തിരുവനന്തപുരം :ഭരണഘടനാ ശില്പി ഡോ.ബി.ആർ.അംബേദ്കറിനൊപ്പം ഭരണഘടന തയ്യാറാക്കാനുള്ള ദൗത്യം നിർവഹിച്ച 229 പേരിലെ ഏക ദളിത് സ്ത്രീയും ഏറ്റവും പ്രായം കുറഞ്ഞ അംഗവുമായ മലയാളി - ദാക്ഷായണി വേലായുധൻ.
ഒരു നൂറ്റാണ്ട് മുൻപ് ജാതിവിവേചനത്തിന്റെ ഇരുണ്ട കാലഘട്ടത്തിൽ സകല മാമൂലുകളേയും കാറ്റിൽ പറത്തി വിദ്യാഭ്യാസത്തിലൂടെ കരുത്ത് നേടിയ ആ മഹദ് വനിതയ്ക്ക് കാലം കാത്തു വച്ച ആദരമാണ് ഇന്നലെ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചത്. മികച്ച സ്ത്രീ ശാക്തീകരണ പ്രവർത്തകയ്ക്ക് ദാക്ഷായണി വേലായുധന്റെ പേരിൽ പുരസ്കാരം.
എറണാകുളത്തെ മുളവ്കാടെന്ന ദ്വീപ് ഗ്രാമത്തിൽ നിന്ന് രാജ്യത്തിന്റെ ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളി വരെയായ ദാക്ഷായണിയുടെ ജീവിതയാത്ര ദളിത് പിന്നാക്ക സമൂഹത്തെ പുളകം കൊള്ളിക്കുന്ന വിപ്ലവഗാഥയാണ്.
1912ലാണ് ദാക്ഷായണിയുടെ ജനനം. പുലയരെ അരയ്ക്ക് മുകളിൽ വസ്ത്രം ധരിക്കാൻ അനുവദിക്കാതിരുന്ന കാലത്ത് മേൽ വസ്ത്രം ധരിച്ച ആദ്യ പുലയസ്ത്രീകളിൽ ഒരാളായിരുന്നു അവർ.
മുളവുകാട് സെയിന്റ് മേരീസ് എൽ.പി. സ്കൂളിൽ തുടങ്ങി പച്ചാളത്തെ ചാത്ത്യാത്ത് എൽ.എം.സി. ഗേൾസ് ഹൈസ്കൂളിൽ സ്കൂൾ പഠനം പൂർത്തിയാക്കി. മഹാരാജാസിൽ ശാസ്ത്രം പഠിക്കാൻ ചേർന്ന ഏക വിദ്യാർത്ഥിനിയായപ്പോഴും വെല്ലുവിളികളായിരുന്നു. വിഷയം രസതന്ത്രം. അയിത്തം കാരണം മേൽജാതിക്കാരിയായ ടീച്ചറുടെ അടുത്തെങ്ങും നിൽക്കാൻ പാടില്ലായിരുന്നു. അകലെ നിന്നാണ് പഠിച്ചത്. 1935ൽ ഉയർന്ന മാർക്കോടെ ജയിച്ചു. കേരളത്തിൽ പുലയ സമുദായത്തിൽ നിന്ന് ആദ്യമായി ബിരുദം നേടിയ വനിതയായി.
മദ്രാസിലെ സെയിന്റ് ക്രിസ്റ്റഫർ ട്രെയിനിംഗ് കോളേജിൽ നിന്ന് എൽ.ടി. പാസായി അദ്ധ്യാപികയായി. വിദ്യാർത്ഥികളടക്കം പുലയ ടീച്ചറെന്ന് വിളിച്ചപ്പോഴും വകവച്ചില്ല. ശ്രീനാരായണ ഗുരുവിന്റെയും മഹാത്മാഗാന്ധിയുടെയും ആദർശങ്ങളിൽ ആകൃഷ്ടയായി. ഗാന്ധിജിയുടെ വാർദ്ധയിലെ ആശ്രമത്തിലെത്തി. അവിടെവച്ച് 1940 ൽ ഉഴവൂരുകാരൻ വേലായുധനെ വിവാഹം കഴിച്ചു. കസ്തൂർബാ ഗാന്ധി നൂൽനൂറ്റുണ്ടാക്കിയ ഖദർ സാരി ധരിച്ച് മഹാത്മാ ഗാന്ധിയുടെയും കസ്തൂർബയുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. കാർമ്മികൻ ഒരു കുഷ്ഠരോഗിയായിരുന്നു.
ദാക്ഷായണി പിന്നീട് കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. 1946ൽ ഇന്ത്യൻ ഭരണഘടന തയ്യാറാക്കാനുള്ള കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലിയിൽ അംഗമായി. അയിത്തം ഇല്ലാതാക്കുന്ന ആർട്ടിക്കിൾ 17 സാക്ഷാത്കരിക്കുന്നതിൽ ദാക്ഷായണിയുടെ പങ്ക് വലുതായിരുന്നു.
പിൽക്കാലത്ത് പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്രുവിന്റേയും ഇന്ദിരാഗാന്ധിയുടേയും അടുത്തയാളായി. ഭരണഘടന തയാറാക്കി കഴിഞ്ഞ് ദാക്ഷായണി ഡൽഹിയിൽ എൽ.ഐ.സി. ഉദ്യോഗസ്ഥയായി. 1969ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിളർന്നപ്പോൾ ഇന്ദിരാഗാന്ധിക്കെതിരായ സംഘടനാ കോൺഗ്രസിനൊപ്പമായിരുന്നു ദാക്ഷായണി. 1971ൽ അടൂർ ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.1978 ജൂലായിൽ 66- ാം വയസിലായിരുന്നു മരണം.