മഞ്ചേരി:പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കുപ്പു ദേവരാജനും അനിതയും കൊല്ലപ്പെട്ട ശേഷം പിറകോട്ടു പോയ മാവോവാദികളുടെ സാന്നിദ്ധ്യം ജില്ലാ അതിർത്തിയിലെ നിലമ്പൂർ കാടുകളിൽ വീണ്ടും സജീവമാകുന്നു. സംഘടന താത്പര്യങ്ങൾ പ്രത്യക്ഷ രാഷ്ട്രീയത്തിൽ അടയാളപ്പെടുത്തുന്ന മാവോവാദികളുടെ നീക്കം ശ്രദ്ധേയമാണ്.
വഴിക്കടവിലടക്കം മാവോയിസ്റ്റ് പ്രവർത്തകർ നേരിട്ടെത്തി ലഘുലേഖകളും പോസ്റ്ററുകളും പ്രചരിപ്പിക്കുന്നത് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മുൻനിറുത്തിയാണെന്നതാണ് ശ്രദ്ധേയം. ഇടതു സംഘടനകളുടെ നേതൃത്വത്തിലുള്ള വനിതാമതിലിനെ വർഗ്ഗീയ മതിലെന്നു വിശേഷിപ്പിക്കുന്ന പോസ്റ്ററുകൾ കഴിഞ്ഞ ദിവസം വഴിക്കടവിനു സമീപത്തെ മഞ്ചക്കോട്ട് മാവോയിസ്റ്റ് ലേബലിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ശബരിമലയിലെത്തുന്ന യുവതികൾക്ക് സർക്കാർ സംരക്ഷണം ഉറപ്പുവരുത്താത്തതിനെതിരെയും വനിതകളെ തടയുന്ന ആർ.എസ്.എസ് നിലപാടിനെതിരെയുമുള്ള പരാമർശങ്ങളും പോസ്റ്ററിലുണ്ടായിരുന്നു. വനിതാ മതിൽ വർഗ്ഗീയ ചേരിതിരിവിന് ഇടയാക്കുമെന്ന് പോസ്റ്ററിൽ പറയുന്നു. സർക്കാർ പണം വനിതാ മതിലിനായി ചെലവഴിക്കുന്നതായും പോസ്റ്ററിൽ ആരോപിക്കുന്നുണ്ട്.
ഭൂപ്രഭുത്വ മൂലധന ശക്തികൾക്കുവേണ്ടി ഭരണകൂട ഭീകരത അഴിച്ചുവിടുന്ന ബ്രാഹ്മണിക്കൽ ഹിന്ദുത്വ ഫാസിസത്തിനെതിരെ ഒന്നിക്കണമെന്നും പോസ്റ്ററിൽ ആഹ്വാനമുണ്ട്. പോസ്റ്ററുകൾ പ്രതൃക്ഷപ്പെട്ടതോടെ പൊലീസും തണ്ടർബോൾട്ടും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. ഇതിനിടെയാണ് വഴിക്കടവ് തണ്ണിക്കടവ് കല്ലായ്പൊട്ടിയിൽ വനാതിർത്തിയിലെ സുബൈറിന്റെ വീട്ടിൽ തിങ്കളാഴ്ച രാത്രി ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തിയത്. മൂന്നംഗ സംഘത്തിലെ രണ്ടുപേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വയനാട് സ്വദേശി സോമനും പൊള്ളാച്ചി സ്വദേശി സന്തോഷുമാണ് സംഘത്തിലെ രണ്ടുപേരെന്ന് പൊലീസ് പറയുന്നു.
ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. തൊട്ടടുത്ത തോട്ടത്തിൽ കൂടുതൽ പേർ ഉണ്ടായിരുന്നെന്ന സംശയം പൊലീസിനുണ്ട്.മഞ്ചക്കോട് പോസ്റ്ററുകൾ പതിച്ചത് തങ്ങളാണെന്നും ഇവർ സുബൈറിനോട് വെളിപ്പെടുത്തി.
എന്നാൽ പ്രമുഖ നേതാക്കളുടെ മരണത്തിനു ശേഷം മാവോവാദികൾ ശക്തമായ തിരിച്ചടിക്കു കോപ്പു കൂട്ടുന്നു എന്ന ദിശയിലാണ് അന്വേഷണ സംഘങ്ങൾ പ്രതിരോധം ശക്തമാക്കുന്നത്. പ്രതിരോധത്തിനു നടപടികളായെന്നു പറയുന്നുണ്ടെങ്കിലും എല്ലാ നിരീക്ഷണ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി മാവോവാദികൾ നേരിട്ട് ആദിവാസി കോളനികളിലും ജനങ്ങൾക്കിടയിലേക്കും എത്തുന്നത് സർക്കാർ നീക്കങ്ങൾക്കു തിരിച്ചടിയാവുകയാണ്. 12 അംഗങ്ങൾ അടങ്ങിയ സംഘം ആയുധങ്ങളുമായി വയനാട് ഭാഗത്തേക്ക് നീങ്ങിയതായി ആദിവാസികൾ അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ അന്വേഷണങ്ങൾ നടക്കുന്നതിനിടെയാണ് വഴിക്കടവിൽ സംഘത്തെ കാണുന്നത്.
വനിതാമതിലടക്കമുള്ള സാമൂഹ്യ വിഷയങ്ങളിൽ നേരിട്ടു ഇടപെട്ടാണ് മാവോവാദികൾ രംഗത്തെത്തുന്നതെന്നത് ഗൗരവതരമായിട്ടാണ് ഭരണകർത്താക്കൾ കാണുന്നത്.