നിലമ്പൂര്‍: നിലമ്പൂര്‍ ബാലന് നാടകോത്സവത്തോടെ പതിമൂന്നാമത് പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിന് ഇന്ന് തിരിതെളിയും. വൈകിട്ട് ഏഴിന് നിലമ്പൂര്‍ ജി.യു.പി സ്കൂളിന് മുന്‍വശത്തുള്ള മൈതാനത്ത് നാടകോത്സവം നടന് മാമുക്കോയ ഉദ്ഘാടനം ചെയ്യും. പാട്ടുത്സവ് ചെയര്മാന് ആര്യാടന് ഷൗക്കത്ത് അദ്ധ്യക്ഷത വഹിക്കും. സാംസ്കാരിക സമ്മേളനത്തിനു ശേഷം കോഴിക്കോട് സങ്കീര്‍ത്തനയുടെ 'ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലി' അരങ്ങേറും. ആദ്യത്തെ നാടക, സിനിമാ നടി എറണാകുളം പള്ളുരുത്തിയിലെ ലക്ഷ്മിയുടെ ജീവിതത്തിലൂടെ മലയാള നാടക ചരിത്രം പറയുന്ന നാടകമാണിത്. ലക്ഷ്മിയുടെ വേഷം അഭിനയിച്ച മീനാക്ഷിക്ക് മികച്ച നടിക്കുള്ള സംസ്ഥാന നാടക അവാര്‍ഡ് ലഭിച്ചിരുന്നു. നിലമ്പൂര്‍ കോവിലകത്തെ വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രത്തിലെ പാട്ടുത്സവത്തോടനുബന്ധിച്ച് കാടിറങ്ങിയെത്തുന്ന ആദിവാസി ഗോത്രസമൂഹത്തിനും നാട്ടുകാര്‍ക്കും ഒന്നിച്ച് ജാതി, മതഭേദമില്ലാതെ കുടുംബത്തോടൊപ്പം കലാവിരുന്നുകള്‍ ആസ്വദിക്കാന്‍ ആര്യാടന് ഷൗക്കത്ത് പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 2006ലാണ് പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിന് തുടക്കമിട്ടത്. വ്യാപാരി വ്യവസായി ഏകോപനസമിതിയും മര്‍ച്ചന്റ്സ് അസോസിയേഷനും ഓട്ടോ, ടാക്സി തൊഴിലാളികളും ജനകീയ സമിതിയും കൈകോര്‍ത്താണ് പാട്ടുത്സവ് കേരളത്തിലെ പ്രധാന പുതുവത്സര സാംസ്കാരിക ഉത്സവമാക്കി മാറ്റിയത്. നാളെ കെ.പി.എ.സിയുടെ നാടകമായ 'മഹാകവി കാളിദാസന്' അരങ്ങേറും. നാലിന് കൊച്ചിന് നടനയുടെ 'നോട്ടം' . അഞ്ചിന് തിരുവനന്തപുരം കേരള തിയേറ്റേഴ്സിന്റെ 'എന്നും പ്രിയപ്പെട്ടവര്‍' . സാംസ്കാരിക സമ്മേളനത്തിനു ശേഷമായിരിക്കും നാടകങ്ങള്‍ അരങ്ങേറുക. സാംസ്ക്കാരിക സമ്മേളനങ്ങളില്‍ കവി ആലങ്കോട് ലീലാകൃഷ്ണന്, പി. സുരേന്ദ്രന് തുടങ്ങിയവർ പങ്കെടുക്കും. ആറിന് റാസ ബീഗത്തിന്റെ ഗസല്‍ അരങ്ങേറും. 10 മുതല്‍ 12 വരെ മെഗാസ്റ്റേജ് ഷോകള്‍ കോടതിപ്പടിക്കു സമീപമുള്ള പാട്ടുത്സവ് നഗരിയിൽ നടക്കും. വൈകിട്ട് ഏഴിന് സാംസ്കാരിക സമ്മേളനത്തോടെയാണ് മെഗാ സ്റ്റേജ് ഷോകള്‍ക്ക് തുടക്കം. 10ന് വിദ്വാന് മ്യൂസിക് ബാന്റ്. 11ന് രഹനയും സംഘവും അവതരിപ്പിക്കുന്ന ഇശല്‍ നിലാവ്. 12ന് തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാന്റ്. സാംസ്ക്കാരിക സമ്മേളനങ്ങളില്‍ ഗോകുലം ഗോപാലന്, സംവിധായകരായ ശ്രീകുമാർ മേനോന്, റോഷന് ആന്‍ഡ്രൂസ്, സിദ്ധാര്‍ത്ഥ് ശിവ, മജീഷ്യന്‍ ഗോപിനാഥ് മുതുകാട് എന്നിവര്‍ പങ്കെടുക്കും. വിവിധ വിനോദ, വിജ്ഞാന പരിപാടികള്‍ കോര്‍ത്തിണക്കി ടാക്സി ഡ്രൈവര്‍മാര്‍ ഒരുക്കുന്ന കാര്‍ണിവല്‍ ഒമ്പത് മുതല്‍ 20 ദിവസം കോടതിപ്പടിയില് നടക്കും.