട് പലതവണകുത്തിയതിനുശേഷമാണ് കടുവ താഴേക്കിറങ്ങിയത്. ഇയാൾ അലറി വിളിച്ചതിനെത്തുടർന്ന് നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. ഇതിനിടെ കെഞ്ചൻ മരിച്ചു. രണ്ടു ദിവസം മുമ്പ് ഗുണ്ടറിലെ ചിന്നപ്പയേയും ആഴ്ചകൾക്കുമുമ്പ് മധു എന്ന യുവാവിനേയും കടുവ കൊന്നിരുന്നു. കെഞ്ചന്റെ ഭാര്യ ജാനു. മക്കൾ സുരേഷ്, ഭാരതി, സരോജിനി.
ഹൈവേ ഉപരാേധിച്ചു
പുൽപള്ളി:നരഭോജിയായ കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് ബാവലി - മൈസൂർ ഹൈവേ നാട്ടുകാർ ഉപരോധിച്ചു. കടുവയെ വെടിവച്ച് കൊല്ലാതെ മൃതദേഹം മാറ്റാൻ അനവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. ഇതേത്തുടർന്ന് മൃതദേഹം കിടന്ന സ്ഥലത്ത് കാവൽ ഏർപ്പെടുത്തി. ബൈരക്കുപ്പക്കടുത്ത മച്ചൂരിലാണ് റോഡ് ഉപരോധിച്ചത്. നിരവധി വാഹനങ്ങൾ ഇവിടെ കുടുങ്ങി. നടുറോഡിൽ ടയറുകളും മറ്റും കൂട്ടിയിട്ട് കത്തിച്ചു.