ചമ്രവട്ടം: പൊന്നാനി -ബിയ്യം- പുളിക്കക്കടവ് തൂക്കുപാലം അപകടാവസ്ഥയിൽ. പാലത്തിന്റെ ഇരുമ്പു ഷീറ്റുകൾ പലതും ദ്രവിച്ച് തകർന്ന അവസ്ഥയിലായതാണ് അപകടഭീഷണിയുയർത്തുന്നത്. കൃത്യമായ അറ്റകുറ്റപ്പണി നടത്താത്തതാണ് പാലത്തിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണം. ദിവസേന നൂറുകണക്കിനാളുകൾ ഈ പാലത്തിലൂടെ യാത്രചെയ്യുന്നുണ്ട്. മാറഞ്ചേരി പഞ്ചായത്തിനെയും പൊന്നാനി നഗരസഭയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ബിയ്യം തൂക്കുപാലം അടിയന്തരമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ വലിയ അപകടത്തിനിടയാക്കുമെന്ന് ആശങ്കയുണ്ട്. അറ്റകുറ്റപ്പണികൾ എത്രയും പെട്ടെന്ന് നടത്തി ആശങ്ക അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഏഴ് കൊല്ലം മുമ്പാണ് തൂക്കുപാലം സ്ഥാപിച്ചത്. പൊന്നാനി നഗരസഭയെയും മാറഞ്ചേരി പഞ്ചായത്തിലെപപ്പായ് പ്രദേശത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് തൂക്കുപാലം. ഇവിടത്തുകാർക്ക് പൊന്നാനി നഗരസഭയിലേക്ക് എത്തിച്ചേരാനുള്ള എളുപ്പവഴിയാണിത്. നിലവിൽ പൊന്നാനി നഗരസഭയ്ക്കാണ് പാലത്തിന്റെ നടത്തിപ്പ് ചുമതല. നേരത്തെ ഡി.ടി.പി.സിക്കായിരുന്നു. ഓണക്കാലത്ത് ബിയ്യം കായലിൽ വള്ളംകളി ഉണ്ടാവുന്ന സമയത്ത് പാലം അറ്റകുറ്റപ്പണി നടത്താറുണ്ടായിരുന്നു.
ഇത്തവണ പ്രളയം കാരണം വള്ളംകളിയും അറ്റകുറ്റപ്പണിയും നടന്നില്ല. അതേ സമയം അറ്റകുറ്റപ്പണി വൈകാതെ നടത്തുമെന്നാണ് അധികൃതർ പറയുന്നത്.
പൊന്നാനി -ബിയ്യം- പുളിക്കക്കടവ് തൂക്കുപാലം അറ്റകുറ്റപ്പണി ഉടൻ നടത്തും. പാലത്തിനോട് ചേർന്ന് കായൽ ഭംഗി ആസ്വദിക്കാവുന്ന രീതിയിൽ മിനിപാർക്ക് നിർമ്മാണം നടക്കുന്നുണ്ട്. ഇതിന്റെ ആദ്യഘട്ടത്തിന്റെ ഭാഗമായുള്ള കിയോസ്ക് സ്ഥാപിക്കലും കട്ടവിരിക്കലുമാണ് ആദ്യഘട്ടമായി നടക്കുന്നത്.ഇത് തീരാറായിട്ടുണ്ട്. രണ്ടാംഘട്ട പ്രവൃത്തികൾക്കൊപ്പം പാലത്തിന്റെ അറ്റകുറ്റപ്പണിയും നടക്കും.
ഗണേണൻ
നഗരശഭ കൗൺസിലർ