മലപ്പുറം: ശബരിമലയിൽ യുവതികൾ കയറിയതിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താലിൽ ജില്ലയിൽ ഇതുവരെ 20 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തു. മൊത്തം 167 പേരെയാണ് അറസ്റ്റ് ചെയ്തത്. എടപ്പാൾ, വളാഞ്ചേരി, പൊന്നാനി ഭാഗങ്ങളിലാണ് കൂടുതൽ അറസ്റ്റ്. എടപ്പാളിൽ ബി.ജെ.പി-സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ആകെ 33 പേരെ കസ്റ്റഡിയിലെടുത്തു. സംഭവദിവസം 19 പേരെ കസ്റ്റഡയിലെടുത്ത് ജാമ്യത്തിൽ വിട്ടിരുന്നു.
പൊന്നാനി എസ്.ഐ. കെ. നൗഫലിന്റെ കൈമുട്ട് അടിച്ചുപൊട്ടിച്ച സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 50 പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. പ്രകടനത്തിനിടെ നടന്ന കല്ലേറിൽ ഏഴ് പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. പുറത്തൂരിൽ രണ്ടുകടകൾക്ക് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ആക്രമണങ്ങൾ നടത്തിയതിന്റെ കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ് പൊലീസ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാവും. ഹർത്താൽ ദിനം രാത്രിയിൽ നടന്ന പരിശോധനയിലടക്കം 57 പേരെ പിടികൂടിയിരുന്നു. അതേസമയം കെ.എസ്.ആർ.ടി.സി. ബസുകൾക്ക് കേടുപാടു വരുത്തിയ ഇനത്തിൽ ജില്ലയിൽ 1.57 ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായിട്ടുണ്ട്.