മലപ്പുറം: കനകദുർഗയെ ശബരിമലയിൽ പ്രവേശിപ്പിച്ചതിനു പിന്നിൽ സി.പി.എമ്മും കോട്ടയം എസ്.പി ഹരിശങ്കറുമാണെന്ന് കുടുംബത്തിന്റെ ആരോപണം. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കനകദുർഗയുടെ സഹോദരൻ ഭരത് ഭൂഷൺ പറഞ്ഞു. നേരത്തേ മല കയറാനാകാതെ മടങ്ങേണ്ടിവന്ന കനകദുർഗയെ കണ്ണൂരിലാണ് ഒളിപ്പിച്ചിരുന്നതെന്നും സി.പി.എം നേതാക്കൾ തന്നെ പലവട്ടം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ, അയ്യപ്പദർശന ശ്രമത്തിനിടെ പ്രതിഷേധം കാരണം മടങ്ങേണ്ടിവരികയും ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത കനകദുർഗയെ വീട്ടിലേക്ക് തിരിച്ചെത്തിക്കാൻ സാഹചര്യം ഒരുക്കാമെന്ന് സി.പി.എം അരീക്കോട് ഏരിയാ സെക്രട്ടറി ഭാസ്കരൻ പറഞ്ഞിരുന്നു. റിട്ട. എസ്.ഐ ആയ അദ്ദേഹമാണ് കോട്ടയം എസ്.പിയെ ഫോണിൽ ബന്ധപ്പെടുത്തി തന്നത്. തൃശൂരിൽ എത്താനായിരുന്നു നിർദ്ദേശം. പത്തു മിനിട്ടിനകം നിലപാടു മാറ്റിയ എസ്.പി, തത്കാലം കനകദുർഗയെ വീട്ടുകാർക്കൊപ്പം വിടാനാവില്ലെന്ന് അറിയിച്ചു. പിന്നീട് പല തവണ ഫോൺ ചെയ്തെങ്കിലും കനകദുർഗ എവിടെയാണെന്നു പോലും പറയാൻ തയ്യാറായില്ല. എസ്.പിയുടെ വ്യക്തമായ താത്പര്യം ഇതിലുണ്ട്. ഇക്കാര്യങ്ങൾ നിഷേധിച്ചാൽ തെളിവായി ശബ്ദരേഖകൾ കോടതിയിൽ ഹാജരാക്കാമെന്നും ഭരത് ഭൂഷൺ പറഞ്ഞു. സഹോദരി ചെയ്തത് അംഗീകരിക്കാൻ കഴിയില്ല. ഇടതുപക്ഷ കുടുംബമാണെങ്കിലും ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണമെന്നാണ് തന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. കനകദുർഗയുമായി
അവസാനം സംസാരിച്ചത് നാലു ദിവസം മുമ്പാണെന്നും, വീട്ടിലേക്കു തിരിച്ചു വരികയാണെന്ന് ഉറപ്പു പറഞ്ഞിരുന്നതായും സഹോദരി രാജലക്ഷ്മി പറഞ്ഞു. വാട്സ് ആപ്പ് വോയ്സ് കോളിൽ ആണ് സംസാരിച്ചത്. ആദ്യം ഫോണെടുത്തത്
കനകദുർഗയ്ക്കൊപ്പം മല കയറിയ ബിന്ദുവാണ്. ഇനിയും പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് കനകദുർഗയോടു പറഞ്ഞപ്പോൾ ഇല്ലെന്നും വീണ്ടും മലയ്ക്കു പോകില്ലെന്നും പറഞ്ഞു. കനകദുർഗയുടെ ഇരട്ടക്കുട്ടികളുടെ കാര്യം പറഞ്ഞപ്പോൾ അമ്മമാരില്ലാതെയും കുട്ടികൾ വളരുന്നില്ലേ എന്നായിരുന്നു മറുപടിയെന്നും രാജലക്ഷ്മി പറഞ്ഞു.
തിരുവനന്തപുരത്തേക്ക് എന്നു പറഞ്ഞ് കഴിഞ്ഞ 21ന് വൈകിട്ടാണ് അങ്ങാടിപ്പുറത്തെ ഭർതൃവീട്ടിൽ നിന്ന് കനകദുർഗ ഇറങ്ങിയത്. 24ന് ശബരിമലയിൽ ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കനകദുർഗ പിന്നീട് അപ്രത്യക്ഷയായി. തിരോധാനത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ മലപ്പുറത്ത് വാർത്താസമ്മേളനം നടത്തുകയും കനകദുർഗയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് കൃഷ്ണനുണ്ണി പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതേത്തുടർന്ന്, പൊലീസ് സംരക്ഷണത്തിൽ ഒരു സുഹൃത്തിന്റെ വീട്ടിലാണെന്നു കാണിച്ച് കനകദുർഗ ഫേസ്‌ബുക്ക് ലൈവിലൂടെ രംഗത്തെത്തിയിരുന്നു.
പ്രതിഷേധം ഭയന്ന് കനകദുർഗയുടെ അരീക്കോട്ടെ തറവാടിനും അങ്ങാടിപ്പുറത്തെ വീടിനും പൊലീസ് കാവൽ ഏർപ്പെടുത്തി. വൈകിട്ട് അങ്ങാടിപ്പുറം ജംഗ്ഷനിൽ ദേശീയപാത ഉപരോധിച്ച ബി.ജെ.പി പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.