കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 57.5 ലക്ഷം രൂപ വിലമതിക്കുന്ന 1166 ഗ്രാം സ്വർണം എയർ കസ്റ്റംസ് പിടികൂടി. യുവാവ് ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച അഞ്ചു സ്വർണ ബിസ്‌ക്കറ്റുകളും വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചു വിമാന ശുചീകരണ തൊഴിലാളികൾ വഴി പുറത്തു കടത്താൻ ശ്രമിച്ച 15 സ്വർണ ബിസ്‌ക്കറ്റുകളുമാണ് കസ്റ്റംസ് കണ്ടെടുത്തത്.
എയർ ഇന്ത്യ എക്സ്പ്രസിന്റെ ഷാർജ വിമാനത്തിലെത്തിയ മലപ്പുറം പറപ്പൂർ കുറുക്കൻ മുഹമ്മദ് (28) എന്ന യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ അഞ്ചു സ്വർണ ബിസ്‌ക്കറ്റുകൾ കണ്ടെടുത്തത്. ഇവയ്ക്ക് 16.78 ലക്ഷം രൂപ വില വരും. ദോഹയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിന്റെ സീറ്റിനടിയിൽ നിന്നാണ് 1163 ഗ്രാം വരുന്ന പത്തു സ്വർണ ബിസ്‌ക്കറ്റുകൾ കണ്ടെടുത്തത്. രഹസ്യവിവരം ലഭിച്ചതനുസരിച്ച് കാത്തിരുന്ന കസ്റ്റംസ് വിഭാഗം വിമാനത്തിൽ കയറി പരിശോധിക്കുകയായിരുന്നു. വിമാന ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് പുറത്തുകടത്താൻ സൂക്ഷിച്ചതാണ് ഇവയെന്നാണ് കരുതുന്നത്.