മഞ്ചേരി: മെഡിക്കൽ കോളേജിൽ ഭിന്നശേഷിക്കാർക്കുള്ള മെഡിക്കൽ ബോർഡ് പരിശോധനയ്ക്കു മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാവുന്നു. വിവിധയിടങ്ങളിൽ നടപടികൾക്കുള്ള സംവിധാനങ്ങൾ ഒരുക്കിയത് ഗുണഭോക്താക്കളെ വലയ്ക്കുന്നുണ്ട്. ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവർക്ക് അർഹമായ പരിഗണന അധികൃതർ നൽകുന്നില്ലെന്നതാണ് പ്രധാന പരാതി.
ഭിന്നശേഷിക്കാർക്ക് വിവിധ ആനുകൂല്യങ്ങൾക്കായുള്ള സാക്ഷ്യപത്രങ്ങൾ നൽകാൻ മെഡിക്കൽ ബോർഡ് ഏർപെടുത്തിയ സംവിധാനങ്ങളാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ വിമർശന വിധേയമാവുന്നത്. ആശുപത്രിയുടെ പഴയ ബ്ലോക്കിലാണ് മെഡിക്കൽ ബോർഡ് ചേരുന്നതും വിദഗ്ദ്ധ ഡോക്ടർമാർ പരിശോധിച്ച് സാക്ഷ്യപത്രം നൽകുന്നതും. ഇവയിൽ സീൽ പതിപ്പിക്കാൻ പരിശോധനാ സ്ഥലത്തു സംവിധാനമില്ല. ഓഫീസിലെത്തി വേണം സീൽ പതിപ്പിക്കാൻ. അവശതകൾ വലയ്ക്കുന്നവരെ ഒറ്റയ്ക്കു നിറുത്തിയാണ് കൂടെ വരുന്നവർ സീൽ പതിപ്പിക്കാൻ പോവുന്നത്. തിരക്കധികമാവുമ്പോൾ പെട്ടെന്ന് സീൽ ചെയ്തു കിട്ടാറുമില്ലെന്ന് ഗുണഭോക്താക്കളായ ഭിന്നശേഷിക്കാർ പറയുന്നു.
ശാരീരിക അവശതകൾ നേരിടുന്നവർക്ക് വീൽചെയർ സൗകര്യം പോലും ആവശ്യത്തിനു ലഭ്യമാവാറില്ല. ഭിന്നശേഷിക്കാർക്ക് അവശ്യം വേണ്ട സൗകര്യങ്ങൾ സ്വകാര്യ കെട്ടിടങ്ങളിൽ വരെ വേണമെന്നതു ചട്ടമാണെന്നിരിക്കെയാണ് സർക്കാർ മെഡിക്കൽ കോളേജിൽ ഈ ദുരവസ്ഥ. വിഷയത്തിൽ നിരന്തരം പരാതികൾ ഉയരുന്നുണ്ടെങ്കിലും ജനപ്രതിനിധികളിൽ നിന്നുപോലും കാര്യക്ഷമമായ ഇടപെടൽ ഉണ്ടാവുന്നില്ല എന്നതാണ് വസ്തുത.