എടക്കര: വഴിക്കടവ് തണ്ണിക്കടവ് കല്ലായ്‌പൊട്ടിയിൽ വനാതിർത്തിയിലെ പനയംതൊടിക സുബൈറിന്റെ വീട്ടിലെത്തിയ മൂന്നംഗ മാവോയിസ്റ്റ് സംഘത്തിലെ രണ്ടുപേരെ പൊലീസ് തിരിച്ചറിഞ്ഞു. വയനാട് സ്വദേശി സോമനെയും പൊള്ളാച്ചി സ്വദേശി സന്തോഷിനെയുമാണ് തിരിച്ചറിയാനായത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സുബൈറിന്റെ വീട്ടിൽ സംഘമെത്തിയത്. സുബൈറിന്റെ ഭാര്യ റംസീനയും രണ്ടുവയസുള്ള കുട്ടിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. പുറത്തുപോയിരുന്ന സുബൈറിനെ ഫോൺ ചെയ്ത് വരുത്തുകയായിരുന്നു. സംഘത്തിലെ ഒരാൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും പൊലീസിനുമെതിരെ ദീർഘനേരം സംസാരിച്ചു. മറ്റു രണ്ടുപേർ പുറത്ത് മാറിനിൽക്കുകയായിരുന്നെന്നും മൂന്നുപേരുടെയും കൈവശം ആയുധങ്ങളുണ്ടായിരുന്നതായും സുബൈർ പൊലീസിനേട് പറഞ്ഞു. സമീപത്തെ റബർതോട്ടത്തിൽ കൂടുതൽ പേർ ഉണ്ടായിരുന്നതായും സംശയമുണ്ട്. തുടർന്ന് വീട്ടുകാർക്ക് ലഘുലേഖകൾ നൽകി. കഴിഞ്ഞ ദിവസം മരുത മഞ്ചക്കോട് പോസ്റ്ററുകളും ലഘുലേഖകളും പതിച്ച കാര്യവും സംഘം വീട്ടുകാരോട് പറഞ്ഞു. ഈ പോസ്റ്ററുകളിലാണ് വനിതാമതിലിനെതിരെയും ശബരിമല വിഷയത്തിലെ ആർ.എസ്.എസ് നിലപാടിനെതിരെയും പരാമർശമുണ്ടായിരുന്നത്. മൂന്നുമണിക്കൂർ സംഘം വീട്ടിൽ ചെലവഴിച്ചു. തുടർന്ന് വീട്ടിൽനിന്നും അരിയും മഞ്ഞൾപൊടിയും വാങ്ങിയ സംഘം ഇനിയും വരാമെന്ന് പറഞ്ഞാണ് വനത്തിലേക്ക് തിരിച്ച് പോയത്. ശേഷം വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. വഴിക്കടവ് എസ്.ഐ ബിനുവിന്റെ നേതൃത്വത്തിൽ പൊലീസും നക്സൽ വിരുദ്ധസേനയും തമിഴ്‌നാട് പൊലീസും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.