തേഞ്ഞിപ്പലം: ഒരു നാട് എന്നും നടുക്കുന്ന നൊമ്പരമായി ഓർമ്മയിൽ സൂക്ഷിക്കുന്ന അസ്ന ലുലുവിന്റെ വേർപാടിന് എട്ട് വർഷത്തിന് ശേഷം, അന്നാ ദുരന്തത്തിന്റെ കണ്ണീരിൽ ഉയർന്ന പാത്തിക്കുഴി പാലം യാഥാർത്ഥ്യത്തിലേക്ക്. സ്കൂൾ വിട്ട് വൈകുന്നേരം കൂട്ടുകാരികൾക്കൊപ്പം പോവുന്നതിനിടെയാണ് അസ്ന ലുലു മറ്റ് രണ്ട് പെൺകുട്ടികൾക്കൊപ്പം പുത്തൂർ പാത്തിക്കുഴി വലിയതോടിലെ ഒഴുക്കിൽപ്പെട്ടത്. പുത്തൂർ പള്ളിക്കൽ വി.പി.കെ.എം.എച്ച്.എസ് വിദ്യാർത്ഥികളായിരുന്നു ഇവർ. നടന്ന് പോവാനായി സ്ഥാപിച്ച മരക്കഷ്ണത്തിലൂടെ മൂന്ന് പേരും തോട് മുറിച്ച് കടക്കവേയാണ് കാൽ വഴുതിവീണത്. രണ്ട് പേർ രക്ഷപ്പെട്ടെങ്കിലും അസ്ന ലുലു ഒഴുക്കിൽ പെട്ട് മരിച്ചു. മൂന്ന് ദിവസം കഴിഞ്ഞാണ് മൃതദേഹം ലഭിച്ചത്.
തുടർന്നാണ് പാലം എന്ന ആശയം മുന്നോട്ടുവയ്ക്കപ്പെട്ടത്.കെ.എൻ.എ. ഖാദർ എം.എൽ.എയായിരിക്കെയാണ് പാലത്തിന് അനുമതിയായത്.
17 കോടി ചെലവ് വരുന്നതിനാൽ എസ്റ്റിമേറ്റും ടെൻഡറും പല തവണ മാറ്റേണ്ടി വന്നു. സാങ്കേതിക തടസം കാരണം നീണ്ട് പോയ പാലവും അപ്രോച്ചു റോഡും ഇപ്പോൾ ഉദ്ഘാടനത്തിനൊരുങ്ങിയിരിക്കുകയാണ്.