മലപ്പുറം: സതിയും ശൈശവ വിവാഹവും നിരോധിച്ചപ്പോൾ ഇതെല്ലാം വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയുംഭാഗമാണെന്ന് പ്രചരിപ്പിച്ചവരുടെ പിൻതലമുറക്കാരാണ് ഇന്ന് പാരമ്പര്യവാദവുമായി രംഗത്തുവന്നിരിക്കുന്നതെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ ജനറൽസെക്രട്ടറി മറിയം ധവള പറഞ്ഞു. വനിതാമതിലിന്റെ ഭാഗമായി മലപ്പുറത്ത് സിവിൽസ്റ്റേഷൻ പരിസരത്ത് നടത്തിയ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സതിയും ശൈശവ വിവാഹവും നിരോധിക്കപ്പെട്ടപ്പോൾ ഇതെല്ലാം വിശ്വാസത്തിന്റെ ഭാഗമാണെന്ന് സ്ത്രീകളടക്കം അടിയുറച്ച് വിശ്വസിച്ചിരുന്നു. സ്ത്രീ മുന്നേറ്റത്തിന് വേണ്ടിയുള്ള എല്ലാ സമരത്തിലും പാരമ്പര്യവാദികൾ സ്ത്രീകളെയാണ് ഉപയോഗിച്ചതെന്ന വിരോധാഭാസവുമുണ്ട്. സ്ത്രീകൾക്കും ദളിതർക്കും വിദ്യാഭ്യാസത്തിന് അർഹതയില്ലെന്നും സ്ത്രീകൾ വീട്ടിനകത്ത് ഇരിക്കേണ്ടവരാണെന്നും പറയുന്ന മനുസ്മൃതി നടപ്പാക്കാനാണ് പാരമ്പര്യവാദികൾ ശ്രമിക്കുന്നത്. -മറിയം ധവള പറഞ്ഞു. പ്രൊഫ. പി. ഗൗരി അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ.ടി ജലീൽ മുഖ്യാതിഥിയായി. എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ, വി. അബ്ദുറഹ്മാൻ എം.എൽ.എ, മലയാള സർവകലാശാല വൈസ് ചാൻസിലർ അനിൽ വള്ളത്തോൾ, പി.പി സുനീർ, സി.പി.ഐ ജില്ലാസെക്രട്ടറി കൃഷ്ണദാസ്, സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ്, കെ.പി സുമതി തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കളക്ടർ അമിത് മീണയും ജില്ലാ പൊലീസ് മേധാവി പ്രതീഷ്കുമാറും പിന്തുണയുമായി വേദിയിലെത്തി.