മലപ്പുറം: മുഴുവൻ മുസ്ലിം ജനവിഭാഗത്തിന്റെയും മതകാര്യങ്ങളിലെ സംരക്ഷകരാവേണ്ടതിന് പകരം സമസ്ത മുസ്ലിം ലീഗിന്റെ കുഴലൂത്തുകാരായി മാറുന്നെന്ന് മന്ത്രി കെ.ടി ജലീൽ പറഞ്ഞു. വനിതാമതിലിന്റെ ഭാഗമായി മലപ്പുറം സിവിൽസ്റ്റേഷന് മുന്നിൽ പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമസ്തയുടെ എല്ലാ അന്തസും അവർ തകർത്തുകൊണ്ടിരിക്കുന്നു. വനിതാമതിലിൽ പങ്കെടുക്കരുതെന്ന് മതവിധി പുറപ്പെടുവിച്ചിട്ടും പതിനായിരക്കണക്കിന് മുസ്ലിം സ്ത്രീകളാണ് മതിലിന്റെ ഭാഗമായത്. സമസ്തയുടെ വാക്കിന് പുല്ലുവില പോലും കൽപ്പിക്കാതെയാണ് അവരെല്ലാം റോഡിലിറങ്ങിയത്. വനിതാമതിലിനെതിരെ മുസ്ലിം ലീഗ് വനിതകളുടെ മതേതരകൂട്ടായ്മ സംഘടിപ്പിച്ചപ്പോൾ അതിൽ പങ്കെടുക്കരുതെന്ന് എന്തുകൊണ്ടാണ് സമസ്ത മുസ്ലിം സ്ത്രീകളോട് പറയാതിരുന്നത്. ലീഗിലാവുമ്പോൾ എന്തുമാവാം. ലീഗിന് പുറത്തായാൽ അതൊന്നും പാടില്ലെന്ന രണ്ട് സമീപനം സ്വീകരിക്കരുത്. ഇടതുപക്ഷത്തിന്റെ ജാഥയിൽ സ്ത്രീകൾ അണിനിരന്നാൽ മതവിരുദ്ധം. ലീഗിന്റെയാത്രകളിൽ സ്റ്റേജിൽ വന്നു പോലും പങ്കെടുക്കാം. ഇത് മതം അനുവദിക്കുന്ന കാര്യവും. ഈ ഇരട്ടത്താപ്പ് സമസ്ത ഒഴിവാക്കണം. മുസ്ലിം ലീഗിന്റെ വാലാട്ടികളായി സമസ്ത മാറരുത്. ലീഗ് ആടാൻ പറഞ്ഞാൽ ആടുകയും പാടാൻ പറയുമ്പോൾ പാടുകയും ചെയ്യുന്ന പോഷകസംഘടനയാവരുത്. താനിരിക്കുന്ന സ്ഥാനത്ത് താനിരുന്നാൽ എല്ലാവരും അവരെ ബഹുമാനിക്കും. ഇരുന്നില്ലെങ്കിൽ അവിടെ കയറിയിരിക്കുന്നത് ആരായിരിക്കുമെന്ന് ബന്ധപ്പെട്ട നേതാക്കൾ ആലോചിക്കുന്നത് ഉചിതമാവുമെന്നും മന്ത്രി കെ.ടി. ജലീൽ പറഞ്ഞു.