മലപ്പുറം: നവോത്ഥാന മൂല്യങ്ങളും സ്ത്രീപുരുഷ സമത്വവും ഉയർത്തിപ്പിടിക്കൽ ലക്ഷ്യമിട്ട് കാസർകോട് മുതൽ തിരുവനന്തപുരം വരെ ദേശീയപാതയിൽ തീർത്ത വനിതാ മതിലിൽ ജില്ലയിൽ വൻപങ്കാളിത്തം. രണ്ടുലക്ഷത്തിലധികം പേർ അണിനിരന്നതായി സംഘാടകർ അറിയിച്ചു. ഐക്കരപ്പടി മുതൽ പുലാമന്തോൾ വരെയായി 55 കിലോമീറ്റർ നീളത്തിലാണ് ജില്ലയിൽ മതിലുയർന്നത്. ഉച്ചയോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലേക്ക് സ്ത്രീകളുടെ ഒഴുക്കായിരുന്നു. സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ മതിലിനൊപ്പം അണിനിരന്നു. വാഹനക്കുരുക്ക് മൂലം പലയിടങ്ങളിലും സമയത്തിന് പ്രതിനിധികൾക്ക് പങ്കെടുക്കാനായില്ല. സ്ത്രീകളും കുട്ടികളും വിദ്യാർത്ഥികളും പ്രായമായവരുമടക്കം വെയിലിനെ വകവയ്ക്കാതെ മതിലിൽ അണിനിരന്നു. റോഡിന്റെ ഒരുവശം ചേർന്ന് സൃഷ്ടിച്ച മതിൽ ഗതാഗതതടസ്സമില്ലാതെ നടത്താൻ സംഘാടകർ ശ്രമിച്ചു. പൊലീസിന്റെ ശക്തമായ സാന്നിദ്ധ്യവുമുണ്ടായിരുന്നു. ജില്ലയെ ഒമ്പത് കേന്ദ്രങ്ങളാക്കി തിരിച്ചാണ് മതിൽ തീർത്തത്. ഇതിൽ കുടുംബശ്രീ മുന്നുമേഖലകളിൽ അണിനിരന്നു. തിരഞ്ഞെടുത്ത 10 കേന്ദ്രങ്ങളിൽ സാസ്കാരിക നേതാക്കളുടെ നേത്യത്വത്തിൽ പ്രത്യേക സമ്മേളനവും നടത്തി.
മൂന്ന് മണിയോടെ ദേശീയപാതയിലെത്തിയ പ്രതിനിധികൾ മതിലുകൾ തീർത്ത് റിഹേഴ്സൽ നടത്തിയാണ് വൈകിട്ട് നാലിന് വനിതാമതിൽ തീർത്തത്. തുടർന്ന് മതേതര നവോത്ഥാന പ്രതിജ്ഞയെടുത്തു. പത്ത് കേന്ദ്രങ്ങളിൽ സാംസ്കാരിക സമ്മേളനങ്ങൾ നടന്നു. ഐക്കരപ്പടിയിൽ പി.കെ. സൈനബ, വേലായുധൻ വള്ളിക്കുന്ന്, പുളിക്കലിൽ ടി.കെ.ഹംസ, പി. ജിജി, കൊണ്ടോട്ടിയിൽ വി.ടി. സോഫിയ, വി.എം ഷൗക്കത്ത് മൊറയൂരിൽ രഹ്ന, ഇ. ജയൻ, മലപ്പുറത്ത് മന്ത്രി കെ.ടി.ജലീൽ, മറിയം ധവള, കൂട്ടിലങ്ങാടിയിൽ ഗീത, വി.പി. സക്കറിയ, രാമപുരത്ത് കെ.ബദറുന്നീസ, ടി.എം.സിദ്ദീഖ്, അങ്ങാടിപ്പുറത്ത് പി.സുചിത്ര, അഡ്വ. ഇ.സിന്ധു, വി.ശശികുമാർ, കെ.നന്ദകുമാർ, പെരിന്തൽമണ്ണയിൽ ഗിരിജ സുരേന്ദ്രൻ, പി.പി. വാസുദേവൻ, പ്രൊഫ. എം.എം. നാരായണൻ, പുലാമന്തോളിൽ സുബൈദ ഇസ്ഹാഖ്, എം. ചന്ദ്രൻ, സി.ദിവാകരൻ എന്നിവർ നേത്യത്വം നൽകി.
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ നഗരസഭ വൈസ് ചെയർപേഴ്സൺ നിഷി അനിൽ രാജ്, ഐ.എം.എ വനിതാ വിഭാഗം ഭാരവാഹി ഡോ.കൊച്ചു എസ് മണി, ഡോ.ശ്യാമളദേവ് തുടങ്ങിയവർ മതിലിന്റെ ഭാഗമായി.