ന്യൂയോർക്ക്: യു.എസിലെ കെന്റക്കിയിൽ ക്ഷേത്രത്തിനുനേരെ അജ്ഞാതരുടെ ആക്രമണം. ലൂയിസ് വില്ലെയിലെ സ്വാമി നാരായണക്ഷേത്രത്തിന് നേരെയാണ് ആക്രമണം നടന്നത്. ക്ഷേത്രത്തിനുള്ളിൽ കടന്ന് വിഗ്രഹത്തിൽ കറുത്ത ചായം ഒഴിക്കുകയും ഉൾഭാഗം മലിനമാക്കുകയും ചെയ്തു.
ജനൽച്ചില്ലുകൾ പൊട്ടിക്കുകയും ചുമരുകൾ ചായമൊഴിച്ച് വൃത്തികേടാക്കുകയും ചെയ്തു. ചുമരെഴുത്തുകളും നടത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ അറകൾ ശൂന്യമാക്കിയ നിലയിലാണ്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. വംശീയാക്രമണത്തിന്റെ പട്ടികയിൽ പെടുത്തി യു.എസ് പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി. സംഭവത്തെ ലൂയിസ് വില്ലെ മേയർ ഗ്രെഗ് ഫിഷർ അപലപിച്ചു. സമത്വവും സാഹോദര്യവും പരസ്പരബഹുമാനവും നിലനില്ക്കുന്ന അന്തരീക്ഷമാണ് അവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തെ തുടർന്ന് ക്ഷേത്രത്തിന് കൂടുതൽ കാവലേർപ്പെടുത്തിയിട്ടുണ്ടെന്ന് മെട്രോ പൊലീസ് വകുപ്പ് മേധാവി അറിയിച്ചു. സാമൂഹ്യവിരുദ്ധരുടെ ഈ പ്രവൃത്തി തികച്ചും അപലപനീയമാണെന്ന് സ്വാമിനാരായണ ക്ഷേത്രഭാരവാഹി രാജ് പട്ടേൽ പറഞ്ഞു.
വിശ്വാസത്തേയും ഹിന്ദുസമൂഹത്തേയും തകർക്കാനുള്ള നീക്കമാണിതെന്ന് കെന്റക്കി സ്റ്റേറ്റ് പ്രതിനിധി നിമ കുൽക്കർണി പറഞ്ഞു.