പെരിന്തൽമണ്ണ: കനകദുർഗ്ഗ ശബരിമല ദർശനം നടത്തിയ വിവരം പുറത്തുവന്നതിനെ തുടർന്ന് അങ്ങാടിപ്പുറത്ത് സംഘർഷാവസ്ഥ. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെ കിഴക്കേ നടയ്ക്ക് സമീപത്തെ യുവതിയുടെ വീടിന് മുന്നിൽ രാവിടെ എട്ടരയോടെ പെരിന്തൽമണ്ണ സി.ഐ ടി.എസ് ബിനുവും സംഘവും സുരക്ഷയൊരുക്കി നിലയുറപ്പിച്ചിരുന്നു. വീട്ടിലുണ്ടായിരുന്ന കനകദുർഗ്ഗയുടെ ഭർത്താവും അമ്മയും ബന്ധുവീട്ടിലേക്ക് മാറി. വിവരമറിഞ്ഞ് കൂടുതൽ പ്രതിഷേധക്കാർ അങ്ങാടിപ്പുറത്തേക്കെത്തി. സംഘപരിവാർ പ്രവർത്തകർ തടിച്ചുകൂടിയതോടെ പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ കീഴിലെ എടക്കര, നിലമ്പൂർ, കാളികാവ് സ്റ്റേഷനുകളൊഴികെയുള്ള ഇടങ്ങളിലെ സി.ഐമാരുടെയും എസ്.ഐമാരുടെയും നേതൃത്വത്തിൽ ആംഡ് പൊലീസ് ബറ്റാലിയൻ ഉൾപ്പെടെ വൻ പൊലീസ് സംഘവും അങ്ങാടിപ്പുറത്തെത്തി. മൂന്ന് മണിയോടെ സംഘപരിവാർ പ്രവർത്തകർ പ്രതിഷേധ പ്രകടനം ആരംഭിച്ചു. വനിതാമതിൽ പ്രചാരണത്തിനായി ഒരുക്കിയിരുന്ന ബോർഡുകളും ബാനറുകളും കൊടിമരങ്ങളും വ്യാപകമായി നശിപ്പിച്ചിരുന്നു. അങ്ങാടിപ്പുറം തളി ജംഗ്ഷനിലെത്തിയ പ്രതിഷേധക്കാർ റോഡ് ഉപരോധിക്കുകയും മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു.പ്രതിഷേധക്കാർ വാഹനങ്ങൾക്കും മറ്റും നേരെ തിരിയാൻ തുടങ്ങിയതോടെ പൊലീസ് ഇടപെട്ടു. വീണ്ടും പ്രവർത്തകർ കനകദുർഗ്ഗയുടെ വീടിന്റെ ഭാഗത്തേക്ക് ലക്ഷ്യം വച്ച് നീങ്ങി. തിരുമാന്ധാംകുന്ന് ക്ഷേത്ര കവാടം കടന്നതോടെ പൊലീസ് ബലം പ്രയോഗിച്ച് പ്രകടനം തടഞ്ഞു. അരമണിക്കൂറോളം നാടകീയ രംഗങ്ങൾക്കൊടുവിൽ പൊലീസ് ശക്തമായി ഇടപെടും എന്ന ഘട്ടത്തിൽ സംഘപരിവാർ നേതാക്കൾ ഇടപെടുകയും അണികളെ ശാന്തരാക്കി പ്രകടനം പിരിച്ചുവിടുകയും ചെയ്തു. പിരിഞ്ഞ് പോയ ചില പ്രവർത്തകർ കനകദുർഗ്ഗയുടെ വീട്ടിലേക്ക് പോകാൻ ശ്രമിക്കുന്നുണ്ടെന്നറിഞ്ഞതോടെ യുവതിയുടെ വീടിന്റെ സമീപത്ത് എത്തിച്ചേരാവുന്ന എല്ലാ വഴികളിലും ശക്തമായ കാവൽ ഏർപ്പെടുത്തി. ഇതോടെ പ്രവർത്തകൾ പിന്തിരിഞ്ഞു. രാത്രിയിലും ഒരു എസ്.ഐയുടെ നേതൃത്വത്തിൽ സായുധ പൊലീസ് സംഘത്തെ വീടിന് സംരക്ഷണമൊരുക്കാൻ ചുമതപ്പെടുത്തിയതായി പെരിന്തൽമണ്ണ സി.ഐ ടി.എസ്.ബിനു പറഞ്ഞു.