fff
സുനിൽ കുമാർ കമ്മത്ത്

നിലമ്പൂർ: ചുങ്കത്തറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ കുമാർ കമ്മത്തിനെ ആളൊഴിഞ്ഞ വീട്ടിൽ ചാരായം വാറ്റുന്നതിനിടെ എക്സൈസ് അറസ്റ്റ് ചെയ്തു. ചാലിയാർ പെരുമുണ്ടയിലെ ഇയാളുടെ ഭാര്യയുടെ പേരിലുള്ള വീട്ടിൽ വച്ച് വ്യാഴാഴ്ച രാത്രിയാണ് ഇയാൾ പിടിയിലായത്. ഇവിടെ വെളിച്ചം കണ്ട് നാട്ടുകാരുടെ നേതൃത്വത്തിൽ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് എക്സൈസ് കമ്മിഷണറെ വിവരമറിയിച്ചു. നിലമ്പൂർ എക്സൈസ് ഇൻസ്പെക്ടർ കെ.ടി.സജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്. സ്വന്തം ആവശ്യത്തിനായി വാറ്റിയതാണെന്ന് പ്രതി മൊഴി നൽകിയതായി അധികൃതർ പറഞ്ഞു. 40 ലിറ്റർ വാഷും രണ്ട് ലിറ്റർ ചാരായവും കണ്ടെടുത്തിട്ടുണ്ട്. ഗ്യാസ് സിലിണ്ടർ,​ ഗ്യാസ് അടുപ്പ്, പ്രഷർ കുക്കർ , ബാരൽ, വെള്ളം തിളപ്പിക്കാനുള്ള പാത്രം, കൂളിംഗ് പൈപ്പ് എന്നിവയും പിടിച്ചെടുത്തു.