ന്യൂഡൽഹി: സി.ബി.ഐ ഡയറക്ടറെ തിരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടികയിൽ മദ്ധ്യപ്രദേശ് ഡി.ജി.പി ആർ.കെ. ശുക്ല ഒന്നാം സ്ഥാനത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനും സി.ബി.ഐ മുൻ താത്കാലിക ഡയറക്ടറുമായ രാകേഷ് അസ്താന റാങ്കിംഗിൽ വളരെ പിന്നിലാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവരടങ്ങുന്ന ഉന്നതാധികാര സമിതി നാളെ പരിഗണിക്കാനിരിക്കുന്ന പട്ടികയിലാണ് അസ്താനതാഴെ പോയത്.
ആദ്യം തയ്യാറാക്കിയ 82 പേരുടെ പട്ടികയിൽ നിന്ന് തിരഞ്ഞെടുത്ത 33 പേരാണ് പുതിയ ലിസ്റ്റിലുള്ളത്. 1985 കേഡർ ബാച്ചുകാരനായ ശുക്ല 2016 ജൂലായ് ഒന്നിനാണ് മദ്ധ്യപ്രദേശ് ഡി.ജി.പിയായി നിയമിക്കപ്പെടുന്നത്. സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ ആർ.ആർ. ഭട്‌നഗർ, സി.ബി.ഐ സ്‌പെഷ്യൽ ഡയറക്ടർ അരവിന്ദ് കുമാർ, യു.പി കേഡറിൽ നിന്നുള്ള ജവീദ് അഹ്മദ്, ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ഡയറക്ടർ ജനറൽ എ.പി. മഹേശ്വരി എന്നിവരും പട്ടികയിൽ മുന്നിലുണ്ട്.
സി.ബി.ഐ തന്നെ ഫയൽ ചെയ്ത എഫ്.ഐ.ആർ രാകേഷ് അസ്താനയ്ക്ക് വിലങ്ങുതടിയാകുന്നുണ്ട്. മോദി സർക്കാർ അധികാരത്തിന് വന്ന ശേഷം ഗുജറാത്തിൽ നിന്നുള്ള ഉദ്യോഗസ്ഥനായ അസ്താനയ്ക്ക് സി.ബി.ഐയിൽ സ്ഥാനക്കയറ്റം ലഭിച്ചത് സംശയങ്ങൾക്ക് കാരണമായിരുന്നു.