മലപ്പുറം: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താലിൽ വ്യാപക അക്രമങ്ങൾ. ഹർത്താൽ പൂർണ്ണമായിരുന്നു. പൊന്നാനിയിൽ ഹർത്താൽ അനുകൂലികളുമായുണ്ടായ സംഘർഷത്തിൽ എസ്.ഐ അടക്കം നാല് പൊലീസുകാർക്ക് പരിക്കേറ്റു. വിവിധയിടങ്ങളിലായി നിരവധി ബി.ജെ.പി പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലിട്ടു. തവനൂരിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ടു. അർദ്ധരാത്രി രണ്ടോടെയാണ് ഓഫീസ് കത്തുന്നത് ശ്രദ്ധയിൽപ്പെട്ടതെന്ന് സമീപവാസികൾ പറഞ്ഞു. പ്രദേശത്ത് സി.പി.എം പ്രവർത്തകർ സംഘടിച്ചതും സംഘർഷഭീതിയുയർത്തി. ഇരുനില കെട്ടിടത്തിന്റെ താഴത്തെ നില പൂർണ്ണമായും കത്തിനശിച്ചു. ടി.വിയും ഫർണ്ണിച്ചറും രേഖകളും നഷ്ട്പപെട്ടു. ഓഫീസിലുണ്ടായിരുന്ന അമ്പതോളം കസേരകൾ കാണാനില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. രണ്ടാംനിലയിലെ ഗ്ലാസ് ചില്ലുകൾ പൂർണ്ണമായും തകർന്ന നിലയിലാണ്.
ജില്ലയിൽ എടപ്പാളിലാണ് വലിയതോതിൽ സംഘർഷമുണ്ടായത്. രാവിലെ ഒമ്പതോടെ നഗരത്തിൽ ഇരുവിഭാഗം പ്രവർത്തകരും മണിക്കൂറുകളോളം നേർക്കുനേർ സംഘടിച്ചതോടെ വലിയ സംഘർഷാവസ്ഥ രൂപപ്പെട്ടു. കടകൾ തുറക്കാൻ ഒരുവിഭാഗം വ്യാപാരികൾ ശ്രമിച്ചതോടെ സംഘടിച്ചെത്തിയ ബി.ജെ.പി പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടു. ലോറിയും കടകളും ആക്രമിച്ചു. ലോറി ഡ്രൈവർക്ക് കല്ലേറിൽ പരിക്കേറ്റു. ഇരുന്നൂറിലധികം ഹർത്താലനുകൂലികൾ മുദ്രാവാക്യങ്ങൾ മുഴക്കി നഗരത്തിൽ നിലയുറപ്പിച്ചതോടെ കടകൾ തുറന്ന വ്യാപാരികൾക്ക് പിന്തുണയുമായി സി.പി.എം പ്രവർത്തകരും രംഗത്തെത്തി. ഇരു വിഭാഗവും നേർക്കുനേർ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പോർവിളിച്ചു. ഇത് ഉന്തും തള്ളിലേക്കും നീങ്ങിയതോടെ പൊലീസ് ലാത്തി വീശി. നാല് തവണ ഗ്രനേഡും പ്രയോഗിച്ചു. അക്രമത്തിൽ നാല് പൊലീസുകാരടക്കം ഇരുപതോളം പേർക്ക് പരിക്കേറ്റു. പന്ത്രണ്ട് ഇരുചക്രവാഹനങ്ങൾ തകർത്തു. ചങ്ങരംകുളത്ത് നിന്ന് അമ്പതോളം ബൈക്കുകളിൽ മുദ്രാവാക്യം വിളിച്ച് ആർ.എസ്.എസ് പ്രവർത്തർ കൂടി എത്തിയതോടെ പൊലീസിന്റെ നിയന്ത്രണംനഷ്ടപ്പെട്ടു. സി.പി.എം പ്രവർത്തകർ കൂട്ടത്തോടെ ബൈക്ക് സംഘത്തെ ആക്രമിച്ചതോടെ ഇരു പാർട്ടിക്കാരും തമ്മിൽ കൂട്ടത്തല്ല് നടന്നു. ഈ സമയം അക്രമികൾ ടൗണിൽ അഴിഞ്ഞാടി. ഇതോടെയാണ് പൊലീസ് നാലു തവണ ഗ്രനേഡ് പ്രയോഗിച്ചത്. ഇരുമ്പ് പൈപ്പ്, കല്ല്, പട്ടിക, ചങ്ങല എന്നിവ കരുതിക്കൊണ്ടു വന്നായിരുന്നു ഇരുകൂട്ടരും ഏറ്റുമുട്ടിയത്. കല്ലേറ് വീണ്ടും തുടർന്നതോടെ നാല് തവണ പൊലീസ് ലാത്തിച്ചാർജും നടന്നു. പരിക്കേറ്റവർ എടപ്പാളിലെയും പൊന്നാനിയിലെയും ആശുപത്രിയിൽ ചികിത്സയിലാണ്.
കുറ്റിപ്പുറം നടുവട്ടം മാണിയങ്കാട് സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസായ നായനാർ സ്മാരക മന്ദിരത്തിന്റെ ജനൽചില്ലുകൾ കല്ലേറിൽ തകർന്നു. ബുധനാഴ്ച്ച രാത്രി നടന്ന സംഭവം ഇന്നലെ രാവിലെയാണ് ശ്രദ്ധയിൽപെട്ടത്. കുറ്റിപ്പുറം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എറിയാൻ ഉപയോഗിച്ച കരിങ്കൽ കഷ്ണങ്ങളും സമീപത്ത് നിന്ന് കണ്ടെത്തി. ചങ്ങരംകുളത്ത് സി.പി.എം ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് പ്രവർത്തകർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സംഘർഷ സാദ്ധ്യത ഉടലെടുത്തതോടെ പൊലീസ് സന്നാഹമെത്തിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. ചങ്ങരംകുളത്ത് കെ.എസ്.ആർ.ടി.സിക്ക് നേരെയും കല്ലേറുണ്ടായി.
പൊന്നാനിയിൽ ഹൈവേയിൽ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാറിന് നേരെ കല്ലേറുണ്ടായി. ഇതിൽ മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു. ചമ്രവട്ടം ജംഗ്ഷനിൽ തുറന്ന കടകൾ അടപ്പിക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ഹർത്താൽ അനുകൂലികൾക്ക് നേരെ പൊലീസ് ലാത്തിവീശി. മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഹർത്താൽ ആഹ്വാനം തളളിക്കളഞ്ഞ് കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ നേരത്തെ അറിയിച്ചിരുന്നു. പെരിന്തൽമണ്ണ നഗരത്തിലും അങ്ങാടിപ്പുറത്തും ഹർത്താൽ അനുകൂലികൾ പ്രകടനം നടത്തിയതോടെ തുറന്ന കടകൾ വ്യാപാരികൾ അടച്ചു. വളാഞ്ചേരി നഗരത്തിൽ ബി.ജെ.പി പ്രവർത്തകരും സി.പി.എമ്മുകാരും നേർക്കുനേർ പോർവിളിച്ചതോടെ പൊലീസെത്തി പ്രവർത്തകരെ പിന്തിരിപ്പിച്ചു.
രാവിലെ മലപ്പുറം നഗരം സജീവമായിരുന്നു. സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും സർവീസ് നടത്തി. പ്രധാനമായും ചെറിയ ബസുകളാണ് സർവീസ് നടത്തിയത്. സംഘർഷം ഉടലെടുത്തതോടെ ബസുകൾ സർവീസ് അവസാനിപ്പിച്ചു. കോട്ടപ്പടിയിൽ വാദ്യഘോഷങ്ങളോടെ ജ്വല്ലറിയുടെ ഉദ്ഘാടനം നടത്തിയത് വേറിട്ട കാഴ്ച്ചയായി. നേരത്തെ പ്രഖ്യാപിച്ച ചടങ്ങിന്റെ ഉദ്ഘാടകൻ പാണക്കാട് റഷീദലി തങ്ങളായിരുന്നു. രാമപുരത്ത് സർവീസ് നടത്തിയ സ്വകാര്യബസ് ഡ്രൈവറെ ഹർത്താൽ അനുകൂലികൾ കൈയേറ്റം ചെയ്തു. പുലർച്ചെ നാലോടെ കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ മങ്കടയ്ക്കടുത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബസിന്റെ ചില്ല് ഹർത്താൽ അനുകൂലികൾ എറിഞ്ഞു തകർത്തു. ഇവിടെ റോഡിലുണ്ടാക്കിയ തടസ്സം പൊലീസ് നീക്കം ചെയ്തു. മഞ്ചേരിയിൽ അക്രമം നടത്തിയ രണ്ട് ബി.ജെ.പി പ്രവർത്തകരെ മഞ്ചേരി എസ്.ഐയും സംഘവും പിടികൂടി. മഞ്ചേരി കരുവമ്പ്രം സ്വദേശി സത്യൻ, മേലാക്കം സ്വദേശി രാജഗോപാലൻ എന്നിവരെയാണ് രാവിലെ എട്ടോടെ പിടികൂടിയത്. ഇതിനു നൂറു മീറ്റർ അകലെ രാവിലെ 6.15ന് ചരക്കുലോറിക്കു നേരെ കല്ലേറുണ്ടായിരുന്നു. ഹെൽമറ്റ് ധരിച്ച് മതിലിനു സമീപം ഒളിഞ്ഞിരുന്ന അക്രമി ലോറി കണ്ടയുടനെ പുറത്തിറങ്ങി കല്ലെറിയുകയായിരുന്നു. മൈസൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പഴക്കുലകളുമായി പോവുകയായിരുന്ന ലോറി. ഡ്രൈവറുടെ ഭാഗത്തെ ചില്ല് തകർന്നിട്ടുണ്ട്.
മഞ്ചേരിയിൽ രാവിലെ ചില കടകൾ അടപ്പിച്ചെങ്കിലും വ്യാപാരി സംഘടനാ നേതാക്കളുടെ നിർദ്ദേശത്തെ തുടർന്ന് കടകൾ വീണ്ടും തുറന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. മാർക്കറ്റും പ്രവർത്തിച്ചു. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള മഞ്ചേരി എട്ടിയോട്ട് അയ്യപ്പക്ഷേത്രം ശബരിമല കർമ്മസമിതി പ്രവർത്തകർ പിടിച്ചെടുത്തു. ശ്രീകോവിലിന് മുന്നിൽ കൊടിനാട്ടി. വഴിപാട് കൗണ്ടറുകൾ പൂട്ടിയിട്ടു. ദേവസ്വം ജീവനക്കാരെ പുറത്താക്കി. എടക്കര പോത്തുകല്ലിൽ കരുതൽ നടപടിയുടെ ഭാഗമായി എട്ട് ബി.ജെ.പി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. രാവിലെ ജില്ലയിൽ മിക്കയിടങ്ങളിലും സ്വകാര്യ വാഹനങ്ങളും മിനി ബസുകളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയെങ്കിലും പ്രതിഷേധങ്ങൾ കനത്തതോടെ വാഹനങ്ങൾ നിരത്തിൽ നിന്നൊഴിഞ്ഞു. സംഘർഷം ശക്തമായതോടെ കെ.എസ്.ആർ.ടി.സ് സർവീസ് നടത്തിയില്ല. കടകൾ തുറന്നെങ്കിലും ഹർത്താൽ അനുകൂലികളുടെ പ്രകടനത്തിന് പിന്നാലെ നല്ലൊരു പങ്ക് കടകളുമടച്ചു. നഗരങ്ങൾ ശൂന്യമായതോടെ കച്ചവടവും തീരെ കുറഞ്ഞു.
പൊന്നാനി: ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ പൊന്നാനിയിൽ സംഘർഷം. കല്ലേറിൽ പൊന്നാനി എസ് ഐ ഉൾപ്പെടെ ഏഴ് പോലീസുകാർക്കും മാധ്യമ പ്രവർത്തകനും പരിക്ക്. രണ്ട് വാഹനങ്ങൾ തകർത്തു.നാല് പേർ അറസ്റ്റിൽ. പൊന്നാനി എസ് ഐ കെ നൗഫൽ, എ എസ് ഐ എം വി വാസുണ്ണി, പൊലീസുകാരായ ബാബുരാജ്, എ വി അഭിലാഷ്, രഞ്ജിത്, എം എസ് പിയിൽ നിന്നുള്ള അബ്ദുൽ റഷീദ്, നിതീഷ്, മാധ്യമ പ്രവർത്തകൻ ഹിമേഷ് മോഹൻ എന്നിവർക്കാണ് പരിക്കേറ്റത്. അക്രമവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. കടവനാട് തലക്കാട്ടിൽ ജിതിൻ (21), പുറങ്ങ് മാരാമുറ്റം കുവൂർ അജിത് (20), പൊന്നാനി എം എൽ എ റോഡിൽ മുരടായിൽ അക്ഷയ് (21), ഈഴുവത്തിരുത്തി തൊട്ടിവളപ്പിൽ മണികണ്ഠൻ (53) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.40 പേർക്കെതിരെ കേസ്സെടുത്തു. ബുധനാഴ്ച്ച കാലത്ത് പത്ത് മണിയോടെയാണ് സംഘർഷങ്ങളുടെ തുടക്കം.ചമ്രവട്ടം ജംഗ്ഷനിൽ തുറന്ന കടകൾ അടപ്പിക്കാൻ എത്തിയ സംഘപരിവാർ പ്രവർത്തകരെ പൊലീസ് വിരട്ടിയോടിച്ചു. തുടർന്ന് പ്രകടനമായി ചന്തപ്പടി ഭാഗത്തേക്ക് പോയ പ്രവർത്തകർ എവി ഹയർ സെക്കൻഡറി സ്ക്കൂളിനടുത്ത് വെച്ച് ആശുപത്രിയേക്ക് പോകുകയായിരുന്ന കുടുംബത്തിന്റെ കാർ തടഞ്ഞ് ചില്ല് തകർത്തു. പൊലീസ് ഇവരെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. ലാത്തിവീശിയും കണ്ണീർവാതകം പ്രയോഗിച്ചും പ്രതിഷേധക്കാരെ വിരട്ടിയോടിച്ചെങ്കിലും പൊലീസിനു നേരെ തുടർച്ചയായ കല്ലേറുണ്ടായി.മുഖം മറച്ചെത്തിയവരാണ് അക്രമം അഴിച്ചുവിട്ടത്.അര മണിക്കൂർ നേരം സംഘർഷം നീണ്ടുനിന്നു. പ്രതിഷേധക്കാരെ തടയാൻ പതിനഞ്ചിൽ താഴെ പൊലീസുകാർ മാത്രമാണ് ഉണ്ടായിരുന്നത്.പൊലീസിനെതിരായ അക്രമം തുടർന്നതോടെ പ്രതിഷേധക്കാരെ നേരിടാൻ നാട്ടുകാരും രംഗത്തിറങ്ങി.ഇതോടെയാണ് പ്രതിഷേധക്കാർ തിരിഞ്ഞോടിയത്. എസ് ഐ നൗഫലിന്റെ കൈക്കാണ് പരുക്കേറ്റത്. തലയ്ക്ക് കല്ലേറ് കൊണ്ട അഭിലാഷിന്റെയും രഞ്ജിത്തിന്റെ പരിക്ക് ഗുരുതരമാണ്.പൊന്നാനി താലൂക്ക് ആശുപത്രിയിൽ നിന്ന് ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാലത്ത് പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് വരികയായിരുന്ന ഡോ.സന്ദീപിന്റെ വാഹനം പുഴമ്പ്രത്തു വച്ച് തടയുകയും കാർ തകർക്കുകയും ചെയ്തു.
പെരിന്തൽമണ്ണ: ഹർത്താൽ ദേശീയപാതയിൽ പൂർണ്ണമായിരുന്നു. ഓട്ടോകളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. രാവിലെ പെരിന്തൽമണ്ണയിലെ കടകൾ പലതും തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയെങ്കിലും അങ്ങാടിപ്പുറത്ത് നിന്ന് സംഘപരിവാർ സംഘടനകളുടെ പ്രകടനമെത്തിയപ്പോൾ പല കടകളും അടച്ചു. ഹർത്താലിൽ കടകൾ തുറന്ന് പ്രവർത്തിക്കുന്നതിനായുള്ള വ്യാപാരികളുടെ സംയുക്ത യോഗം രാവിലെ ഒമ്പതിന് പെരിന്തൽമണ്ണ വ്യാപാരഭവനിൽ നടന്നു. ഹർത്താലിൽ കടകൾ തുറക്കാൻ സംരക്ഷണം ആവശ്യപെട്ടുകൊണ്ടും തുറന്ന കടകൾക്കും ജീവനക്കാർക്കും അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ടും വ്യാപാരി സമിതി അംഗങ്ങൾ നഗരത്തിൽ പ്രകടനം നടത്തി. അതേസമയം അങ്ങാടിപ്പുറം ടൗണിൽ കടകൾ ഒന്നും തുറന്നു പ്രവർത്തിച്ചില്ല. പഞ്ചായത്തിലെ പുത്തനങ്ങാടി, പരിയാപുരം തുടങ്ങി സ്ഥലങ്ങളിൽ ഹർത്താൽ ബാധിച്ചില്ല. മൂർക്കനാട്, മങ്കട, മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി, കുറുവ പഞ്ചായത്തുകളെയും ഹർത്താൽ കാര്യമായി ബാധിച്ചില്ല. ദേശീയപാതയിൽ രാമപുരത്ത് രാവിലെ ഒരു ടൂറിസ്റ്റ് ബസ്സിന് നേരെ കല്ലേറ് ഉണ്ടായതൊഴിച്ചാൽ പെരിന്തൽമണ്ണ താലൂക്കിൽ സമാധാനപരമായിരുന്നു ഹർത്താൽ.
തേഞ്ഞിപ്പലം: തേഞ്ഞിപ്പലം ആലുങ്ങലിൽ നാലു കടകൾക്ക് നേരെ അക്രമം .തുറന്ന് പ്രവർത്തിച്ച രണ്ട് കടകൾ ബലമായി അടപ്പിക്കുകയും നാല് കടകൾ ഭാഗികമായി തകർക്കുകയും ചെയ്തതായി വ്യാപാരികൾ ആരോപിച്ചു.
കണ്ണച്ചൻ തൊടി നസീറിന്റെ ഉടമസ്ഥതയിലുള്ള കെ.ടി വെജിറ്റബിൾ സ്റ്റോറും നിസാറിന്റെ എമാമ ബേക്കറിയുമാണ് അക്രമികൾ തകർത്തത്. യാതൊരു പ്രകോപനവുമില്ലാതെയാണ് തങ്ങളുടെ കടകൾ ആക്രമിച്ചതെന്ന് വ്യാപാരികൾ പറഞ്ഞു. അക്രമികളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ച ആലുങ്ങൽ സ്വദേശി ഇബത്തുൽ നൂറിനെ അടിച്ചോടിച്ചു. ഫോട്ടോ എടുക്കാൻ ശ്രമിച്ച തേഞ്ഞിപ്പലത്തെ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥനു നേരെയും കൈയേറ്റമുണ്ടായി. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ചേളാരി ബോട്ട്ലിംഗ് പ്ലാന്റ് ഭാഗികമായി പ്രവർത്തിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഹാജർ നില നന്നേ കുറവായിരുന്നു. സർവകലാശാല ഭാഗികമായി മാത്രമാണ് പ്രവർത്തിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും തേഞ്ഞിപ്പലം, പെരുവള്ളൂർ, ചേലേമ്പ്ര , പളളിക്കൽ എന്നിവിടങ്ങളിലെ പഞ്ചായത്ത് - വില്ലേജ് ഓഫീസുകൾ എന്നിവ പ്രവർത്തിച്ചില്ല. വ്യാപാര സ്ഥാപനങ്ങൾ ഹർത്താലിൽ തുറക്കുമെന്ന് വ്യാപാരി വ്യവസായി എകോപനസമിതി പ്രഖ്യാപിച്ചിരുന്നെങ്കിലും ചേളാരി, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കാക്കഞ്ചേരി , മൂന്നിയൂർ , ഇടിമുഴീക്കൽ, പടിക്കൽ എന്നിവിടങ്ങളിലെ വാണിജ്യ-വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു തന്നെ കിടന്നു. പള്ളിക്കൽ അങ്ങാടിയിൽ എല്ലാ കടകളും തുറന്ന് പ്രവർത്തിച്ചത് ശ്രദ്ധേയമായി.
എടക്കര: പാലുണ്ടയിലും എടക്കര ടൗണിലും ഹർത്താൽ നടന്നത് സമാധാനാന്തരീക്ഷത്തിൽ. മേഖലയിലെ എടക്കര, ചുങ്കത്തറ, വഴിക്കടവ്, മൂത്തേടം, പോത്തുകല്ല് എന്നീ അഞ്ച് ടൗൺ കേന്ദ്രങ്ങളിലും കടകമ്പോളങ്ങളും ചെറുകിട വ്യവസായ സംരംഭങ്ങളും തടസം കൂടാതെ തുറന്നു പ്രവർത്തിച്ചു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. പഞ്ചായത്താഫീസുകളിലും മറ്റു സർക്കാർ ഓഫീസുകളിലും ഹാജർ നില പതിവുപോലെയായിരുന്നു. രാവിലെ 10ഓടെ ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ സംഘം ചേർന്ന് പാലുണ്ടയിൽ വാഹനങ്ങൾ തടഞ്ഞു. ടൗണിൽ കേന്ദ്രീകരിക്കാതെ വ്യാപാരസ്ഥാപനങ്ങൾ കുറഞ്ഞ പാലുണ്ടയിലാണ് പ്രവർത്തകർ രാവിലെ മുതൽ തമ്പടിച്ചത് . സമരാനുകൂലികൾ പാലുണ്ടയിൽ നിന്ന് പ്രകടനം ആരംഭിച്ചതോടെ എടക്കരയിൽ വ്യാപാരികളും നാട്ടുകാരും ഒരു ഭാഗത്ത് സംഘടിച്ചത് മേഖലയിൽ ആശങ്ക പടർത്തി. തുടർന്ന് എടക്കര പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി ടൗൺ ചുറ്റി പാലുണ്ടയിലേക്ക് തിരിച്ച് പോയി. ഇതോടെ എടക്കര ടൗണിലെ ചെറുതും വലുതുമായ മിക്ക കടകളും പ്രവർത്തന സജ്ജമായി. തൽസ്ഥിതി മറ്റു പഞ്ചായത്ത് കേന്ദ്രങ്ങളിലേക്കും വ്യാപിച്ചു. ചുങ്കത്തറയിലും വഴിക്കടവിലും പോത്തുക്കല്ലിലും കടകൾ തുറന്നു. വഴിക്കടവിൽ യുവമോർച്ച സംസ്ഥാന സെക്രട്ടറി അജി തോമസ് അടക്കം അഞ്ചോളം പ്രവർത്തകരെയും പോത്തുകല്ലിൽ പഞ്ചായത്ത് നേതാക്കളായ സുരേഷ് ബാബു,അശോക് കുമാർ തുടങ്ങിയ എട്ടോളം പേരെയും പൊലീസ് കരുതൽ തടങ്കലിൽ വച്ചു.
രാവിലെ പ്രതിഷേധത്തെ തുടർന്ന് നിറുത്തിവച്ച കെ.എസ്.ആർ.ടി.സി ബസുകൾ വൈകിട്ട് നാലിന് ശേഷം സർവ്വീസ് പുനരാരംഭിച്ചു.
മഞ്ചേരി: ഹര്‍ത്താല്‍ മഞ്ചേരിയില്‍ ഭാഗികം. ഹര്‍ത്താലിനോട് പ്രതികൂല സമീപനമാണ് പൊതുവെ നഗരത്തിലുണ്ടായിരുന്നത്. മിക്ക വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചു. പൂര്‍ണ്ണമായല്ലെങ്കിലും സ്വകാര്യ ബസ്സുകളും നിരത്തിലിറങ്ങി. എന്നാല്‍ കെ.എസ്.ആര്.ടി.സി സര്‍വീസ് നടത്തിയില്ല. ഓട്ടോറിക്ഷകളും ടാക്സി വാഹനങ്ങളും സര്‍വീസിനെത്തി. എന്നാല്‍ യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. രാവിലെ 6.15-ാടെ കച്ചേരിപ്പടിയില്‍ ചരക്കു ലോറിക്കു നേരെ അക്രമമുണ്ടായി. മൈസൂരുവില്‍ നിന്നും കൊട്ടാരക്കരയിലേക്കു പഴങ്ങളുമായി പോവുകയായിരുന്ന ലോറിക്കു നേരെ അക്രമി സംഘം കല്ലെറിയുകയായിരുന്നു. കല്ലേറില്‍ വാഹനത്തിന്റെ ചില്ലു തകര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ മഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തു. ഹര്‍ത്താല്‍ അനുകൂലികള്‍ നഗരത്തില്‍ പ്രകടനം നടത്തി. വന്‍ പൊലീസ് സന്നാഹമാണ് പ്രകടന സമയത്ത് നഗരത്തില്‍ നിലയുറപ്പിച്ചിരുന്നത്. ഹര്‍ത്താലുമായി സഹകരിക്കില്ലെന്നു വ്യാപാരികള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. തുറന്നു പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്ക് സുരക്ഷയും പിന്തുണയും വാഗ്ദാനം ചെയ്ത് വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി തുടങ്ങിയ സംഘടനാ നേതാക്കളും നേരത്തെ തന്നെ നിലയുറപ്പിച്ചിരുന്നു. മഞ്ചേരി നിത്യ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനത്തെയും ഹര്‍ത്താല്‍ ബാധിച്ചില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും തുറന്നു പ്രവര്‍ത്തിച്ചു. എന്നാല്‍ ഹാജര്‍ നിലയില്‍ കുറവുണ്ടായി. മെഡിക്കല്‍ കോളേജില്‍ ചികില്‍സ തേടിയെത്തിയ രോഗികളും കുറവായിരുന്നു.
താനൂർ: ഹർത്താലിൽ ചിറയ്ക്കൽ ഭാഗത്ത് റോഡിൽ മരത്തടിയിട്ട് ഗതാഗത തടസം ഉണ്ടാക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെ ടി.സി.വി.ചാനൽ കാമറമാ൯ അതുൽ ആബ്ര, വെട്ടം ചാനൽ കാമറമാ൯ പി.ഷിജീഷ് എന്നിവർക്കു നേരെ ആക്രമണശ്രമം. ടി.സി.വി.ചാനൽ കാമറമാ൯ അതുൽ ആബ്ര, വെട്ടം ചാനൽ കാമറമാ൯ പി.ഷിജീഷ് എന്നിവരെയാണ് ആക്രമിക്കാ൯ ശ്രമിച്ചത്. ആക്രമികളുടെ മൊബൈലിൽ സൂക്ഷിച്ചിരുന്ന ഫോട്ടോകൾ കാട്ടി ഈ ആൾ ആണോ താൻ എന്ന് ചോദിച്ച് ജിജീഷിനെ ആക്രമിക്കാനൊരുങ്ങി. മാദ്ധ്യമപ്രവർത്തകർക്ക് നേരെ നടന്ന ഭീഷണിയിൽ താനൂർ പ്രസ് ഫോറം പ്രതിഷേധിച്ചു.ഹർത്താലനുകൂലികളുടെ പ്രകടനം വരുന്നതിനിടെ ബ്ലോക്കോഫീസ് പരിസരത്ത് വച്ച് യുവാവിന് മർദ്ദനമേറ്റു.തിരൂരിൽ ഇ൯ഡസ് ഇ൯ഡ് ബാങ്ക് ജീവനക്കാരനായ താമരശ്ശേരി സ്വദേശി നബീനാണ്(25)പരിക്കേറ്റത്. താമരശ്ശേരിയിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് നിറുത്തി മൊബൈലിൽ സംസാരിച്ചത് ദൃശ്യങ്ങൾ പകർത്താനാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു മർദ്ദനം. ഇദ്ദേഹത്തെ നാട്ടുകാർ തിരൂർ ഗവ. ജില്ലാ ആശുപത്രിയിൽ എത്തിച്ചു. കാളാട് പള്ളിപ്പടിയിലെ കുഞ്ഞാവയുടെ കട അടപ്പിക്കാ൯ വന്നവർ കടയിലെ ഗ്ലാസ് തകർത്തപ്പോൾ നാട്ടുകാർ സംഘടിക്കുകയും വന്ന വാഹനത്തിന്റെ ചാവി ഉൗരുകയും ചെയ്തു.സംഭവം അറിഞ്ഞ് നേതാക്കളെത്തി ഉടഞ്ഞ ഗ്ലാസിന്റെ നഷ്ടം തരാമെന്ന പറഞ്ഞു പ്രശ്നം തീർത്തു.