രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ അദ്ദേഹത്തിന്റെ കോലത്തിന് നേരെ പ്രതീകാത്മകരമായി വെടിയുതിർത്തതിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എം.എം മണി രംഗത്ത്. നിറയൊഴിച്ചുകൊണ്ട് രാഷ്ട്രപിതാവിനെ നിഷ്ഠൂരമായി കൊല ചെയ്ത ഗോഡ്സേക്ക് ജയ് വിളിക്കുകയും മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തതിനെതിരെ ശക്തമായാണ് മന്ത്രി ഫേസ്ബുക്കിലൂടെ വിമർശിച്ചത്.
'ഒരു കൂസലുമില്ലാതെ പരസ്യമായി ഇങ്ങിനെ ചെയ്യാൻ ഇവർക്ക് കഴിഞ്ഞത് മോദിയാണ് രാജ്യം ഭരിക്കുന്നതെന്ന ഹുങ്കാണോ? ഗുജറാത്തിലെ ചോരക്കറ ഇപ്പോഴും പേറുന്ന മോദിയുടെ അനുയായികൾ ഇത് കാണിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ'. മണി ഫേസ്ബുക്കിൽ കുറിച്ചു. അലിഗഡിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പ്രകോപനപരമായി പെരുമാറിയത്. സംഭവത്തെ തുടർന്ന് 13 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
രാഷ്ട്രപിതാവ് രക്തസാക്ഷിത്വം വഹിച്ച ജനുവരി മുപ്പത്, അദ്ദേഹത്തിന്റേയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ വീരമൃത്യു പൂകിയ ആയിരക്കണക്കിന് രക്തസാക്ഷികളുടേയും സ്മരണക്കു മുന്നിൽ ആദരവ് അർപ്പിച്ചുകൊണ്ടാണ് നാം ആചരിച്ചത്. ഇതേസമയം ഗാന്ധിജിയുടെ ചിത്രത്തിലേക്ക് നിറയൊഴിച്ചുകൊണ്ട് രാഷ്ട്രപിതാവിനെ നിഷ്ഠൂരമായി കൊല ചെയ്ത ഗോഡ്സേക്ക് ജയ് വിളിക്കുകയും മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്ത് ആഘോഷിക്കുന്ന ചിലരെ കാണുകയുണ്ടായി. ഇത്ര നികൃഷ്ടമായി പെരുമാറുന്ന ഇവർ മനുഷ്യന്മാർ തന്നെയാണോ?
ഒരു കൂസലുമില്ലാതെ പരസ്യമായി ഇങ്ങിനെ ചെയ്യാൻ ഇവർക്ക് കഴിഞ്ഞത് മോദിയാണ് രാജ്യം ഭരിക്കുന്നതെന്ന ഹുങ്കാണോ? ഗുജറാത്തിലെ ചോരക്കറ ഇപ്പോഴും പേറുന്ന മോദിയുടെ അനുയായികൾ ഇത് കാണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഇതൊക്കെ കണ്ടിട്ടും മിണ്ടാട്ടമില്ലാതെ തുടരുന്ന കോൺഗ്രസിന് ഗാന്ധിജിയുടെ പേരേ വേണ്ടൂ, ഗാന്ധിജിയെ വേണ്ട എന്നല്ലേ
മനസ്സിലാക്കേണ്ടത്.