kk
.

മലപ്പുറം: വനിതാമതിലിൽ മലപ്പുറം ജില്ലയിൽ 55 കിലോമീറ്ററിൽ രണ്ടുലക്ഷം പേർ പങ്കെടുത്തതായി സംഘാടകർ. മലപ്പുറം നഗരത്തിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മറിയം ധവള ഉദ്ഘാടനം ചെയ്തു. സതിയേയും ശൈശവ വിവാഹത്തെയും ദേവദാസി സമ്പ്രദായത്തേയും അനുകൂലിച്ച പാരമ്പര്യവാദികളുടെ ചെറുമക്കളാണ് ഇന്ന് ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ രംഗത്തുവന്നതെന്ന് അവർ പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെയടക്കം ശ്രമഫലമായി സാദ്ധ്യമായ നവോത്ഥാന വെളിച്ചം ഇല്ലാതാക്കി സ്ത്രീ, ദളിത് വിരുദ്ധമായ മനുസ്മൃതിയെ കുടിയിരുത്താനാണ് ശ്രമമെന്നും മറിയം പറഞ്ഞു. ജില്ലയെ ഒമ്പത് മേഖലകളാക്കി തിരിച്ചാണ് മതിൽ സൃഷ്ടിച്ചത്.
മലപ്പുറത്ത് മന്ത്രി കെ.ടി. ജലീൽ കുടുംബസമേതം പങ്കെടുത്തു. വനിതാമതിലിൽ പങ്കെടുക്കരുതെന്ന് മുന്നറിയിപ്പേകിയ സമസ്തയെ ജലീൽ കടന്നാക്രമിച്ചു. ലീഗിന്റെ കുഴലൂത്തുകാരായി സമസ്ത മാറി. ലീഗിന് വേണ്ടിയെങ്കിൽ സ്ത്രീകൾക്ക് സ്റ്റേജിൽ വരെ കയറാം. ഇടതുപക്ഷത്തിന് വേണ്ടിയാണെങ്കിൽ ഇതൊന്നും പാടില്ലെന്ന് പറയുന്നത് ഇരട്ടത്താപ്പാണ്. - ജലീൽ പറഞ്ഞു. എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ, മലയാള സർവകലാശാല വൈസ് ചാൻസലർ അനിൽ വള്ളത്തോൾ,​ പ്രൊഫ. പി.ഗൗരി തുടങ്ങി നിരവധിപേർ പങ്കെടുത്തു. മന്ത്രി ജലീലിനൊപ്പം വേദി പങ്കിട്ടതിന് നടപടി നേരിട്ട ലീഗിന്റെ പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് മിഥുന ഐക്കരപ്പടിയിലും വനിതാലീഗ് നേതാവും വളാഞ്ചേരി മുനിസിപ്പൽ ചെയർപേഴ്‌സണുമായിരുന്ന എം. ഷാഹിന മലപ്പുറത്തും പങ്കെടുത്തു. ഇരുവർക്കുമെതിരെ നടപടിയെടുക്കുമെന്ന് മുസ്ലിം ലീഗ് അറിയിച്ചു.