പരപ്പനങ്ങാടി : പെട്രോൾ പമ്പുകളിൽ സ്വൈപ്പിംഗ് മെഷീൻ സംവിധാനം ഇല്ലാത്തതു പമ്പ്‌ ജീവനക്കാരും യാത്രക്കാരും തമ്മിലുള്ള തർക്കങ്ങൾക്ക് കാരണമാകുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പോലുള്ള അർദ്ധസർക്കാർ സ്ഥാപനങ്ങളിലടക്കം ഈ സംവിധാനം ഇല്ല . കാഷ്‌ലെസ് ആകാനുള്ള കേന്ദ്രസ‌ർക്കാർ നയങ്ങൾക്ക് ഒട്ടും വില കൽപ്പിക്കാത്ത നടപടിയാണിതെന്നാണ് ഉപഭോക്താക്കളുടെ ആരോപണം.

അഞ്ചു പമ്പുകൾ ഉള്ള പരപ്പനങ്ങാടിയിൽ ഒന്നോ രണ്ടോ പമ്പുകളിൽ മാത്രമാണ് സ്വൈപ്പിംഗ് സംവിധാനം നിലവിലുള്ളത് . ഇന്ധനം അടിച്ച ശേഷമാവും കാർഡ് സംവിധാനം ഇല്ലെന്ന് പലരുമറിയുന്നത്. ഇത് പലപ്പോഴും വാക്പോരിലേക്ക് കാര്യങ്ങളെത്തിക്കുന്നു. ഉത്തരാവാദിത്വപ്പെട്ട ആളുകൾ പമ്പുകളിലില്ലാത്തതും തർക്കങ്ങൾ രൂക്ഷമാക്കുന്നു. കഴിഞ്ഞ ദിവസം ഒരു യാത്രക്കാരൻ ആയിരം രൂപയ്ക്കു ഇന്ധനം നിറച്ച ശേഷമാണ് സ്വൈപ്പിംഗ് മെഷീൻ ഇല്ലെന്നറിഞ്ഞത്. ജീവനക്കാരുമായി തർക്കമുണ്ടായപ്പോൾ മാനേജരുടെ നമ്പറന്വേഷിച്ചു. നമ്പറിൽ വിളിച്ചപ്പോൾ നിലവിൽ മാനേജരല്ലെന്നായിരുന്നു മറുപടി.

കാഷ് ലെസ് ഇക്കോണമിയെ പ്രോത്സാഹിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തുള്ള പരസ്യം ഇപ്പോഴും ദൃശ്യമാദ്ധ്യമങ്ങളിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഇൻകം ടാക്സ് വകുപ്പിന്റെ പേരിലാണ് പരസ്യം നൽകുന്നത്. പെട്രോൾ പമ്പുകളിൽ സ്വൈപ്പിംഗ് മെഷീൻ ഇല്ലാത്തത് സംബന്ധിച്ച് ഇൻകം ടാക്സ് അധികൃതർക്ക് പരാതി നൽകുമെന്ന് യാത്രക്കാരൻ പറഞ്ഞു